അറ്റ് ലസ് രാമചന്ദ്രൻ ഏറെ ക്ഷീണിതനാണ്; മാനുഷിക പരിഗണനയെങ്കിലും കാണിക്കണമെന്ന് ഭാര്യ

0
617


രണ്ടര വർഷമായി ദുബായ് ജയിലിൽ കഴിയുന്ന അറ്റ്ലസ് ജ്വല്ലറി സ്ഥാപകൻ എം എം രാമചന്ദ്രന്റെ ആരോഗ്യനില ഏറെ മോശമാണെന്നും അദ്ദേഹം ജയിലിലായ അന്നുമുതൽ മോചനത്തിനായി താൻ മുട്ടാത്ത വാതിലുകളില്ലെന്നും ഭാര്യ ഇന്ദിരാ രാമചന്ദ്രൻ. ഖലീജ് ടൈംസിനു നൽകിയ അഭിമുഖത്തിലാണ് ഇന്ദിര രാമചന്ദ്രൻ തന്റെ കുടുംബം നേരിടുന്ന പ്രതിസന്ധികളെ കുറിച്ച് തുറന്നു പറഞ്ഞത്. ആദ്യമായാണ് ഇക്കാര്യങ്ങൾ അവർ ഒരു മാധ്യമത്തോട് സംസാരിക്കുന്നത്. ഇപ്പോൾ തന്നെ ഏറെ വിഷമിപ്പിക്കുന്നത് അദ്ദേഹത്തിന്റെ മോശം ആരോഗ്യസ്ഥിതിയാണെന്നും കഴിഞ്ഞ ആഴ്ച ജയിലിൽനിന്ന് വീൽചെയറിലാണ് അദ്ദേഹത്തെ ആശുപത്രിയിൽ കൊണ്ടുപോയതെന്നും ഇന്ദിര പറഞ്ഞു.

ചില ബാങ്കുകൾ തനിക്കെതിരെയും നിയമനടപടിക്കൊരുങ്ങുന്നതിനാൽ എതു നിമിഷവും അറസ്റ്റ് ഭയന്നാണ് കഴിയുന്നത്. താൻ കൂടി ജയിലിലായാൽ ഇരുവരുടേയും അന്ത്യവും അതിനുള്ളിലാകും. അറ്റ്ലസ് രാമചന്ദ്രനെ പുറത്തിറക്കാൻ താൻ നടത്തുന്ന ശ്രമങ്ങളോട് മാനുഷികപരിഗണന കാണിക്കമെന്നും ഇന്ദിര ആവശ്യപ്പെട്ടു. പൊലീസുകാർ അദേഹത്തെ വീട്ടിൽനിന്നും കൊണ്ടുപോകുമ്പോൾ മണിക്കൂറുകൾക്കുള്ളിൽ തിരികെ എത്തുമെന്നായിരുന്നു തന്റെ പ്രതീക്ഷയെന്നും ഇപ്പോൾ ആരോഗ്യ പ്രശ്‌നങ്ങളും ഏകാന്തതയും കേസിന്റെ നൂലമാലകളും വലയ്ക്കുകയാണ്. മകളും മരുമകനും മറ്റൊരു കേസിൽ ജയിലായതും തന്നെ ഉലച്ചുകളഞ്ഞുവെന്ന് ഇന്ദിര പറയുന്നു.

ബാങ്കുകളിൽ നിന്നും വായ്പയെടുത്ത ശേഷം നൽകിയ ചെക്കുകൾ മടങ്ങിയതിനെ തുടർന്ന് 2015 ആഗസ്റ്റ് 23 നാണ് ദുബായ് പോലീസ് 75 കാരനായ അറ്റ്‌ലസ് രാമചന്ദ്രനെ അറസ്റ്റു ചെയ്തത്. അന്നുമുതൽ അദ്ദേഹം ജയിലിലാണ്. 340ലക്ഷം ദിർഹത്തിന്റെ ചെക്കുകളാണ് മടങ്ങിയത്. ഇതോടെ ഇടുപാടുകൾ നടത്തിയിരുന്ന മറ്റു ബാങ്കുകളും കടുത്ത നടപടി സ്വീകരിച്ചത് തിരിച്ചടിയായി.

വാടക നൽകാൻ പോലും സ്ഥിരവരുമാനം ഇപ്പോൾ ഇല്ല. എങ്കിലും ഭർത്താവിനെ മോചിപ്പിക്കാനുള്ള നിയമപോരാട്ടം തുടരും. പലരും സഹായിക്കാമെന്ന് പറഞ്ഞു വരുന്നുണ്ട്. അവരെല്ലാം കോടികളാണ് ചോദിക്കുന്നത്. ബിസിനസും ആകെ താളം തെറ്റി. ജീവനക്കാർ ശമ്പളകുടിശ്ശികക്കും മറ്റും വേണ്ടി തന്നെ തടഞ്ഞുവെയ്ക്കുകകൂടിചെയ്തു. ജ്വല്ലറിയിൽ അഞ്ച് ലക്ഷം ദിർഹത്തിന്റെ ഡയമണ്ട് ആഭരണം ഒന്നരലക്ഷം ദിർഹത്തിനാണ് വിറ്റത്. 19 ജ്വല്ലറികളാണ് ദുബായിയിൽ മാത്രം അറ്റ്ലസിനുണ്ടായിരുന്നത്.ഇതിൽ ഭൂരിഭാഗവും പൂട്ടിയിടേണ്ടിവന്നുവെന്നും ഇന്ദിരപറഞ്ഞു. ജ്വല്ലറി ബിസിനസിനും പുറമെ ആശുപത്രികളും അറ്റ്‌ലസിന് സ്വന്തമായുണ്ട്. കൂടാതെ സിനിമാ നിർമ്മാണം, സിനിമാ അഭിനയം, അക്ഷരശ്‌ളോകം എന്നിവയും അദ്ദേഹത്തിന്റെ ഇഷ്ടമേഖലയായിരുന്നു.

1990ൽ കുവൈറ്റ് യുദ്ധകാലത്ത് തകർന്നടിഞ്ഞതായിരുന്നു അറ്റ്‌ലസ് രാമചന്ദ്രന്റെ ബിസിനസുകൾ. അവിടെ നിന്ന് തിരച്ചുകയറിയാണ് ജനകോടികളുടെ വിശ്വസ്ത സ്ഥാപനമെന്ന ടാഗ്ലൈനോടെ അറ്റ്ലസിന്റെ ബിസിനസ് സാമ്രാജം വികസിച്ചത്. 350കോടി ദിർഹത്തിന്റെ വാർഷിക വിറ്റുവരവുണ്ടായിരുന്ന സ്ഥാപനമാണ് ചീട്ടുകൊട്ടാരം പോലെ തകർന്നടിഞ്ഞത്. യുഎഇയിലെ 19 ശാഖകൾക്കു പുറമെ സൌദി, കുവൈത്ത്, ദോഹ, മസ്‌കറ്റ് എന്നിവിടങ്ങളിലെ ശാഖകൾക്കും പൂട്ടുവീണു.

അറ്റ്ലസിന്റെ മസ്‌ക്കറ്റിലെ രണ്ടു ആശുപത്രികൾ വിൽക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും ആ പണം കൊണ്ട് ബാങ്കുകളുമായി താൽക്കാലിക സെറ്റിൽമെന്റ് ഉണ്ടാക്കി ഭർത്താവിനെ പുറത്തലിറക്കാനാകുമെന്നുമാണ് ഇന്ദിരയുടെ പ്രതീക്ഷ. വായ്പ നൽകിയ 22 ബാങ്കുകളിൽ 19 എണ്ണം നിയമനടപടികൾ തൽക്കാലത്തേയ്ക്ക് നിർത്തിവെയ്ക്കാമെന്നാണ് ഉറപ്പ് നൽകിയട്ടുണ്ട്. മറ്റ് മൂന്നു ബാങ്കുകൾ കൂടി ആ ഉറപ്പ് നൽകിയാൽ രാമചന്ദ്രനെ പുറത്തെത്തിക്കാമെന്നാണ് പ്രതീക്ഷ.