ഇതര സംസ്ഥാന തൊഴിലാളികളെ ചൂഷണം ചെയ്ത് പണമുണ്ടാക്കുന്നു

0
111

കൊച്ചി: ചില സർക്കാർ ജീവനക്കാരുടെയും ഉദേ്യാഗസ്ഥരുടെയും സഹായത്തോടെ ഇതര സംസ്ഥാന തൊഴിലാളികളെ ചൂഷണം ചെയ്ത് പണമുണ്ടാക്കുന്ന ഇടനിലക്കാരുടെ എണ്ണം വർദ്ധിച്ചു വരികയാണെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ.കപ്പൽ ബോട്ടിലിടിച്ചതിനെ തുടർന്ന് മരിച്ച ഇതര സംസ്ഥാന തൊഴിലാളികളുടെ ബന്ധുക്കളെ ഇടനിലക്കാർ ചൂഷണം ചെയ്‌തെന്ന പരാതിയുടെ പശ്ചാത്തലത്തിലാണ് കമ്മീഷൻ ആക്റ്റിംഗ് അധ്യക്ഷൻ പി മോഹനദാസിന്റെ നിരീക്ഷണം.ജോലി ചെയ്യാൻ മടിയുള്ള മലയാളികൾ റബർ ടാപ്പിംഗ് മുതൽ തേങ്ങയിടുന്നതുവരെയുള്ള ജോലികൾ ഇതര സംസ്ഥാനക്കാരെ ഏൽപ്പിച്ച ശേഷം അവരെ പിഴിയുന്ന പ്രവണതയാണ് കണ്ടുവരുന്നതെന്ന് കമ്മീഷൻ പറഞ്ഞു.  വിദ്യാഭ്യാസം ഉണ്ടെങ്കിലും ഇല്ലെങ്കിലും മലയാളികൾക്ക് ജോലി ചെയ്യാൻ മടിയാണെന്നും നടപടിക്രമത്തിൽ കമ്മീഷൻ നിരീക്ഷിച്ചു.ഇതര സംസ്ഥാന തൊഴിലാളികളെ മുതലെടുത്ത് ജീവിക്കുന്ന മലയാളികളായ ഇടനിലക്കാരെ കുറിച്ച് വിശദമായ അനേ്വഷണം നടത്തി ചീഫ് സെക്രട്ടറിയും സംസ്ഥാന പോലീസ് മേധാവിയും തൊഴിൽ വകുപ്പ് കമ്മീഷണറും നാലാഴ്ചക്കകം റിപോർട്ട് സമർപ്പിക്കണമെന്നും കമ്മീഷൻ നിർദ്ദേശിച്ചു.നിർമ്മാണ മേഖലയിൽ തൊഴിൽ സാധ്യത കുറഞ്ഞ ശേഷം കൊച്ചിയിലെ മൽസ്യബന്ധന മേഖലയിലാണ് അസം, ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നും ഇതര സംസ്ഥാന തൊഴിലാളികൾ കൂട്ടത്തോടെ എത്തുന്നത്.  കൊച്ചി മുതൽ ചാവക്കാട് വരെയുള്ള കടപ്പുറങ്ങളിൽ ജോലി ചെയ്യുന്നവരിൽ അധികവും ഇതര സംസ്ഥാനക്കാരാണ്.ഇതര സംസ്ഥാനക്കാരായ മൽസ്യബന്ധന തൊഴിലാളികൾക്ക് നീന്തൽ വശമില്ലെന്ന് മനുഷ്യാവകാശ പ്രവർത്തകനായ പി കെ രാജു സമർപ്പിച്ച പരാതിയിൽ പറയുന്നു.  കൊച്ചിയിലെ ഇതര സംസ്ഥാനക്കാർ ബോട്ടിലാണ് ജീവിക്കുന്നത്.  ബോട്ട് അപകടത്തിൽ മരിച്ചവരുടെ മൃതദ്ദേഹം നാട്ടിലേക്ക് വിമാനമാർഗ്ഗം അയക്കാൻ 75,000 രൂപ ഇടനിലക്കാർ ഈടാക്കിയതായി പരാതിയിൽ പറയുന്നു.  മൃതദേഹം കയറ്റി അയക്കുന്നതിനാവശ്യമായ സർട്ടിഫിക്കേറ്റുകൾ കരസ്ഥമാക്കാനും സർക്കാർ ഉദേ്യാഗസ്ഥരുടെ സഹായത്തോടെ ഇടനിലക്കാർ ആയിരക്കണക്കിന് രൂപ കൈക്കൂലി വാങ്ങിയെന്നും പരാതിക്കാരൻ ആരോപിച്ചു.