ഫെയ്സ്ബുക്കിലൂടെ തന്നെ തെറിപറയുന്നവര്‍ ഊച്ചാളികളും ഭീരുക്കളുമാണെന്നും മന്ത്രി ജി.സുധകാരന്‍. ശൃംഗേരി മഠാധിപതിയെ കാണാന്‍ പോയതിന്റെ പേരില്‍ തന്നെ ഫെയ്സ്ബുക്കില്‍ തെറിപറയുന്നവര്‍ അത് നിര്‍ത്തിയിട്ടു നേരിട്ടു വാദപ്രതിവാദത്തിനു വരണമെന്നും മന്ത്രി വെല്ലുവിളിച്ചു. മാവേലിക്കരയില്‍ കേരളപാണിനി എ.ആര്.രാജരാജവര്‍മ്മയുടെ ചരമവാര്‍ഷിക അനുസ്മരണ സമ്മേളനം ചെയ്യുമ്പോഴാണ് മന്ത്രി രൂക്ഷമായി പ്രതികരിച്ചത്.
കഴിഞ്ഞദിവസം തിരുവനന്തപുരത്തുനിന്ന് എസ്.എഫ്.ഐക്കാരന് ആണെന്നു പറഞ്ഞത് ഒരാള്‍ വിളിച്ചു പറഞ്ഞു, ഞാന്‍ കാരണം അവന് മുഖത്ത് മുണ്ടിട്ടുനടക്കേണ്ട ഗതികേടാണെന്ന്. അവന് എസ്.എഫ്.ഐ.ക്കാരനൊന്നുമല്ല. ചില മാധ്യമപ്രവര്‍ത്തകര്‍ വെറുതേ വിവാദങ്ങള്‍ ഉണ്ടാക്കുകയാണ്. ഇവര്‍ കാര്യങ്ങള്‍ പൂര്‍ണമായി റിപ്പോര്‍ട്ട് ചെയ്യാറില്ല. നടന്നകാര്യങ്ങള്‍ എഴുതുവാനുള്ള ധൈര്യം ഇവര്‍ക്ക് ഉണ്ടാകണം. സാംസ്കാരികവും ബൗദ്ധികവുമായ ദാരിദ്ര്യമാണു ഇവര്‍ക്ക് അറിവില്ലായ്മയാണ് ഇത്തരക്കാരെ ഭരിക്കുന്നത്. ശൃംഗേരി സ്വാമിയെ കാണാന്‍ ഞാന്‍ പോയില്ലായിരുന്നെങ്കില്‍ അടുത്ത വിവാദം അതാകും.
സര്‍ക്കാരിന്റെ അതിഥിയായതുകൊണ്ടാണ് ആലപ്പുഴയിലെത്തിയ ശൃംഗേരി ശാരദാപീഠം മഠാധിപതിയെ കാണാന്‍ പോയതെന്ന് മന്ത്രി ആലപ്പുഴയില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ‘സംസ്ഥാന സര്‍ക്കാരിന്റെ അതിഥിയെയാണ് ഞാന്‍ കാണാന്‍ പോയത്. അദ്ദേഹം വര്‍ഗീയ വാദിയല്ല. അദ്ദേഹം പൊന്നാട സ്വീകരിക്കാത്തതുകൊണ്ട് തട്ടത്തില്വച്ച് പഴങ്ങള്‍ നല്കി. ഇതിലെന്താണ് കുഴപ്പം. ആരുടെയും കാലു പിടിക്കാന്‍ പോയിട്ടില്ല. നേരേ ചൊവ്വേ ഒന്നും പറയാനറിയാത്തവരാണ് എന്തെങ്കിലുമൊക്കെ വിളിച്ചുപറയുന്നതെന്നും സുധാകരന് പറഞ്ഞു.
ജൂണ്‍ 15ന് രാവിലെ പതിനൊന്ന് മണിക്കാണ് ആലപ്പുഴയിലെ എസ്.ഡി.വി. സെന്റിനറി ഹാളില്‍ ശൃംഗേരി മഠാധിപതി ഭക്തര്‍ക്ക് ദര്‍ശനം നല്‍കാനായി എത്തിയത്. ജില്ലയിലെ മന്ത്രിമാരായ ജി.സുധാകരനും തോമസ് ഐസക്കും നേരത്തെ തന്നെ എത്തി ഇവിടെ ദര്‍ശനത്തിനായി കാത്തിരുന്നു. മന്ത്രിമാര്‍ക്കാണ് ശൃംഗേരി മഠാധിപതി ആദ്യം ദര്‍ശനം നല്‍കിയത് സോഷ്യല്‍ മീഡിയയില്‍ വലിയ വാര്‍ത്തയായിരുന്നു.