കളങ്കിതന്‍ വിജിലന്‍സിന്റെ പ്രധാന സ്ഥാനത്ത്: വ്യാപക പ്രതിഷേധം

0
111

വിജിലന്‍സ് റിപ്പോര്‍ട്ട് തിരുത്തിയതിനടക്കം അഞ്ചോളം തവണ അച്ചടക്ക നടപടി നേരിട്ട ഉദ്യോഗസ്ഥനെ സുപ്രധാന കേസുകള്‍ അന്വേഷിക്കുന്ന വിജിലന്‍സ് പ്രത്യേക സംഘത്തിന്റെ തലപ്പത്ത് നിയമിച്ചതില്‍ പ്രതിഷേധം. ബി. അശോകനെയാണ് സുപ്രധാന കേസുകള്‍ അന്വേഷിക്കുന്നതിനുള്ള വിജിലന്‍സ് സംഘത്തില്‍ ഉള്‍പ്പെടുത്തിയത്. എസ്.പി. ആര്‍.സുകേശന്‍ വിരമിച്ച ഒഴിവിലാണ് സര്‍ക്കാര്‍ ബി അശോകനെ നിയമിച്ചത്. ഇതില്‍ പ്രതിഷേധിച്ച് പാറ്റൂര്‍, തച്ചങ്കരി കേസുകള്‍ അന്വേഷിക്കുന്ന ഉദ്യോഗസ്ഥന്‍ അവധിയില്‍ പോയി.

നേരത്തെ ബി. അശോകനെ പിരിച്ചുവിടണമെന്ന് പി.എസ്.സി ഉള്‍പ്പെടെ ശുപാര്‍ശ ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് ഐ.പി.എസിന് ശുപാര്‍ശ ചെയ്യണമെന്ന അശോകന്റെ ആവശ്യം കഴിഞ്ഞ സര്‍ക്കാര്‍ പരിഗണിച്ചിരുന്നില്ല. എന്നാല്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ ഉടന്‍ ഇദ്ദേഹത്തെ ഐ.പി.എസിന് ശുപാര്‍ശ ചെയ്തിരുന്നു.

കിഴിഞ്ഞ ശനിയാഴ്ചയാണ് ബി അശോകന്‍ വിജിലന്‍സ് പ്രത്യേക സംഘം ഒന്നിന്റെ തലവനായി ചുമതലയേറ്റത്. ഏറ്റവും കൂടുതല്‍ കേസുകള്‍ അന്വേഷിക്കുന്ന വിജിലന്‍സിലെ തന്നെ വലിയ അന്വേഷണ വിഭാഗമാണിത്. ബാര്‍ കോഴ കേസിന് പുറമേ പാറ്റൂര്‍, ടൈറ്റാനിയം, തച്ചങ്കരിക്കെതിരായ അഴിമതി കേസ് തുടങ്ങിയവയും വിജിലന്‍സ് പ്രത്യേക സംഘം ഒന്നാണ് അന്വേഷിക്കുന്നത്. ഇതിനെ തുടര്‍ന്ന് പാറ്റൂര്‍, തച്ചങ്കരി കേസുകള്‍ അന്വേഷിക്കുന്ന ഡിവൈ.എസ്.പി. നന്ദനന്‍ പിള്ള അവധിയില്‍ പ്രവേശിക്കുകയായിരുന്നു.