കാമറൂണിനെ നിശബ്ദമാക്കി ചിലി തുടങ്ങി

0
137

കോൺഫെഡറേഷൻസ്‌കപ്പിലെ ലാറ്റിന്‍ അമേരിക്കന്‍ വമ്പു തുടര്‍ന്ന് ചിലി ഗ്രൂപ്പ് ബിയിലെ ആദ്യ മത്സരത്തിൽ ആഫ്രിക്കൻ ചാമ്പ്യൻമാരയ കാമറൂണിനെ തകര്‍ത്തു. അർഡുറോ വിദാൽ, എഡുർഡോ വർഗാസ് എന്നിവരുടെ ഗോളിലാണ് ചിലിയുടെ ജയം. ആദ്യ പകുതിയില്‍ വര്‍ഗാസ്‌ കാമറൂണ്‍ വല കുലുക്കിയെങ്കിലും റഫറി ഓഫ് സൈഡ് വിധിച്ചു.

പിന്നീട് മത്സരത്തിന്റെ 80 മിനിറ്റ് വരെ ലാറ്റിനമേരിക്കൻ ജേതാക്കളോട് കാമറൂൺ പിടിച്ച് നിന്നെങ്കിലും 81-ാം മിനിറ്റിൽ ആദ്യ ഗോൾ വഴങ്ങി. അലക്സിസ് സാഞ്ചസിന്റെ ക്രോസിൽ ഹെഡ്ഡറിലൂടെ വിദാലാണ് ആദ്യം വല കുലുക്കിയത്. ഇതിന് ശേഷം 91-ാം മിനിറ്റിലായിരുന്നു വർഗാസിന്റെ ഗോൾ.മത്സരത്തിൽ വ്യക്തമായ മേധാവിത്വത്തോടെയാണ് ചിലി പന്ത് തട്ടിയത്. എന്നാൽ ആദ്യപകുതിയിൽ ഗോളടിക്കാൻ ചിലിക്കായില്ല. രണ്ടാം പകുതിയിൽ റിസർവ് ബെഞ്ചിൽ നിന്ന് അലക്സി സാഞ്ചസിനെ കളത്തിലിറക്കിയത് ഗുണം ചെയ്തു. അടിച്ച രണ്ടു ഗോളുകളിലും അലക്സിന്റെ സാന്നിധ്യമുണ്ടായിരുന്നു.