കാസര്‍കോട് ജില്ലയിലെ ഒരു ഗ്രാമീണ റോഡിന്റെ പേര് മാറ്റം സുരക്ഷാ ഏജന്‍സികളുടേയും രഹസ്യാന്വേഷണ വിഭാഗത്തിന്റെയും ശ്രദ്ധയില്‍. ഗാസ സ്ട്രീറ്റ്
എന്നു പേരിട്ടതാണ് കാര്യങ്ങള്‍ സങ്കീര്‍ണമാക്കിയിരിക്കുന്നത്.
ഇസ്രായേലിനും ഈജിപ്തിനുമിടയിലുള്ളതും പലസ്തീന് ഭരിക്കുന്നതുമായ സ്ഥലമാണ് ഗാസ.
കാസര്‍ഗോഡ് ജില്ലയിലെ തുരുത്തി ജുമാ മസ്ജിദിലേക്കുള്ള റോഡാണ് ഗാസ സ്ട്രീറ്റ് എന്ന പേരില്‍ കഴിഞ്ഞ മാസം പുനര്‍ നാമകരണം ചെയ്തത്. കാസര്‍ഗോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി.ബഷീറാണ് റോഡിന്റെ പേരിടല്‍ ചടങ്ങ് നിര്‍വഹിച്ചത്. എന്നാല്‍ താന്‍ ഇത്തരമൊരു പരിപാടിക്കെത്തിയത് ആകസ്മികമാണെന്നാണ് ബഷീര്‍ പ്രതികരിച്ചത്. തുരുത്തി ജുമാ മസ്ജിദിലേക്കുള്ള വഴി അടുത്തിടെ കോണ്‍ക്രീറ്റ് ചെയ്തിരുന്നു. ഇതിന് മുന്‍സിപ്പാലിറ്റിയുടെ ഫണ്ട് ഉപയോഗിച്ചെങ്കിലും തെരുവിന്റെ പേര് മാറ്റിയ കാര്യം തങ്ങള്‍ അറിഞ്ഞിട്ടില്ലെന്നാണ് മുന്‍സിപ്പാലിറ്റി അധികൃതര്‍ പറയുന്നത്.
കാസര്‍കോട് ജില്ലയില്‍നിന്നും 21 യുവാക്കള്‍ ഐ.എസില്‍ ചേര്‍ന്നതായി സംശയിക്കപ്പെടുന്ന സാഹചര്യത്തില്‍ ഇവിടുത്തെ റോഡിന്റെ ഇത്തരത്തിലുള്ള പേരുമാറ്റം കൂടുതല്‍ സംശയം സൃഷ്ടിക്കുന്നു.
അതേസമയം, കാസര്‍ഗോഡിന്റെ നിരവധി പ്രദേശങ്ങളില്‍ ഇത്തരത്തില്‍ പേരുമാറ്റാനുള്ള ശ്രമം നടക്കുന്നുണ്ടെന്ന് പ്രാദേശിക ബി.ജെ.പി നേതൃത്വം ആരോപിക്കുന്നു. ഇത്തരം കാര്യങ്ങള്‍ പലപ്പോഴും മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെ ശ്രദ്ധയില്‍ പെടാറുണ്ടെന്നും ഇത് ശക്തമായി എതിര്‍ക്കപ്പെടേണ്ടതാണെന്നും കാസര്‍കോട് മുന്സിപ്പാലിറ്രി പ്രതിപക്ഷ നേതാവ് പി.രമേശ് പറഞ്ഞു.