കേരളത്തിൽ ചർച്ച ചെയ്യപ്പെടുന്നത് വൈകാരിക പ്രശ്‌നങ്ങൾ; ബുദ്ധിജീവികൾ മൌനിബാബമാർ : ബാലചന്ദ്രൻ വടക്കേടത്ത്

0
176


കേരളത്തിൽ രാഷ്ട്രീയമില്ലെന്ന് പ്രശസ്ത നിരൂപകൻ ബാലചന്ദ്രൻ വടക്കേടത്ത്. മത്സ്യം, മാംസം, ബീഫ് തുടങ്ങിയ വൈകാരിക സംഭവങ്ങളാണ് കേരളത്തിൽ നിലവിലെ രാഷ്ട്രീയം. ഇത് രാഷ്ട്രീയമെന്ന് പറയാൻ കഴിയുമോ എന്ന് ബാലചന്ദ്രൻ വടക്കേടത്ത് 24 കേരളയോട് പറഞ്ഞു.
കേരളത്തിൽ രാഷ്ട്രീയം എന്നത് ആരും പറയുന്നില്ല. രാഷ്ട്രീയം മൂടിവയ്ക്കപ്പെടുകയാണ്. മറ്റു പല പ്രശ്‌നങ്ങൾ രാഷ്ട്രീയത്തിന്റെ മറവിൽ കയറി വരികയാണ്. എല്ലാം വൈകാരിക സംഭവവികാസങ്ങളാണ്. ഇത് രാഷ്ട്രീയം എന്ന് പറയാൻ കഴിയുമോ എന്നും വടക്കേടത്ത് ചോദിക്കുന്നു.
കേരളത്തിലെ രാഷ്രീയ സംഭവവികാസങ്ങൾ എന്ന് പറഞ്ഞാൽ പഴിചാരൽ മാത്രമാണ്. കുറ്റപ്പെടുത്തുകകൂടിയാണ്. ഇത് രാഷ്ട്രീയം എന്ന് പറഞ്ഞു ചർച്ച ചെയ്യപ്പെടുന്നു. ഇത് ചൂണ്ടിക്കാട്ടാൻ നിലവിൽ ആരും ഇല്ലാത്ത അവസ്ഥയാണ്. മുഖ്യമന്ത്രി പിണറായി വിജയനെ ചീത്ത വിളിക്കുക, രമേശ് ചെന്നിത്തലയെ ചീത്ത വിളിക്കുക, ഉമ്മൻചാണ്ടിയെ ചീത്ത വിളിക്കുക. ഇതാണ് കേരളത്തിലെ രാഷ്ട്രീയം. ഇത്തരം രാഷ്ട്രീയം കേരളത്തിനു വേണമോ എന്ന് ജനത തീരുമാനിക്കണം.
കേരളത്തിലെ രാഷ്ട്രീയം എന്നാൽ കേരളത്തിലെ അടിസ്ഥാന പ്രശ്‌നങ്ങളെ ഊന്നികൊണ്ടുള്ള രാഷ്ടീയമാകണം. കേരളത്തിലെ അടിസ്ഥാന പ്രശ്‌നങ്ങൾ പൊന്തിവരുകയോ, ചർച്ച ചെയ്യുകയോ ചെയ്യുന്നുണ്ടോ? ഒന്നും സംഭവിക്കുന്നില്ല. ജനങ്ങളും വിഭ്രാമകമായ അവസ്ഥയിലാണ്. തിരിച്ചറിയേണ്ടത് ജനങ്ങൾ തിരിച്ചറിയുന്നില്ല.
റേഷൻ പ്രശ്‌നം കേരളത്തിൽ വലിയ പ്രശ്‌നമായി മാറിയിട്ടുണ്ട്. ഇപ്പോൾ റേഷൻ പ്രശ്‌നം നിലനിൽക്കുന്നുണ്ടെങ്കിലും അത് മുഖ്യധാരയിൽ ഉണ്ടോ? എന്തുകൊണ്ട് റേഷൻ അരി കിട്ടാനില്ലാത്തത് ചർച്ചയാകുന്നില്ല. അമ്പതുകളിൽ മാർക്‌സിസ്റ്റ് പാർട്ടി പറഞ്ഞത് അരിയാണ്. അരിയെവിടെ മക്കളെ എന്നായിരുന്നു മുദ്ര്യാവാക്യം പോലും. കേന്ദ്രത്തിന്നെതിരായ സമരമുഖങ്ങളിൽ ഒരു പ്രധാന പ്രശ്‌നം റേഷൻ ആയിരുന്നു. ഇന്നു പക്ഷെ റേഷൻ ഒരു പ്രശ്‌നമല്ലാതായി മാറിയിട്ടുണ്ട്.
മനുഷ്യന്റെ ആവശ്യങ്ങളെക്കുറിച്ച്, മനുഷ്യന്റെ പ്രത്യാശകളെക്കുറിച്ച് ഒരു ചർച്ചയും ചെയ്യപ്പെടാത്ത രാഷ്ട്രീയമാണ് കേരളത്തിൽ ഉള്ളത്. കേരളത്തിൽ വികസന പ്രക്രിയകൾ നടക്കുന്നില്ല. വളരെ മന്ദഗതിയിൽ ആണ് കാര്യങ്ങൾ നീങ്ങുന്നത്. ഭരണപക്ഷം ഇങ്ങിനെയാണെങ്കിൽ, മറുവശത്ത് പ്രതിപക്ഷവും നിർജ്ജീവമാണ്.
ഭരണ-പ്രതിപക്ഷങ്ങൾ കേരളത്തിലെ ജനങ്ങളുടെ കാര്യത്തിൽ, വികസന പ്രശ്‌നങ്ങളിൽ ഇടപെടുന്നില്ല. പിന്നെന്ത് രാഷ്ട്രീയമാണ് കേരളത്തിൽ ഉള്ളത്. ഈ ചോദ്യമാണ് ഞാൻ ഉയർത്തുന്നത്. വടക്കേടത്ത് പറയുന്നു. യാഥാർത്ഥ രാഷ്ട്രീയം ചർച്ച ചെയ്യപ്പെടരുത് എന്ന് രാഷ്ട്രീയ പാർട്ടികൾ ആഗ്രഹിക്കുകയും അതിനനുസരിച്ച് കരുനീക്കങ്ങൾ നടത്തുകയും ചെയ്യുന്നുണ്ട്. അത് കേരളത്തിലെ ജനത ശ്രദ്ധിക്കാതെ പോകുന്നു എന്നത് ഗൌരവപൂർണ്ണമായ കാര്യമാണ്. ഇത് ചൂണ്ടിക്കാട്ടാൻ നിലവിൽ ആരും ഇല്ലാത്ത അവസ്ഥയാണ്. വടക്കേടത്ത് പറയുന്നു. .
മുഖ്യപ്രശ്‌നങ്ങൾ പാർശ്വവത്ക്കരിക്കപ്പെടുന്ന അവസ്ഥയുണ്ട്. ഇത് ചൂണ്ടിക്കാട്ടുന്നവർ സാഹിത്യ-ബുദ്ധിജീവി സമൂഹങ്ങളിൽപ്പെടുന്നവരാണ്. പക്ഷെ അവരും നിശബ്ദരാണ്. ബുദ്ധിജീവികളും സാഹിത്യകാരന്മാരും മൌനിബാബകളായ അവസ്ഥയാണ്. രണ്ടു റോളുകൾ ആണ് ബുദ്ധിജീവി വർഗം കയ്യാളുന്നത്.
ഇടത് പക്ഷം അധികാരത്തിൽ എത്തിയാൽ ഇവർ നിശബ്ദരാകുകയും, വലത് പക്ഷം അധികാരത്തിൽ എത്തിയാൽ ഇവർ ഭരിക്കുന്ന സർക്കാരിനെതിരെ യുദ്ധസജ്ജരായി എത്തുകയും ചെയ്യും. ഈ റോളാണ് അവർ കയ്യാളുന്നത്. അല്ലാതെ ജനങ്ങളുടെ, കേരളത്തിന്റെ അടിസ്ഥാനപരമായ കാര്യങ്ങളിൽ ഇടപെടുന്ന സ്വഭാവം കേരളത്തിലെ ബുദ്ധിജീവികൾക്കും, എഴുത്തുകാർക്കുമില്ല.
ഇത് രാഷ്ട്രീയക്കാർക്ക് അനുഗ്രഹമാണ്. സുഗമമായി മുന്നോട്ട് പോകാൻ രാഷ്ട്രീയ നേതൃത്വത്തെ ബുദ്ധിജീവികളുടെ ഈ നിലപാട് സഹായിക്കുന്നു. പക്ഷെ ഇതിന്റെ ഗുണഫലം അനുഭവിക്കുന്നത് ഇടത് സർക്കാരുകൾ മാത്രമാണ് എന്നതും ഓർക്കേണ്ടതുണ്ട്. ഭരണകൂടത്തിന്റെ ചെയ്തികളെ വിമർശിച്ച് മുന്നോട്ടു പോകേണ്ടുന്ന ബുദ്ധിജീവികളുടെ കടമയാണ് ഇവിടെ നിറവേറ്റപ്പെടാതെ പോകുന്നത്. വടക്കേടത്ത് പറയുന്നു.