കൊച്ചി ബോട്ട് അപകടം : മത്സ്യതൊഴിലാളിക്കായുള്ള തിരച്ചില്‍ അവസാനിപ്പിച്ചു

0
95

പുറംകടലിൽ വിദേശ ചരക്കുകപ്പലിടിച്ച് ബോട്ട് തകർന്ന് കാണാതായ മത്സ്യത്തൊഴിലാളിയെ കണ്ടെത്താനുള്ള തെരച്ചിൽ അവസാനിപ്പിച്ചു. കഴിഞ്ഞ 11നുണ്ടായ അപകടത്തില്‍ മത്സ്യ ബന്ധന ബോട്ട് തകരുകയും രണ്ട് തൊഴിലാളികൾ മരിക്കുകയും ഒരാളെ കാണാതാവുകയും ചെയ്തിരുന്നു. അസം സ്വദേശി മോത്തി ദാസ് (27) നെ കണ്ടെത്താനുള്ള ശ്രമമാണ് വിവിധ സേനകൾ അവസാനിപ്പിച്ചത്.
സംഭവം നടന്ന് എട്ട് ദിവസം പിന്നിട്ടതും കടലിലെ പ്രതികൂല കാലാവസ്ഥയും തെരച്ചിലിന് തടസ്സമുണ്ടാക്കിയിരുന്നു. മോത്തിയെ കണ്ടെത്താനായില്ലെന്ന് കാണിച്ച് കോടതിയിൽ റിപ്പോർട്ട് നൽകുമെന്ന് തീരദേശ പൊലീസ് പറഞ്ഞു. ഇക്കാര്യം കേസ് രജിസ്റ്ററിൽ ഉൾപ്പെടുത്തുമെന്നും സിഐ ടി എം വർഗീസ് പറഞ്ഞു. പുറംകടലിൽ മൽസ്യബന്ധനത്തിനുപോയ പള്ളുരുത്തി സ്വദേശി നാസറിൻെ ഉടമസ്ഥതയിലുള്ള കാർമൽ മാതാ എന്ന ബോട്ടാണ് പനാമ രജിസ്‌ട്രേഷനുള്ള ആംബർ എൽ കപ്പൽ ഇടിച്ചു തകർത്തത്. 14 പേരാണ് ബോട്ടിൽ ഉണ്ടായിരുന്നത്. 11 പേരെ മറ്റ് ബോട്ടുകാർ രക്ഷപെടുത്തി. അസം സ്വദേശി രാഹുൽ കുമാർ ദാസ് (24), തമിഴ്‌നാട് കുളച്ചൽ സ്വദേശി ആന്റണി ജോൺ(തമ്പി ദുരൈ-45) എന്നിവർ മരിച്ചിരുന്നു. എന്നാൽ മോദി ദാസിനെ കണ്ടെത്താനായില്ല. തീരദേശ പൊലീസ്, കോസ്റ്റ് ഗാർഡ്, നാവിക സേന എന്നിവയുടെ നേതൃത്വത്തിലായിരുന്നു തെരച്ചിൽ.
തീരത്ത് നിന്നും 14.18 നോട്ടിക്കൽ മൈൽ അകലെവച്ച് 11ന് പുലർച്ചെ 2.23നായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ ബോട്ട് പൂർണമായി തകർന്ന് കടലിൽ താഴ്ന്നു. അപകടത്തിന് ശേഷം നിർത്താതെ പോയ കപ്പൽ കോസ്റ്റ്ഗാർഡിന്റെയും തീരദേശ പൊലീസിന്റെയും സഹായത്തോടെ പിടികൂടി. മറൈൻ മർക്കന്റൈൽ വിഭാഗം(എംഎംഡി) കപ്പലിൽ നിന്നും രേഖകളും മറ്റും പിടിച്ചെടുത്തിരുന്നു. സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിൽ ആംബർ എൽ കപ്പലാണ് ബോട്ടിലിടിച്ചതെന്ന് എംഎംഡി കണ്ടെത്തിയിരുന്നു. വൊയേജ് ഡേറ്റാ റെക്കോർഡർ(വിഡിആർ), ലോഗ് ബുക്ക്, നൈറ്റ് ഓർഡർ ബുക്ക്, ബെൽ ബുക്ക്, ജിപിഎസ് ചാർട്ട്, ജിപിഎസ് ലോഗ് ബുക്ക്, നാവിഗേഷൻ ചാർട്ട് എന്നിവ പരിശോധിച്ചശേഷമാണ് പ്രാഥമിക റിപ്പോർട്ട് തയ്യാറാക്കിയത്.
വിഡിആറിലെ നഷ്ടപ്പെട്ട വിവരങ്ങൾ തിരിച്ചെടുക്കുന്നതിനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് ജോയിന്റ് ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിങ് അജിത്കുമാർ സുകുമാരൻ പറഞ്ഞു. അന്വേഷണം പൂർത്തിയായാൽ മാത്രമെ ക്യാപ്റ്റനടക്കമുള്ള കപ്പൽ ജീവനക്കാരെ കസ്റ്റഡിയിലെടുക്കാൻ കഴിയുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.