ജെറ്റ് എയര്‍വേസില്‍ യാത്ര ചെയ്യുന്നതിനിടെ പിറന്ന മലയാളിയായ ആണ്‍കുഞ്ഞിന് ഇനി ആയുഷ്കാലം സൗജന്യയാത്ര. ജെറ്റ് എയര്‍വേസില്‍ പിറന്ന ആദ്യ കുട്ടിയെന്ന നിലയില്‍ ഇനി ജീവിതകാലം മുഴുവന്‍ ഈ കുട്ടിക്ക് സൗജന്യമായി തങ്ങളുടെ വിമാനത്തില്‍ യാത്രചെയ്യാമെന്നാണ് കമ്പനി അറിയിച്ചത്.
ഇന്നലെയാണ് ദമാമില്‍നിന്ന് കൊച്ചിയിലേക്കു വന്ന 569 നമ്പര്‍ വിമാനത്തിനുള്ളില്‍ യുവതി പ്രസവിച്ചത്. പ്രസവവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വിമാനക്കമ്പനി ജീവനക്കാരും യാത്രികയായ നഴ്സും ചേര്‍ന്നാണ് പരിചരണം നല്കി.
തുടര്‍ന്ന് 35,000 അടി ഉയരത്തിലായിരുന്ന വിമാനം അടിയന്തരമായി മുംബൈ വിമാനത്താവളത്തിലിറക്കുകയും, യുവതിയെയും കുഞ്ഞിനെയും അന്ധേരിയിലെ ഹോളി സ്പിരിറ്റ് ആസ്പത്രിയിലേക്ക് മാറ്റുകയായിരുന്നു.
തൊടുപുഴ സ്വദേശിനിയാണ് യുവതി. വിമാനത്താവളത്തിലെ ആംബുലന്‍സിലാണ് യുവതിയെയും കുഞ്ഞിനെയും മുംബൈയിലെ ആസ്പത്രിയിലേക്കു മാറ്റിയത്. യുവതിക്കും കുഞ്ഞിനും ആരോഗ്യപരമായ ബുദ്ധിമുട്ടുകളില്ലെങ്കിലും യാത്രതുടരുന്നത് സുരക്ഷിതല്ലാത്തതിനാല്‍ അത് ഒഴിവാക്കുകയായിരുന്നു.
രണ്ടുമണിക്കൂറോളം മുംബൈ വിമാനത്താവളത്തില്‍ നിര്‍ത്തിയിട്ട വിമാനം രാവിലെ പതിനൊന്നേകാലോടെ കൊച്ചിയിലേക്കു തിരിച്ചു. ജെറ്റ് എയര്വെയ്സിലെ മുഹമ്മദ് താജ് ഹയാത്ത്, ദെബ്രെ തവാരസ്, ഈഷ ജയ്കര്, സുസ്മിത ഡേവിഡ്, കാതറിന് ലെപ്ച്ച, തേജസ് ചവാന് എന്നിവരാണ് യുവതിക്ക് വേണ്ട സഹായം നല്‍കിയത്.