ജേക്കബ് തോമസ്‌ ഇന്ന് അവധി കഴിഞ്ഞെത്തും, സര്‍ക്കാര്‍ ആശയക്കുഴപ്പത്തില്‍

0
116

വിജിലൻസ് ഡയറക്ടർ ആയിരിക്കെ അവധിയിൽ പ്രവേശിച്ച ഡി.ജി.പി ജേക്കബ് തോമസ് ഇന്ന്  സർവിസിൽ തിരിച്ചെത്തും. ഇദ്ദേഹത്തിന് ഏത് പദവിയാണ് നൽകേണ്ടതെന്ന കാര്യത്തിൽ ഞായറാഴ്ച രാത്രി വൈകിയും ആഭ്യന്തരവകുപ്പിൽനിന്ന് തീരുമാനമുണ്ടായിട്ടില്ല. ജേക്കബ് തോമസിനെ തത്കാലം ഐ.എം.ജി. ഡയറക്ടറായി നിയമിച്ചേക്കും. സെന്‍കുമാര്‍ നേരത്തേ വഹിച്ച ഈ പദവി ഒഴിഞ്ഞുകിടക്കുകയാണ്. ലോക്‌നാഥ് ബെഹ്‌റയെ വിജിലൻസ് മേധാവിയാക്കിയെങ്കിലും ജേക്കബ് തോമസിനെ ഈ സ്ഥാനത്തുനിന്ന് നീക്കി ഉത്തരവിറക്കിയിട്ടില്ല. ഇതിനാലാണ് ആശയക്കുഴപ്പം നിലനിൽക്കുന്നത്.

ജൂൺ 30ന് ടി.പി. സെൻകുമാർ വിരമിക്കുമ്പോൾ സംസ്ഥാനത്തെ മുതിർന്ന ഡി.ജി.പിയായി ജേക്കബ് തോമസ് മാറും. സുപ്രീംകോടതി ഉത്തരവിന്‍റെ പശ്ചാത്തലത്തിൽ മുതിർന്ന ഡി.ജി.പിയെയാണ് സംസ്ഥാന പൊലീസ് മേധാവിയാക്കേണ്ടത്. എന്നാൽ, ഡി.ജി.പി സ്ഥാനത്തേക്ക് ജേക്കബ് തോമസിനെ കൊണ്ടുവരുന്നതിനോട് സി.പി.എമ്മിനും സി.പി.ഐക്കും താൽപര്യമില്ല. മുഖ്യമന്ത്രി പിണറായി വിജയന് ജേക്കബ് തോമസിനോട് താൽപര്യമുണ്ടെങ്കിലും പാർട്ടിയെ മറികടന്ന് എന്ത് ചെയ്യാൻ കഴിയുമെന്നത് കണ്ടറിയണം. അദ്ദേഹം പദവിക്കു യോഗ്യനല്ലെന്നു വരുത്തിത്തീർത്ത് മാറ്റിനിർത്തുക എന്ന തന്ത്രമാണ് ഒരുങ്ങുന്നത്. ഇതിനായി കാരണംകാണിക്കൽ നോട്ടീസ്, വിജിലൻസ് അന്വേഷണപ്രഖ്യാപനം എന്നിവ ആയുധമാക്കാനൊരുങ്ങുന്നതായാണു സൂചന.

ടി.പി.സെൻകുമാറിന്റെ വിരമിക്കലോടെ  സീനിയോറിറ്റിയിൽ ഒന്നാമനാകുന്ന ജേക്കബ് തോമസിനെ നിയമിക്കാൻ സർക്കാരിനു നിയമപരമായ ബാധ്യതയുണ്ട്. എന്നാൽ, സി.പി.എമ്മിലെയും ഐ.എ.എസ്., ഐ.പി.എസ്. ഉദ്യോഗസ്ഥരിലെയും ഉന്നതരിൽ ചിലർക്ക്, അദ്ദേഹം പോലീസ് തലപ്പത്തെത്തുന്നതിൽ കടുത്ത എതിർപ്പാണ്. ജേക്കബ് തോമസിനെ മാറ്റിനിർത്തണമെങ്കിൽ മതിയായ കാരണം വേണം.വകുപ്പുതല അച്ചടക്കനടപടി, അല്ലെങ്കിൽ വിജിലൻസ് അന്വേഷണം എന്നീ കാരണങ്ങളിലൊന്ന് ഉണ്ടായാൽ സർക്കാരിനു നടപടി ന്യായീകരിക്കാം. അന്വേഷണത്തിൽ കുറ്റക്കാരനല്ല എന്നു കണ്ടെത്തുന്നതോടെ തുടർനടപടി അവസാനിപ്പിക്കുകയും ചെയ്യാം.

ലോക്‌നാഥ് ബെഹ്‌റയെ വീണ്ടും പൊലീസ് മേധാവിയായി നിയമിക്കുന്നതിൽ മുഖ്യമന്ത്രിക്ക് താൽപര്യമില്ലെന്നാണ് വിവരം. ഒരുപക്ഷേ പാർട്ടിയുടെ താൽപര്യം കണ്ടറിഞ്ഞ് ബെഹ്‌റയെ പൊലീസ് തലപ്പത്തേക്ക് കൊണ്ടുവരികയാണെങ്കിൽ സെൻകുമാറിന്റെ വഴിയേ ജേക്കബ് തോമസിനും സുപ്രീംകോടതിയെ സമീപിക്കാം.താന്‍ അവധിയില്‍ പ്രവേശിച്ചത് വിജിലന്‍സ് ഡയറക്ടര്‍ തസ്തികയിലിരിക്കുമ്പോഴാണെന്നും വേറെ നിയമന ഉത്തരവു കിട്ടിയില്ലെങ്കില്‍ അതേതസ്തികയിലേക്കു മടങ്ങുമെന്നും ജേക്കബ് തോമസ് പറഞ്ഞു. താന്‍ ഒഴിയുമ്പോള്‍ ബെഹ്റയ്ക്ക് അധികച്ചുമതല നല്‍കിയിട്ടേയുള്ളൂ. തന്നെ ആ പദവിയില്‍നിന്നു നീക്കിയിട്ടില്ല-അദ്ദേഹത്തോടടുത്ത വൃത്തങ്ങള്‍ പറയുന്നു.ഈ സാഹചര്യത്തില്‍, പുതിയ ഉത്തരവില്ലെങ്കില്‍ വിജിലന്‍സ് ആസ്ഥാനത്ത് പുതിയൊരു അധികാരത്തര്‍ക്കത്തിനുപോലും ഇടയുണ്ട്.