ജേക്കബ് തോമസ് ഐ.എം.ജി ഡയറക്ടര്‍

0
104

രണ്ടു മാസത്തെ അവധിക്ക് ശേഷം സർവിസിൽ തിരിച്ചെത്തുന്ന ഡി.ജി.പി ജേക്കബ് തോമസിനെ ഐ.എം.ജി ഡയറക്ടറായി നിയമിച്ചു. ഇതുസംബന്ധിച്ച സംസ്ഥാന സർക്കാർ ഉത്തരവ് പുറത്തിറങ്ങി. സർക്കാർ ജീവനക്കാർക്ക് വിദഗ്ധ പരിശീലനം നൽകുന്ന സ്ഥാപനമാണ് ഐ.എം.ജി. വിജിലൻസ് ഡയറക്ടർ ആയിരിക്കെയാണ് ജേക്കബ് തോമസ് അവധിയിൽ പ്രവേശിച്ചത്. ഐ.എം.ജി ഡയറക്ടറായിരുന്ന ടി.പി. സെൻകുമാർ സുപ്രീംകോടതി ഉത്തരവിനെ തുടർന്നാണ് ഡി.ജി.പിയായി ചുമതലയേറ്റത്.
ജൂൺ 30ന് ടി.പി. സെൻകുമാർ വിരമിക്കുമ്പോൾ സംസ്ഥാനത്തെ മുതിർന്ന ഡി.ജി.പിയായി ജേക്കബ് തോമസ് മാറും. സുപ്രീംകോടതി ഉത്തരവിൻറെ പശ്ചാത്തലത്തിൽ മുതിർന്ന ഡി.ജി.പിയെയാണ് സംസ്ഥാന പൊലീസ് മേധാവിയാക്കേണ്ടത്. എന്നാൽ, ഡി.ജി.പി സ്ഥാനത്തേക്ക് ജേക്കബ് തോമസിനെ കൊണ്ടു വരുന്നതിനോട് സി.പി.എമ്മിനും സി.പി.ഐക്കും താൽപര്യമില്ല. മുഖ്യമന്ത്രി പിണറായി വിജയന് ജേക്കബ് തോമസിനോട് താൽപര്യമുണ്ടെങ്കിലും പാർട്ടിയെ മറികടന്ന് എന്ത് ചെയ്യാൻ കഴിയുമെന്നത് കണ്ടറിയണം.
ലോക്‌നാഥ് ബെഹ്‌റയെ വീണ്ടും പൊലീസ് മേധാവിയായി നിയമിക്കുന്നതിൽ മുഖ്യമന്ത്രിക്ക് താൽപര്യമില്ലെന്നാണ് വിവരം. ഒരുപക്ഷേ പാർട്ടിയുടെ താൽപര്യം കണ്ടറിഞ്ഞ് ബെഹ്‌റയെ പൊലീസ് തലപ്പത്തേക്ക് കൊണ്ടുവരികയാണെങ്കിൽ സെൻകുമാറിന്റെ വഴിയേ ജേക്കബ് തോമസിനും സുപ്രീംകോടതിയെ സമീപിക്കാം.