തുര്‍ക്കിയുടെ സൈനിക താവളങ്ങള്‍ സൗദി അറേബ്യയില്‍ അനുവദിക്കില്ല

0
100

തുര്‍ക്കിയുടെ സൈനിക താവളങ്ങള്‍ സൗദി അറേബ്യയില്‍ അനുവദിക്കാന്‍ കഴിയില്ലെന്ന് അധികൃതര്‍. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന് തുര്‍ക്കിയുടെ സൈനിക താവളം സ്ഥാപിക്കുന്നതിനുള്ള വാഗ്ദാനം നല്‍കിയതായി തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്റെ പ്രസ്ഥാവനയോട് പ്രതികരിക്കുകയായിരുന്നു സൗദി അറേബ്യ.

സൗദി അറേബ്യയ്ക്കുള്ളത് ഏറ്റവും മികച്ച സായുധ സേനയും സൈനിക ശേഷിയുമാണെന്നും, തുര്‍ക്കിയിലെ ഇഞ്ചിര്‍ലിക് സൈനിക താവളം ഉള്‍പ്പെടെ ഭീകരതക്കെതിരായ പോരാട്ടത്തില്‍ സൗദി സൈന്യം വിദേശത്ത് കരുത്ത് തെളിയിക്കുകയും പങ്കാളിത്തം വഹിക്കുന്നുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.

അതേസമയം ഖത്തറിലെ തുര്‍ക്കി സൈനിക താവളം ഗള്‍ഫ് മേഖലയുടെ സുരക്ഷക്ക് ഗുണം ചെയ്യുമെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്‍ പറഞ്ഞു. തുര്‍ക്കി സൈനിക താവളം ഖത്തറില്‍ സ്ഥാപിക്കുന്നതിന് ഇരു രാജ്യങ്ങളും കരാര്‍ ഒപ്പുവെച്ചിട്ടുണ്ട്. ഖത്തറിലെ സൈനിക താവളത്തിന്റെ നിര്‍മാണം 2014 ല്‍ ആരംഭിച്ചിരുന്നു.

ഖത്തറിലേതുപോലെ സൗദിയിലും സൈനിക താവളത്തിനുളള സന്നദ്ധതയാണ് സല്‍മാന്‍ രാജാവിന് മുന്നില്‍ സമര്‍പ്പിച്ചതെന്നും ഉര്‍ദുഗാന്‍ വെളിപ്പെടുത്തിയിരുന്നു. ഖത്തര്‍ പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ സല്‍മാന്‍ രാജാവിന്റെ സഹായം ഉണ്ടാകുമെന്ന പ്രതീക്ഷ തുര്‍ക്കി ആവര്‍ത്തിച്ചു.