പാക് ആകാശം തൊടാതെ ഇന്ത്യ-അഫ്ഗാൻ വ്യോമപാതയില്‍ ആദ്യ വിമാനം പറന്നു

0
149

അഫ്ഗാനിസ്ഥാനും ഇന്ത്യയ്ക്കുമിടയിലെ ആദ്യ ചരക്ക് വ്യോമപാത അഫ്ഗാനിസ്ഥാൻ പ്രസിഡന്റ് അഷ്റഫ് ഖാനി ഉദ്ഘാടനം ചെയ്തു. കാബുൾ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ആദ്യ ചരക്ക് വിമാനം അഫ്ഗാൻ -ഇന്ത്യ വ്യോമപാതയിലൂടെ തിങ്കളാഴ്ച്ച യാത്രയാരംഭിച്ചു.

പാകിസ്താന് മുകളിലൂടെ പറക്കാതെ ചരക്ക് വിമാനങ്ങൾക്ക് പുതിയ വ്യോമപാതയിലൂടെ ഇന്ത്യയിലെത്താം. വ്യോമ പാത യാഥാർഥ്യമായതിൽ അഫ് ഗാൻ പ്രസിഡന്റ് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദി അറിയിച്ചു. അഫ്ഗാൻ ചരക്കുകൾക്ക് ഇന്ത്യ നല്ലൊരു വിപണിയാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലേക്ക് കാർഗോ വിമാനത്തിൽ ആദ്യമായാണ് അഫ്ഗാൻ കാർഷിക ഉത്പന്നങ്ങൾ അയയ്ക്കുന്നതെന്ന് പ്രസിഡന്റിന്റെ ഉപദേശകൻ അഭിപ്രായപ്പെട്ടു. ആദ്യം പുറപ്പെട്ട കാർഗോ വിമാനത്തിൽ അഫ്ഗാനിൽ നിന്നുള്ള 60 ടൺ ഒഷധസസ്യങ്ങളാണുള്ളതെന്നും രണ്ടാമത്തെ വിമാനത്തിൽ 40 ടൺ ഉണക്കപ്പഴങ്ങളാണയയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.ഇത്തരത്തിൽ ആഴ്ച്ചയിൽ ആറ് വിമാനങ്ങൾ ഇന്ത്യയിലേക്ക് കുതിക്കും.

ഇന്ത്യയുമായി വ്യാപാര ബന്ധം തുടങ്ങുന്നതിൽ നേരത്തെ പാകിസ്താൻ അഫ്ഗാനിസ്ഥാനെ അതൃപ്തി അറിയിച്ചിട്ടുണ്ട്. പാകിസ്താൻ തീവ്രവാദികളെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് അഫ്ഗാനും ആരോപിച്ചിരുന്നു. ഇതാണ് പാകിസ്താനെ ഒഴിവാക്കിയതിന് പിന്നിലെന്നാണ് സൂചന.