പി.എസ്.സി വെബ്‌സൈറ്റ് മൂന്നു ദിവസം പ്രവര്‍ത്തിക്കില്ല

0
130

പി.എസ്.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് മൂന്നു ദിവസം പ്രവര്‍ത്തിക്കില്ല. പുതിയ സെര്‍വര്‍ സ്ഥാപിക്കുന്നതിന്റെ ഭാഗമായിയാണ് ജൂണ്‍ 23, 24, 25 ദിവസങ്ങളില്‍ ഓണ്‍ലൈന്‍ സേവനം പൂര്‍ണമായും നിര്‍ത്തിവെക്കുന്നത്.

കൂടുതല്‍ പ്രവര്‍ത്തനക്ഷമമായ സെര്‍വറാണ് ഇനി സ്ഥാപിക്കുക. 25 ആകുമ്പോഴേക്കും പുതിയ സെര്‍വര്‍ പ്രവര്‍ത്തനസജ്ജമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനുമുന്നോടിയായുള്ള തയാറെടുപ്പുകള്‍ പി.എസ്.സി ആസ്ഥാനത്ത് പൂര്‍ത്തിയായി.

ഓണ്‍ലൈന്‍ പരീക്ഷ കേന്ദ്രങ്ങളുടെ എണ്ണം വര്‍ധിപ്പിക്കാനും സൈറ്റിന്റെ വേഗം വര്‍ധിപ്പിക്കാനും പുതിയ സെര്‍വര്‍ സഹായകമാകും. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലാണ് നിലവിലെ ഓണ്‍ലൈന്‍ പരീക്ഷ കേന്ദ്രങ്ങള്‍.

ഓരോ ദിവസവും ലക്ഷക്കണക്കിനു ആളുകള്‍ സന്ദര്‍ശിക്കുന്ന സൈറ്റിന് ശേഷിയില്ലാത്തത് വലിയ പ്രയാസങ്ങളാണ് സൃഷ്ടിക്കുന്നുണ്ട്. എല്‍.ഡി.സി പോലുള്ള ലക്ഷക്കണക്കിനു പേര്‍ എഴുതുന്ന പരീക്ഷയുടെ ഹാള്‍ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യുന്ന വേളകളില്‍ മറ്റ് ഓണ്‍ലൈന്‍ സേവനങ്ങള്‍ നിര്‍ത്തിവെക്കേണ്ട സ്ഥിതിയാണ്.

സെര്‍വര്‍ മാറ്റി സ്ഥാപിക്കുന്നതിന്റെ ഭാഗമായി ഓണ്‍ലൈനില്‍ അപേക്ഷ സമര്‍പ്പിക്കുന്നതും പരീക്ഷാനടത്തിപ്പും പുനഃക്രമീകരിച്ചിട്ടുണ്ട്. ജൂണ്‍ 23 മുതല്‍ 25വരെ ഒറ്റത്തവണ രജിസ്‌ട്രേഷന്‍ നിര്‍ത്തിവെച്ചു. എല്‍.ഡി.സി പരീക്ഷയുടെ രണ്ടാം ഘട്ടം ജൂലൈ ഒന്നിലേക്ക് നിശ്ചയിച്ചതും സെര്‍വര്‍ മാറ്റം മുന്നില്‍ കണ്ടാണ്.

ജൂണ്‍17 നാണ് തിരുവനന്തപുരം, മലപ്പുറം ജില്ലകളിലെ എല്‍.ഡി.സി പരീക്ഷ നടന്നത്. തുടര്‍ന്ന് വരുന്ന ശനിയാഴ്ച പെരുന്നാളിന്റെ തലേദിവസമായതിനാലും ഈ ദിവസം സെര്‍വര്‍ മാറ്റല്‍ പ്രവൃത്തിക്കായി മാറ്റിവെക്കാന്‍ അധികൃതര്‍ തീരുമാനിക്കുകയായിരുന്നു.

ലാസ്റ്റ് ഗ്രേഡ് പരീക്ഷക്കുള്ള അപേക്ഷത്തീയതി ജൂണ്‍ 21 വരെ നീട്ടി. ഫയര്‍ ആന്‍ഡ്‌ റെസ്‌ക്യൂ വകുപ്പില്‍ സ്റ്റേഷന്‍ ഓഫിസര്‍ ട്രെയ്‌നി, ഫയര്‍മാന്‍ ട്രെയ്‌നി, ഫയര്‍മാന്‍ ഡ്രൈവര്‍ കം പമ്പ് ഓപറേറ്റര്‍ എന്നീ തസ്തികകളിലേക്കുള്ള അപേക്ഷത്തീയതിയും നീട്ടിയിട്ടുണ്ട്.