പുതുവൈപ്പിൽ സമരം തുടരും; ചർച്ചയിൽ പ്രതീക്ഷയില്ലെന്ന് സമരസമിതി

0
82


സർക്കാർ ചർച്ചയ്ക്കു വിളിച്ചെങ്കിലും പ്രതിഷേധം തുടരാനാണു പുതുവൈപ്പിലെ സമരസമിതിയുടെ തീരുമാനം. ഐഒസിയുടെ എൽപിജി സംഭരണശാല അടച്ചുപൂട്ടുംവരെ സമരവുമായി മുന്നോട്ടു പോകുമെന്നു സമരസമിതി അറിയിച്ചു. മുൻവിധികളോടെയാണ് സർക്കാർ ചർച്ചയ്ക്ക് വിളിച്ചിരിക്കുന്നതെന്നും പ്രശ്‌ന പരിഹാരത്തിനു യാതൊരു സാധ്യതയുമില്ലെന്നാണു സമരസമിതിയുടെ നിലപാട്. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ 21ന് തിരുവനന്തപുരത്താണ് ചർച്ച.

മുൻപു നടന്ന ചർച്ചകളിൽ ഏകപക്ഷീയമായ നിലപാടാണ് സർക്കാർ സ്വീകരിച്ചത്. പുതുവൈപ്പിൽ നിർമാണത്തിലിരിക്കുന്ന ഐഒസിയുടെ എൽപിജി സംഭരണശാല അടച്ചുപൂട്ടണം. അല്ലാതെയുള്ള ഒരു ഒത്തുതീർപ്പിനും വഴങ്ങില്ലെന്നു സമരസമിതി തറപ്പിച്ചു പറയുന്നു. ഇന്നലെ നടന്ന സംഘർഷത്തിൽ ലാത്തിച്ചാർജിലും കല്ലേറിലും 30 സമരക്കാർക്കും 10 പൊലീസുകാർക്കും പരിക്കേറ്റു.

ടെർമിനൽ നിർമാണം നിർത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് ആഴ്ചകളായി ഇവിടെ സമരം നടക്കുകയാണ്. കഴിഞ്ഞ 14നും 16നും സമരക്കാർക്കു നേരെ പൊലീസ് നടപടിയുണ്ടായി. തുടർന്നു ഫിഷറീസ് മന്ത്രിയുമായി നടന്ന ചർച്ചയിൽ ദേശീയ ഹരിത ട്രൈബ്യൂണലിന്റെ അന്തിമവിധി വരുന്നതുവരെ നിർമാണം നിർത്തിവയ്ക്കാമെന്നും പദ്ധതി പ്രദേശത്തുനിന്നു പൊലീസിനെ പിൻവലിക്കാമെന്നും ധാരണയായതായി സമരക്കാർ പറയുന്നു. സമരം തൽക്കാലത്തേക്കു നിർത്തിവയ്ക്കാനും തീരുമാനമായിരുന്നു. എന്നാൽ ഇന്നലെ രാവിലെ പദ്ധതി പ്രദേശത്തേക്കു തൊഴിലാളികളെ എത്തിക്കുകയും ജോലികൾ പുനരാരംഭിക്കാൻ നീക്കം നടത്തുകയും ചെയ്തു. ഇതോടെയാണു വീണ്ടും സംഘർഷാവസ്ഥ ഉടലെടുത്തത്.

അതേസമയം, സമരക്കാർക്കെതിരെ ഇന്നലെയുണ്ടായ പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ചു ഫിഷർമാൻ കോർഡിനേഷൻ കമ്മിറ്റി പ്രഖ്യാപിച്ച തീരദേശ ഹർത്താൽ പുരോഗമിക്കുകയാണ്. വെൽഫെയർ പാർട്ടിയുടെ ജില്ലാ ഹർത്താലിനോടു മെർച്ചന്റ് അസോസിയേഷൻ സഹകരിക്കുന്നില്ല. വൈപ്പിൻ നിയോജക മണ്ഡലത്തിൽ കോൺഗ്രസും ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.ഇതിനിടെ 21 വരെ ടെർമിനൽ നിർമാണം നിർത്തിവയ്ക്കുകയാണെന്ന് ഇന്ത്യൻ ഓയിൽ കോർപറേഷൻ കലക്ടറെ അറിയിച്ചു.