പുതുവൈപ്പ് നന്ദിഗ്രാമും എസ്.ശർമ ലക്ഷ്മൺ സേത്തും ആകുമോ ?

0
2353

വെബ്‌ ഡസ്ക്

പുതുവൈപ്പിനെ മറ്റൊരു നന്ദിഗ്രാം ആക്കി മാറ്റാനും എസ്.ശർമയെന്ന വി.എസ് പക്ഷ നേതാവിനെ ലക്ഷ്മൺ സേത്ത് ആക്കാനും ശ്രമം നടക്കുന്നുണ്ടോ ? പുതുവൈപ്പ് എൽ.പി.ജി ടെർമിനലുമായി ബന്ധപെട്ടുള്ള വിവാദങ്ങളിലേക്കും പ്രക്ഷോഭങ്ങളിലേക്കും കണ്ണോടിക്കുമ്പോൾ സി.പി.എമ്മിനെതിരെ ഒരു നന്ദിഗ്രാം മോഡൽ കൂട്ടായ്മ ഉരുത്തിരിച്ചെടുക്കാനുള്ള ശ്രമങ്ങൾ ആണ് കാണുന്നത്. കഴിഞ്ഞ യു.ഡി.എഫ് സർക്കാരിൻറെ കാലത്ത് അങ്കമാലിയിൽ ഏരിയാ സെക്രട്ടറിയെ ഉൾപ്പടെ തല്ലിച്ചതച്ച യതീഷ് ചന്ദ്രയെ പോലുള്ള ചോരക്കൊതിയുള്ള കാക്കിക്കാരെ ചങ്ങലയ്ക്ക് ഇട്ടില്ലെങ്കിൽ പുതുവൈപ്പ് ഇടതുഭരണത്തിലെ ആർത്തനാദമായി മാറും, ഒപ്പം ഇടതുവിരുദ്ധ ചേരികളുടെ കൂട്ടായ്മയ്ക്കുള്ള വേദിയും.
ഇന്ത്യൻ ഓയിൽ കോർപ്പറേഷൻറെ പാചക വാതക സംഭരണ ടെർമിനലിന് എതിരായി നാട്ടുകാർ സമര രംഗത്ത് നിലയുറപ്പിച്ചിട്ട് നാല് മാസത്തോളമായി. മുഖ്യമന്ത്രിയും ഡിജിപി സെന്‍കുമാറും എല്ലാം പങ്കെടുത്ത ഒരു മണിക്കൂറോളം നീണ്ട ചർച്ചയും നടന്നിരുന്നു ഈ വിഷയത്തിൽ. പ്ലാന്റിന് ഗ്രീൻ ട്രൈബ്യൂണൽ അനുമതി കിട്ടിയ ശേഷമായിരുന്നു ഈ ചർച്ച. ചർച്ചയിൽ പ്ലാന്റ് തുടങ്ങുമെന്നും വേണ്ടത്ര സുരക്ഷ ഏർപ്പെടുത്തുമെന്നുമുള്ള നിലപാട് ആണ് പിണറായി വിജയൻ കൈക്കൊണ്ടത്.സമരത്തിൻറെ മുഖം മാറിയത് പക്ഷേ സർക്കാരിന്റെ ഒന്നാം വാർഷീകത്തിനു അടുത്താണ്. കൃത്യമായി പറഞ്ഞാൽ ചില സംഘങ്ങൾ സമരത്തിൽ കണ്ണി ചേർന്നത് മുതൽ. സമരത്തെ ഒരു പ്രത്യേക മത വിഭാഗത്തിൻറെ നിലനിൽപ്പിന്റെ പ്രശ്‌നമായി മാറ്റാൻ ശ്രമങ്ങൾ സജീവം ആയിരുന്നുതാനും.
സമാധാനപരമായി സമരം ചെയ്ത ഒരു ജനവിഭാഗത്തെ ചോരയിൽ മുക്കിയ വ്യക്തിയാണ് പുതുവൈപ്പ് നന്ദിഗ്രാം ആക്കാൻ ആരെങ്കിലും ശ്രമിക്കുന്നുണ്ടോ എന്ന സന്ദേഹം ഉയർത്തുന്നത്. ആലുവ എ.സി.പി ആയിരുന്നപ്പോൾ അങ്കമാലിയിൽ നടത്തിയ നര നായാട്ടിന്റെ പേരിൽ കമ്മ്യൂണിസ്റ്റ് വിരുദ്ധരുടെ കൈയ്യടി വാങ്ങിയ യതീഷ് ചന്ദ്ര. വിഎസും പിണറായിയും ഒരു ഭ്രാന്തൻ നായയുടെ പ്രകൃതം ഉള്ളയാൾ എന്ന് വിശേഷിപ്പിച്ച കാക്കിക്കാരൻ. അങ്കമാലി ലാത്തിച്ചാർജ് മുതൽ തന്നെ സങ്കികളുടെയും കോണ്ഗ്രസുകാരുടെയും കണ്ണിലുണ്ണി ആയി മാറിയ വ്യക്തി. കൊച്ചി മെട്രോ ഉദ്ഘാടനത്തിന് പ്രധാനമന്ത്രി എത്തുന്നതിനു മുൻപ് സമരക്കാരെ തള്ളി ചതയ്ക്കുകയും കുട്ടികളെ അടക്കം കൈയ്യാമം വൈക്കുകയും ചെയ്തു പോലീസ് ഉണ്ടാക്കിയ പ്രകോപനം എന്തിന്‍റെ സൂചനയാണ് നൽകുന്നത് ? പ്രധാനമന്ത്രിയുടെ വേദിയിലേക്ക് സമരക്കാർ എത്തുമെന്ന തരത്തിൽ വരെ ഒരു ക്രമസമാധാന പ്രശ്‌നം വഷളാക്കാൻ എന്തിനാണ് പോലീസ് ശ്രമിച്ചത് ? പ്രധാനമന്ത്രി വന്നു പോയതിന് പിന്നാലെ നടന്ന നരനായാട്ട് കഴിഞ്ഞപ്പോൾ അത് വരെ സമര രംഗത്ത് സജീവം അല്ലാതിരുന്ന ബിജെപി ഒരു മാർച്ച് നടത്തി മനപൂർവം പ്രകോപനം ഉണ്ടാക്കാൻ ശ്രമിച്ചത് എന്തിന് ? ഇതെല്ലാം കൂട്ടി വായിച്ചാൽ ഒന്ന് വ്യക്തം. കേരളത്തിലെ ക്രമ സമാധാന നില തകർന്നുവെന്നും രാഷ്ട്രീയത്തിന് അതീതമായി പൊതുജനങ്ങൾ അസ്വസ്ഥമാണ് എന്ന തരത്തിലും ഉള്ള ഒരു പ്രചാരണത്തിന് വഴിമരുന്നിടാൻ ശ്രമം നടക്കുന്നു. പുതുവൈപ്പിനെ ഒരു നന്ദിഗ്രാം ആക്കി മാറ്റാനും തദ്വാര ഇടതു വിരുദ്ധരുടെ ഐക്യ മുന്നണി രൂപപ്പെടുത്താനും ഉള്ള ഒരു ശ്രമം ആരംഭിച്ചിരിക്കുന്നു. പിണറായി സർക്കാർ ശ്രദ്ധിക്കേണ്ട ഒന്നാണ് അത്. സൂക്ഷ്മമായി വിലയിരുത്തേണ്ടതും.
പുതുവൈപ്പിനെ നന്ദിഗ്രാം ആയി താരതമ്യപ്പെടുത്താൻ പ്രേരിപ്പിക്കുന്ന ഒന്ന് കൂടിയുണ്ട്. നന്ദിഗ്രാമിലെ ജനകീയ പ്രതിഷേധത്തെ നക്‌സൽ ബാധിത മനോഭാവം എന്നാണു പോലീസ് മുദ്ര കുത്തിയത്. പുതുവൈപ്പിൽ കടുത്ത ക്രൂരത കാട്ടിയ ശേഷം പോലീസ് ആദ്യം ഉയർത്തിയ  ന്യായവും മറ്റൊന്നല്ല. പുതുവൈപ്പ് സമരത്തിനു പിന്നിൽ തീവ്രവാദികളാണെന്നാണ് എറണാകുളം റൂറൽ എസ്.പി. എ.വി.ജോർജ് പറയുന്നത് . കഴിഞ്ഞ ദിവസത്തെ സമരത്തിനിടെ തീവ്രവാദ ബന്ധമുള്ള ചിലരെ കണ്ടിരുന്നു. സ്ത്രീകൾ അടക്കമുള്ള സാധാരണക്കാർ ഇത്രവലിയ സമരത്തിനിറങ്ങുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.എങ്ങനെയുണ്ട് ന്യായം ? പൊമ്പിളെ ഒരുമൈയുടെ സമര വേദിയിൽ ഐതിഹാസികമായി പൊരുതിയ പെൺകൊടികളെ കണ്ടു ശീലിച്ച കേരളത്തിന് മുന്നിലാണ് ബാഹ്യ പ്രേരണയോടെ സ്ത്രീകൾ കൂട്ടത്തോടെ സമര രംഗത്ത് ഇറങ്ങില്ല എന്നൊക്കെ പോലീസ് തട്ടി വിടുന്നത്. സമരസമിതിയിൽ കോൺഗ്രസ് ,സി പി ഐ അടക്കമുള്ള പാർട്ടികളുടെ പ്രതിനിധികൾ ഉണ്ടെന്നും നക്‌സൽ ബന്ധം തമാശയാണെന്നും സമരസമിതി ചൂണ്ടിക്കാട്ടുന്നു.സർ, എന്ത് തീവ്രവാദികൾ ആണ് അവർ ? ജനിച്ചു വളർന്ന മണ്ണിൽ നിന്നും ബാഹ്യ കാരണങ്ങളാൽ പടിയിറക്കപ്പെടും എന്ന് ഭയക്കുന്ന അവർ കൂട്ടത്തോടെ സമരത്തിന് ഇറങ്ങിയതിൽ എന്താണ് തെറ്റ് ? അവർക്ക് ഒന്ന് മൂത്രം ഒഴിക്കാനുള്ള സൗകര്യം പോലും ഒരുക്കാതെ മനുഷ്യാവകാശ ലംഘനം നടത്തിയ നിങ്ങൾ ആണ് സർ പ്രശ്‌നകാരികൾ. ഇടതു സർക്കാരിൽ നിന്നും പൊതുജനം പ്രതീക്ഷിക്കുന്നത് ചോരയിൽ മുക്കി സമരങ്ങൾ അടിച്ചമർത്തുന്ന പോലീസ് നയമല്ല, മറിച്ച്, അനുഭാവപൂർവം സമര കാരണങ്ങൾ തിരഞ്ഞു വേണ്ടത് ചെയ്യുന്ന കരുതൽ ആണ്..

 

പുതുവൈപ്പ് അടങ്ങുന്ന ഞാറക്കൽ മണ്ഡലത്തിൻറെ പ്രതിനിധിയായ എസ്.ശർമയെയും ആരൊക്കെയോ ലക്ഷ്യം വെക്കുന്നുണ്ട് എന്ന് വ്യക്തം. നിയമസഭയിൽ പലവട്ടം പുതുവൈപ്പ് ജനതയുടെ ആശങ്ക പരിഹരിക്കണം എന്ന് ആവശ്യപെട്ട ശർമ മെട്രോ ഉദ്ഘാടന ചടങ്ങിന്റെ തലേന്ന് അറസ്റ്റു ചെയ്ത സമരക്കാരെ കാണാൻ എത്തിയയപ്പോൾ സമരക്കാർ തടഞ്ഞു വെക്കുന്നതിൽ വരെ കാര്യങ്ങൾ എത്തി. നന്ദിഗ്രാം അടങ്ങുന്ന മണ്ഡലത്തിൽ എം.പിയായിരുന്ന ലക്ഷ്മൺ സേത്തിനെ പോലെ ശർമയെ ജനകീയ വിരുദ്ധൻ ആക്കാൻ പാർട്ടി വിരുദ്ധരും പാർട്ടിയിലെ ചിലരും ശ്രമിക്കുന്നുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. സി.പി.എം ഭരിക്കുന്ന എളങ്കുന്നപ്പുഴ പഞ്ചായത്തിലാണ് പ്രശ്നം നടക്കുന്നത്.പാർട്ടിയുടെ പഞ്ചായത്തംഗം വരെ പോലീസിന്റെ കൈയിൽ നിന്ന് തല്ലുകൊണ്ടിരിക്കുകയാണ്. എന്നിട്ടും കർശനമായ നിലപാടെടുക്കാൻ പാർട്ടിക്ക് കഴിഞ്ഞിട്ടില്ല. സർക്കാർ സമീപനത്തിനനുസരിച്ച് പോലീസ് പെരുമാറിയോ എന്ന് പരിശോധിക്കണമെന്നാണ് സി.പി.എം. ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടത്. കുഴപ്പം ഉണ്ടാക്കാൻ ബോധപൂർവം ശ്രമം നടക്കുന്നുണ്ടോയെന്നും ജില്ലാ കമ്മിറ്റി ആശങ്കപ്പെടുന്നുണ്ട്.

 

പാർട്ടിയിൽ നിന്ന് പ്രതികരണം വൈകിയപ്പോൾ സ്ഥലത്തെ എം.എൽ.എ.യായ എസ്. ശർമ ഒടുവിൽ സ്വന്തം നിലയിൽ പോലീസിനെതിരെ പ്രതിഷേധവുമായി രംഗത്തുവന്നു. സമരത്തിന്റെ ആദ്യ ദിവസങ്ങളിൽ മുദ്രാവാക്യം സർക്കാരിനും ശർമയ്ക്കുമെതിരായിരുന്നു. ഇതോടെ എം.എൽ.എ.യ്ക്ക് ഇടപെടാൻ പറ്റാത്ത സ്ഥിതിയായി. അദ്ദേഹം പരസ്യമായിത്തന്നെ സമരത്തിനു നേരെ നടക്കുന്ന പോലീസ് ൈകയേറ്റങ്ങൾക്കെതിരെ പ്രതിഷേധിച്ചു.ഇത് ഇടതു സർക്കാരിന്റെ നയമല്ലെന്നും പറഞ്ഞു. എന്നാൽ ആ പ്രസ്താവന വന്ന ദിവസം തന്നെ കൂടുതൽ ശക്തമായ പോലീസ് നടപടികൾ ഉണ്ടായി. മന്ത്രി മേഴ്സിക്കുട്ടിയമ്മ ഇടപെട്ടതിന്റെ അടിസ്ഥാനത്തിൽ സമരക്കാർ ചർച്ചയ്ക്ക് സാധ്യതയുണ്ടെന്ന് കരുതിയിരിക്കുമ്പോഴാണ് അതെല്ലാം കാറ്റിൽ പറപ്പിച്ച് പോലീസിന്റെ ഇടപെടൽ ഉണ്ടായത്.അക്രമം നടത്തിയ ഡി സി പി യതീഷ് ചന്ദ്രയെ മാറ്റണമെന്നും നടപടി എടുക്കണമെന്നുമുള്ള ശർമയുടെ ആവശ്യം സർക്കാർ കണ്ട മട്ടു കാണിച്ചിട്ടില്ല .വി എസിനൊപ്പം നിൽക്കുന്ന ശർമയ്ക്കിട്ടുള്ള കൊട്ട്കൂടിയാണ് ഇതെന്ന വാദവും ഉയർന്നിട്ടുണ്ട്. സി പി എം ജില്ലാ കമ്മറ്റിയുടെ ഇക്കാര്യത്തിലെ മൗനം ഈ വാദത്തിനു ശക്തി കൂടുന്നു.അല്ലെങ്കിൽ പിന്നെ ജനകീയ പ്രക്ഷോഭം നടക്കുമ്പോൾ രാജീവിനെ പോലുള്ള ഒരു ജനകീയനായ ജില്ലാ സെക്രട്ടറി നിസംഗമായി ഇരിക്കുന്നതിന്റെ പൊരുൾ എന്താണ് ?

 

ഇന്ത്യൻ ഓയിൽ കോർപറേഷൻ എറണാകുളം പുതുവൈപ്പിനിൽ സ്ഥാപിക്കുന്ന പാചകവാതക സംഭരണ ടെർമിനലിനെതിരായ സമരത്തിൽ നിന്ന് പൊതുതാൽപ്പര്യം മുൻനിർത്തി ദേശവാസികൾ പിന്മാറണമെന്ന നിലപാടാണ് മുഖ്യമന്ത്രി ഇപ്പോഴും കൈക്കൊള്ളുന്നത്. അതേസമയം, സുരക്ഷിതത്വം സംബന്ധിച്ച് നാട്ടുകാർക്കുള്ള ആശങ്ക പൂർണ്ണമായും പരിഹരിക്കാനുളള സജ്ജീകരണങ്ങൾ ഏർപ്പെടുത്താൻ ഐഒസിക്ക് മുഖ്യമന്ത്രി നേരത്തെ നടന്ന ചർച്ചയിൽ നിർദേശവും നൽകിയിരുന്നു. ഐഒസിയുടെ സജ്ജീകരണങ്ങൾ സുരക്ഷ ഉറപ്പാക്കാൻ പര്യാപ്തമാണോയെന്ന് വിലയിരുത്താൻ ജില്ലാ കളക്ടറെ മുഖ്യമന്ത്രി ചുമതലപ്പെടുത്തി. നല്ലത്. വികസനം വരട്ടെ. അത് ജനങ്ങളുടെ മനസ്സിൽ തീ കോരിയിട്ടു കൊണ്ട് ആവണം എന്നുണ്ടോ ? ആശങ്കകൾ പരിഹരിക്കപ്പെടാവുന്നതേ ഉള്ളൂവെങ്കിൽ ചർച്ചയിലൂടെ അത് പരിഹരിക്കപ്പെടട്ടെ. അതുവരെ അല്ലെങ്കിൽ അതിനു ശേഷവും യതീഷ് ചന്ദ്രയെ പോലുള്ള ചോര കൊതിക്കുന്ന ചെന്നായ്ക്കളെ ജനകീയ സമരങ്ങൾ നടക്കുന്ന ഇടങ്ങളിലേക്ക് പറഞ്ഞു വിടാതെ ഇരിക്കാനുള്ള ഔചിത്യം ഇടതു സർക്കാർ കാണിച്ചേ പറ്റൂ.. അല്ലെങ്കിൽ വളരെ പെട്ടന്ന് തന്നെ പുതുവൈപ്പ് നന്ദിഗ്രാമും എസ്.ശർമ എന്ന സൗമ്യനായ നേതാവ് ലക്ഷ്മൺ സേത്തും ആയി മാറും….സര്‍ക്കാര്‍ ഒപ്പമുണ്ട് എന്ന വാചകം വെറും വാചകമടി മാത്രമാകാതെ ഇരിക്കാന്‍ സര്‍ക്കാരുമായുള്ള ചര്‍ച്ചയില്‍ വിശ്വാസം ഇല്ലെന്നു പറയുന്ന ഒരു ജനതയെ നെഞ്ചോടു ചേര്‍ത്ത് ആശ്വസിപ്പിച്ച് അവരുടെ പ്രശ്നങ്ങളുടെ കുരുക്ക് അഴിച്ചേ മതിയാകൂ ….