പുതുവൈപ്പ് സമരം: പുതിയ വാദവുമായി പോലീസ്; സമരത്തിനു പിന്നില്‍ തീവ്രവാദികളെന്ന്

0
133

പുതുവൈപ്പില്‍ സമരം ചെയ്യാനെത്തിയ ജനങ്ങളെ അതിക്രൂരമായി തല്ലിച്ചതച്ച പോലീസ് പുതിയ വാദവുമായി രംഗത്ത്. സമരത്തിനു പിന്നില്‍ തീവ്രവാദികളാണെന്ന് എറണാകുളം റൂറല്‍ എസ്.പി. എ.വി.ജോര്‍ജ് പറഞ്ഞു. കഴിഞ്ഞ ദിവസത്തെ സമരത്തിനിടെ തീവ്രവാദ ബന്ധമുള്ള ചിലരെ കണ്ടിരുന്നു. സ്ത്രീകള്‍ അടക്കമുള്ള സാധാരണക്കാര്‍ ഇത്രവലിയ സമരത്തിനിറങ്ങുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

സമരക്കാര്‍ക്കെതിരെ മനുഷ്യാവകാശ ലംഘനം ഉണ്ടായിട്ടില്ല. പോലീസിനെതിരായ ഇത്തരം ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണ്. കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തവരെ പുറത്തുവിടാമെന്ന് പോലീസ് അറിയിച്ചെങ്കിലും സമരക്കാര്‍ പിരിഞ്ഞു പോകാന്‍ കൂട്ടാക്കിയില്ല. തുടര്‍ന്ന് ഗത്യന്തരമില്ലാതെ ഇവരെ കോടതിയില്‍ ഹാജരാക്കാന്‍ പോവുകയാണെന്നും ജോര്‍ജ് പറയുന്നു.

സമരത്തിനിറങ്ങിയവരെ കഴിഞ്ഞ ദിവസം ക്രൂരമായി നേരിട്ട പോലീസ് നടപടിക്കെതിരെ വിവിധ സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ എറണാകുളം ജില്ലയില്‍ പുരോഗമിക്കുകയാണ്. ഐ.ഒ.സിയുടെ എല്‍.പി.ജി സംഭരണശാല അടച്ചുപൂട്ടുംവരെ സമരവുമായി മുന്നോട്ടു പോകുമെന്നു സമരസമിതിയും അറിയിച്ചിട്ടുണ്ട്.