പുതുവൈപ്പ് സമരം: റിമാന്‍ഡ് ചെയ്യണമെന്ന് സമരക്കാര്‍; പിഴയൊടുക്കിയാല്‍ മതിയെന്ന് കോടതി; നാടകീയ രംഗങ്ങള്‍

0
121

തങ്ങളെ റിമാന്‍ഡ് ചെയ്ത് ജയിലിലാക്കണമെന്ന് പുതുവൈപ്പ് ഐ.ഒ.സി പ്ലാന്റിനെതിരെ സമരം ചെയ്തവര്‍ കോടതിയില്‍. എന്നാല്‍ റിമാന്‍ഡ് ചെയ്യാന്‍ വ്യവസ്ഥചെയ്യുന്ന കുറ്റകൃത്യം സമരക്കാര്‍ ചെയ്തിട്ടില്ലെന്നും പിഴയൊടുക്കിയാല്‍ മാത്രം മതിയാകുമെന്നും കോടതി പറഞ്ഞു. എന്നാല്‍, റിമാന്‍ഡ് ചെയ്യണമെന്ന ആവശ്യത്തില്‍ ഉറച്ചുനിന്ന സമരക്കാര്‍ കോടതിയില്‍നിന്ന് പുറത്തുപോകാന്‍ വിസമ്മതിച്ചു. ഇതേത്തുടര്‍ന്ന് അഞ്ച് മിനിട്ടിനകം സമരക്കാര്‍ കോടതിയില്‍നിന്ന് പുറത്തുപോകണമെന്ന കര്‍ശന നിര്‍ദേശം മജിസ്ട്രേട്ട് നല്‍കി. ഇക്കാര്യം കോടതി സൂപ്രണ്ട് ഉറപ്പുവരുത്തണമെന്നും നിര്‍ദേശിച്ചു. ഇതാകട്ടെ സമരക്കാരെ ഹാജരാക്കിയ ഞാറയ്ക്കല്‍ കോടതിയില്‍ നാടകീയ രംഗങ്ങള്‍ക്ക് വേദിയൊരുക്കി.

പോലീസ് കസ്റ്റഡിയില്‍ മര്‍ദനമേറ്റുവെന്ന സമരക്കാരുടെ പരാതിയില്‍ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിച്ചു. പോലീസിനെതിരെ ഗുരുതര ആരോപണങ്ങളാണ് സമരക്കാര്‍ കോടതിയില്‍ ഉന്നയിച്ചത്. പോലീസിന്റെ ഇടപെടല്‍മൂലം നാട്ടില്‍ ജീവിക്കാന്‍ കഴിയാത്ത സാഹചര്യമാണെന്ന് സ്ത്രീകള്‍ അടക്കമുള്ള സമരക്കാര്‍ കോടതിയില്‍ പറഞ്ഞു. കസ്റ്റഡിയില്‍ പ്രാഥമിക ആവശ്യങ്ങള്‍ക്കുപോലും സൗകര്യം നല്‍കിയില്ലെന്നും സമരക്കാര്‍ ആരോപിച്ചു.

റിമാന്‍ഡ് ചെയ്യണമെന്ന ആവശ്യവുമായി നിന്നതിനെ തുടര്‍ന്ന് കോടതി കര്‍ശന നിര്‍ദേശം നല്‍കിയപ്പോഴാണ് സമരക്കാര്‍ പുറത്തിറങ്ങാന്‍ തയാറായത്.

ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ടുപോകുമെന്ന് സമരക്കാര്‍ പറഞ്ഞു.