പുതുവൈപ്പ് സമരത്തില്‍ കസ്റ്റഡിയിലുള്ള സ്ത്രീകളോട് പോലീസിന്റെ അപമര്യാദയെന്ന് പരാതി

0
82

പുതുവൈപ്പിലെ ഐ.ഒ.സിയുടെ എല്‍.പി.ജി. ടെര്‍മിനല്‍ പദ്ധതിക്കെതിരെ സമരം ചെയ്തതിനെ തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത സ്ത്രീകളോട് പോലീസിന്റെ അപമര്യാദയെന്ന് പരാതി. സ്ത്രീകള്‍ക്ക് പ്രാഥമികാവശ്യങ്ങള്‍ നിഷേധിക്കുന്നതായിട്ടാണ് പരാതി. ഇവര്‍ക്ക് പ്രാഥമിക ആവശ്യങ്ങള്‍ക്കായി പോലീസ് സ്റ്റേഷനിലുളള ശുചിമുറി ഉപയോഗിക്കാന്‍ പോലീസുകാര്‍ അനുമതി നല്‍കിയില്ല.

ഇന്നലെ സമരത്തിനിടെ 122 പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇതില്‍ 87പേര്‍ സ്ത്രീകളാണ്.74 പേരെ കളമശേരി എ.ആര്‍. ക്യാമ്പിലേക്കും 48 പേരെ മുനമ്പം പോലീസ് സ്റ്റേഷനിലുമാണ് എത്തിച്ചത്. സംഘര്‍ഷവുമായി ബന്ധപ്പെട്ട് രണ്ടുകേസുകള്‍ ഇവര്‍ക്കെതിരെ ഞാറക്കല്‍ പോലീസ് ചാര്‍ജ് ചെയ്തിരുന്നു.

ഐ.ഒ.സി. പദ്ധതി കവാടത്തിലേക്ക് തളളിക്കയറാന്‍ ശ്രമിച്ചതിനും പോലീസിനെ ആക്രമിച്ചതിനുമാണ് കേസ്. ആദ്യത്തെ കേസില്‍ സമരസമിതി നേതാക്കള്‍ ഉള്‍പ്പെടെ കണ്ടാലറിയുന്ന 300 പേരും രണ്ടാമത്തെ കേസില്‍ 70 പേരുമാണ് പ്രതിസ്ഥാനത്തുളളത്. ജാമ്യം വേണ്ടെന്ന നിലപാടാണ് അറസ്റ്റിലായ വൃദ്ധരും സ്ത്രീകളും അടക്കമുളളവര്‍. വെളളിയാഴ്ച നടന്ന ചര്‍ച്ചകളില്‍ സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ പാലിക്കാത്ത സാഹചര്യത്തില്‍ രേഖാമൂലമായ ഉറപ്പ് ലഭിച്ചശേഷമെ ജാമ്യം എടുക്കുവെന്ന് സമരസമിതി നേതാക്കള്‍ പറഞ്ഞു. മുഖ്യമന്ത്രി വിളിച്ച ചര്‍ച്ചയ്ക്കായി തിരുവനന്തപുരത്തേക്ക് പോകില്ലെന്നും സമരസമിതി നേതാക്കള്‍ അറിയിച്ചു.