പെമ്പിളൈ ഒരുമൈ പ്രവർത്തകനെതിരെയുള്ള കള്ളക്കേസ് ഗൂഢാലോചനയെന്ന്

0
87

കൊച്ചി: മാവോയിസ്റ്റ് ബന്ധമാരോപിച്ച് പെമ്പിളൈ ഒരുമൈ പ്രവർത്തകനെതിരെ കള്ളകേസെടുത്ത നടപടി ഗൂഡാലോചനയെന്ന് പെമ്പിള ഒരുമൈയുടെയും ഭൂഅധികാര സംരക്ഷണ സമിതിയുടെയും ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. പെമ്പിളൈ ഒരുമൈ സംഘാടകനായ മനോജ് ജെയിംസിനെയാണ് മാവോവാദമാരോപിച്ച് കള്ളക്കേസിൽ കുടുക്കിയത്.   നിരോധിത സംഘടനകളുമായി മനോജിന് ബന്ധമുണ്ടെന്ന സംശയത്തിൽ 15 ന് ഇയാളെ കസ്റ്റഡിയിലെടുത്തിരുന്നു.  മാവോയിസ്റ്റ് നേതാവ് ജെയ്സൺ സികൂപ്പർ ഉൾപ്പെടെയുളളവരുമായി മനോജിന് അടുത്ത ബന്ധമാണെന്നും അഞ്ചിലേറെ തവണ ജെയ്സ്ൺ പെമ്പിളൈ ഒരുമൈ സമരത്തിനെത്തിയിരുന്നു വെന്നും രഹസ്യാന്വേഷണ വിഭാഗത്തിനു ലഭിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. മാവോയിസ്റ്റ് ബന്ധമുളളവരുമായി ചർച്ച നടത്തി എന്നാരോപിക്കുന്ന മേയ് 29,30,31 തീയതികളിൽ താൻ വീട്ടിലായിരുന്നില്ലെന്നും ഉദ്യോഗസ്ഥർ അന്വേഷിച്ചതായി അയൽവാസികളിൽ നിന്നറിഞ്ഞ് കാരണം തിരക്കി സ്ഥലത്തെത്തിയ തന്നെ കാരണം പോലും വ്യക്തമാക്കാതെ 24 മണിക്കൂറോളം തടഞ്ഞു വയ്ക്കുകയായിരുന്നുവെന്ന് പത്രസമ്മേളനത്തിൽ പങ്കെടുത്ത മനോജ് ജെയിംസ് പറഞ്ഞു. തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയതും പെമ്പിളൈ ഒരുമൈയും  ഭൂഅധികാര സംരക്ഷണസമിതിയും ചേർന്ന് തന്നെ ജാമ്യത്തിലെടുത്തത്. തനിക്ക് ജെയ്സണെ പരിചയമില്ലെന്ന് പോലീസിനോട് വ്യക്തമാക്കി. ചോദ്യം ചെയ്യലിൽ തന്നെ സംബന്ധിക്കുന്ന കാര്യങ്ങൾ മാത്രമാണ് ചോദിച്ചത്. മാവോയിസ്റ്റുകളുമായി യാതൊരു ബന്ധവുമില്ലെന്നിരിക്കെ ഇത്തരമൊരു നടപടിയിലൂടെ തന്നെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചതിന് മുഖ്യമന്ത്രി മറുപടി പറയണമെന്നും മനോജ് ആവശ്യപ്പെട്ടു.
ടാറ്റാ ഹാരിസൺ കൈവശപ്പെടുത്തിയിരിക്കുന്ന അഞ്ച് ലക്ഷം ഏക്കർ ഭൂമി തിരിച്ചുപിടിക്കണമെന്ന എംജി രാജമാണിക്യം റിപ്പോർട്ട് നടപ്പിലാക്കുവാൻ സർക്കാർ തയറാകണമെന്ന് പത്രസമ്മേളനത്തിൽ പങ്കെടുത്ത ഭൂ അധികാര സംരക്ഷണ സമിതി കൺവീനർ എം ഗീതാനന്ദൻ പറഞ്ഞു. പെമ്പളൈ ഒരുമൈ പ്രവർത്തകരെ കള്ളക്കേസിൽ കുടുക്കുവാനുള്ള സർക്കാർ നീക്കങ്ങൾക്കെതിരെ 26ന് ഹൈക്കോടതി  ജംഗ്ഷനിൽ ഭൂഅധികാര സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ പൗരാവകാശ സത്യാഗ്രഹം സംഘടിപ്പിക്കുമെന്നും ഗീതാനന്ദൻ അറിയിച്ചു.