ബലാത്സംഗക്കേസില്‍ ജാമ്യത്തിന് യു.പി. മുന്‍ മന്ത്രി 10 കോടി കോഴ കൊടുത്തു

0
78

ബലാത്സംഗക്കേസില്‍ ജാമ്യം ലഭിക്കുന്നതിന് യു.പി. മുന്‍ മന്ത്രി ഗായത്രി പ്രജാപതി 10 കോടി രൂപ കോഴ കൊടുത്തതായി ആലഹാബാദ് ഹൈക്കോടതിയുടെ നിര്‍ദേശത്തില്‍ നടന്ന ഉന്നതതല അന്വേഷണത്തില്‍ കണ്ടെത്തി. മുതിര്‍ന്ന ജഡ്ജിമാര്‍ ഉള്‍പ്പെടെ പങ്കെടുത്ത വന്‍ ഗൂഡാലോചനയുടെ ഭാഗമായാണ് പ്രജാപതിക്ക് ജാമ്യം ലഭിച്ചതെന്നാണ് റിപ്പോര്‍ട്ട്.

ബലാത്സംഗക്കേസില്‍ പ്രജാപതിക്ക് ജാമ്യം ലഭിച്ചത് സംബന്ധിച്ച് അന്നുതന്നെ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. തുടര്‍ന്ന് അലഹാബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ദിലീപ് ബി. ബോസ്‌ലെ അന്വേഷണത്തിന് നിര്‍ദേശിക്കുകയായിരുന്നു. പ്രധാന ക്രിമിനല്‍ കേസുകളും ബലാത്സംഗ കേസുകളും കൈകാര്യം ചെയ്യുന്നതിലും ജഡ്ജിമാരുടെ നിയമനത്തിലും ഉള്‍പ്പെടെ വന്‍ അഴിമതി നടക്കുന്നതായാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്.

വിരമിക്കാന്‍ മൂന്നാഴ്ച മാത്രമുള്ളപ്പോള്‍ ഏപ്രില്‍ ഏഴിന് പോക്‌സോ കോടതിയിലേക്ക് വന്ന കേസില്‍ അഡീഷണല്‍ ജില്ലാ, സെഷന്‍സ് ജഡ്ജി ഒ.പി.മിശ്രയാണ് ഏപ്രില്‍ 25ന് പ്രജാപതിക്ക് ജാമ്യം അനുവദിച്ചതെന്ന് ബോസ്‌ലെ പറഞ്ഞു. ചട്ടങ്ങള്‍ മറികടന്ന് നിയമനം നേടിയതിനു ശേഷം ഒരു വര്‍ഷമായി വിജയകരമായി കേസ് കൈകാര്യം ചെയ്തിരുന്ന ജഡ്ജിയെ മാറ്റിയാണ് കേസ് മിശ്ര ഏറ്റെടുത്തത്.

സൂപ്രീം കോടതി നിര്‍ദേശത്തെ തുടര്‍ന്ന് ഫെബ്രുവരി 17നാണ് 49 കാരനായ പ്രജാപതിക്കെതിരേ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തത്. അഖിലേഷ് യാദവ് മുഖ്യമന്ത്രിയായ സര്‍ക്കാരില്‍ മന്ത്രിയായിരുന്നു പ്രജാപതി. 2014ല്‍ ഒരു സ്ത്രീയെ ബലാത്സംഗം ചെയ്തതിനും അവരുടെ പ്രായപൂര്‍ത്തിയാകാത്ത മകളെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചതിനും പ്രജാപതിയെ അറസ്റ്റു ചെയ്യുകയും മാര്‍ച്ച് 15ന് ലക്‌നൗ ജയിലിലടക്കുകയും ചെയ്തിരുന്നു.