മെട്രോയിൽ ജോലി നല്കാമെന്ന് പറഞ്ഞ് കബളിപ്പിച്ചതായി ഭിന്നലിംഗക്കാർ

0
120

കൊച്ചി: മെട്രോയിൽ ജോലി നൽകാമെന്ന് പറഞ്ഞ് കബളിപ്പിച്ചതായി ഭിന്നലിംഗക്കാരായ ആലുവ സ്വദേശിനി ആതിരയും (47) കാഞ്ഞിരമറ്റം സ്വദേശിനി ശാന്തിയും (52) പത്രസമ്മേളനത്തിൽ ആരോപിച്ചു. മെട്രോ ജോലിക്ക് മുന്നോടിയായുളള ഒരു മാസത്തെ പരിശീലനപരിപാടിയിൽ പങ്കെടുത്തിട്ടുള്ള ഇവരെ പിന്നീട് ഒഴിവാക്കുകയായിരുന്നു. പഠിപ്പും പ്രായവും കാര്യമില്ലെന്ന് ആദ്യം പറഞ്ഞ കുടുംബശ്രീ അധികൃതർ പിന്നീട് ഇക്കാര്യം പറഞ്ഞ് തങ്ങൾക്ക് ജോലി നിഷേധിച്ചു. ഹൗസ് കീപ്പിംഗ് വിഭാഗത്തിലാണ് ഇവർക്ക് പരിശീലനം ലഭിച്ചത്. ഒരുമാസത്തോളം തങ്ങൾക്ക് പരിശീലനം നൽകി. എന്നാൽ മെട്രോയുടെ ഉദ്ഘാടനം കഴിഞ്ഞിട്ടും തങ്ങൾക്ക് ഇതുവരെ ജോലി നൽകിയിട്ടില്ലെന്ന് ഇരുവരും പറഞ്ഞു. ആറ് വർഷമായി നഗരത്തിലെ ഒരു ഫൈവ് സ്റ്റാർ ഹോട്ടലിൽ പണിയെടുത്തിരുന്ന ശാന്തി മെട്രോ ഉദ്യോഗത്തിനായി ആ ജോലി ഉപേക്ഷിച്ചു. ഇവരുടെ വരുമാനം കൊണ്ടാണ് നാല് പേരടങ്ങിയ കുടുംബം നിലനിന്നിരുന്നത്. ജോലി ഇല്ലാതായതോടെ ജീവിതം വഴിമുട്ടി. തയ്യൽ ജോലികൾ ചെയ്താണ് ആലുവ സ്വദേശിയായ ആതിര കഴിഞ്ഞിരുന്നത്. ജോലിയുടെ കാര്യത്തിൽ അനിശ്ചി തത്വമായതോടെ അപമാനവും അവഹേളവും ഭയന്ന് വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയായി. 23 ട്രാൻസ്ജൻഡേഴ്സിന് മെട്രോയിൽ ജോലി ലഭിച്ചുവെന്ന പ്രചാരണം ശരിയല്ല. യഥാർഥത്തിൽ 12 പേർ മാത്രമാണ് ജോലിക്ക് ചേർന്നിട്ടുളളത്. എറണാകുളം ജില്ലക്കാരായിട്ടും തങ്ങൾ അവഗണിക്കപ്പെട്ടു. ഇതുസംബന്ധിച്ച് കുടുംബശ്രീ, കെഎംആർഎൽ, പൊലീസ് ഉൾപ്പെടെയുളളവർക്ക് പരാതി നല്കിയെങ്കിലും നടപടിയുണ്ടായില്ലെന്ന് ഇരുവരും പറഞ്ഞു. അതേസമയം തങ്ങൾ നൽകിയിരുന്ന ഉദ്യോഗാർഥികളുടെ ലിസ്റ്റിൽ ഉൾപ്പെട്ടിരുന്ന ആതിരയും ശാന്തിയും നിശ്ചിത യോഗ്യതയില്ലാത്തതിനാലാണ് ഒഴിവാക്കപ്പെട്ടതെന്ന് കുടുംബശ്രീ അധികൃതർ പറഞ്ഞു. ഹൗസ് കീപ്പിംഗിന് എട്ടാം ക്ലാസാണ് യോഗ്യതയായി നിശ്ചയിച്ചിരുന്നത്. എന്നാൽ ഇവർക്ക് ഈ യോഗ്യതയില്ലായിരുന്നു. ഇവരെ ഉദ്യോഗത്തിനായി പരിഗണിക്കണമെന്നും ആവശ്യമെങ്കിൽ കൂടുതൽ പരിശീലനം നൽകാൻ തയ്യാറാണെന്നും കാണിച്ച് കെഎംആർഎൽ എംഡിക്ക് കഴിഞ്ഞ ആഴ്ച വീണ്ടും കത്ത് നൽകി. അനുകൂലതീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും കുടുംബശ്രീ വക്താവ് പറഞ്ഞു.