രാംനാഥ് കോവിന്ദ് ബി.ജെ.പിയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥി

0
113

ബിഹാര്‍ ഗവര്‍ണര്‍ രാംനാഥ് കോവിന്ദിനെ എന്‍.ഡി.എയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു. ഇന്നു ചേര്‍ന്ന ബി.ജെ.പി. പാര്‍ലമെന്റ് ബോര്‍ഡ് യോഗമാണ് സ്ഥാനാര്‍ഥിയെ തെരഞ്ഞെടുത്തത്.

ബി.ജെ.പി മുന്‍ വക്താവും ദളിത് മോര്‍ച്ച പ്രസിഡന്റുമായിരുന്ന രാംനാഥ് കോവിന്ദിന്റെ പേര് രാഷ്ട്രപതി സ്ഥാനാര്‍ഥി ചര്‍ച്ചകളില്‍ ഒരിക്കല്‍ പോലും ഉയര്‍ന്നുവന്നിരുന്നില്ല. ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍നിന്നുള്ള ബി.ജെ.പിയുടെ ദളിത് നേതാവാണ് രാംനാഥ്. രണ്ടു തവണ രാജ്യസഭാംഗമായിരുന്നു. 71 വയസുകാരനായ രാംനാഥ് കോവിന്ദ് സുപ്രീം കോടതിയിലെ മികവുറ്റ അഭിഭാഷകനായിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനായ യോഗത്തില്‍ പാര്‍ട്ടി അദ്ധ്യക്ഷന്‍ അമിത് ഷായ്ക്ക് പുറമെ കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിംഗ്, അരുണ്‍ ജെയ്റ്റ്ലി, സുഷമാ സ്വരാജ്, നിതിന്‍ ഗഡ്ക്കരി തുടങ്ങിയവര്‍ പങ്കെടുത്തിരുന്നു.

എല്ലാവരും പിന്തുണയ്ക്കുമെന്ന് തന്നെയാണ് പ്രതീക്ഷയെന്ന് പാര്‍ട്ടി തീരുമാനം വിശദീകരിക്കവെ അമിത് ഷാ പറഞ്ഞു.

തീരുമാനം പ്രധാനമന്ത്രി നരേന്ദ്ര മോദി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെയും മറ്റ് പ്രതിപക്ഷ നേതാക്കളെയും അറിയിച്ചിട്ടുണ്ട്. എന്നാല്‍ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ബി.ജെ.പി സ്ഥാനാര്‍ഥിയെ പിന്തുണക്കുമോ അതോ സ്വന്തം നിലയില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തുമോ എന്ന കാര്യം ഇതുവരെ വ്യക്തമായിട്ടില്ല.

ഈ മാസം 23ന് രാംനാഥ് കോവിന്ദ് പത്രിക നല്‍കും.