രാഷ്ട്രപതി തെരഞ്ഞെടുപ്പ്: മത്സരത്തിന് കളമൊരുങ്ങി

0
142

എന്‍.ഡി.എയുടേതായി ബി.ജെ.പി. അധ്യക്ഷന്‍ അമിത് ഷാ പ്രഖ്യാപിച്ച രാംനാഥ് കോവിന്ദിനെ അംഗീകരിക്കാതെ പ്രതിപക്ഷ പാര്‍ട്ടികള്‍. സ്ഥാനാര്‍ഥിയെ നിശ്ചയിച്ചതിനു ശേഷമാണ് ബി.ജെ.പി. കൂടിയാലോചന നടത്തിയതെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. ആര്‍.എസ്.എസ്. അജണ്ടയാണെന്ന് സി.പി.എം. ജനറല്‍ സെക്രട്ടറി സിതാറാം യച്ചൂരി പറഞ്ഞു. എന്‍.ഡി.എ. സ്ഥാനാര്‍ഥി അത്ഭുതപ്പെടുത്തിയെന്ന് തൃണമൂല്‍ നേതാവ് മമതാ ബാനര്‍ജി പറഞ്ഞു. എന്‍.ഡി.എ. സ്ഥാനാര്‍ഥിക്ക് പിന്തുണയില്ലെന്ന് സഖ്യകക്ഷിയായ ശിവസേനയും പ്രതികരിച്ചു. ഇതോടെ രാഷ്ട്രപതി സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടക്കുമെന്ന് ഉറപ്പായി.
അതേസമയം ടി.ആര്‍.എസ്. ബി.ജെ.പിക്ക് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. നിതീഷ് കുമാറും മായാവതിയും മികച്ച സ്ഥാനാര്‍ഥിയാണെന്ന് പ്രഖ്യാപിച്ചുകഴിഞ്ഞു.

ഇനി നിര്‍ണായകമാകുന്നത് പ്രാദേശിക പാര്‍ട്ടികളുടെ തീരുമാനമാകും. ബി.ജെ.പിക്കൊപ്പം ചേരാത്തവരുടെ സഖ്യം കെട്ടിപ്പടുക്കാന്‍ കോണ്‍ഗ്രസും സി.പി.എമ്മും ചേര്‍ന്ന പ്രതിപക്ഷത്തിനായാല്‍ എന്‍.ഡി.എയുടെ ഭാവി നിശ്ചയിക്കാം.

രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ഇന്ത്യയില്‍ വിജയിക്കുകയെന്നാല്‍ രാഷ്ട്രീയ തന്ത്രമാണ്. ഇന്ത്യയിലെ ദളിത് സമൂഹത്തെ ലക്ഷ്യമിട്ടാണ് ബി.ജെ.പി. സ്ഥാനാര്‍ഥിനിര്‍ണയംപോലും നടത്തിയിരിക്കുന്നത്. 2019ലെ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് അവരുടെ നീക്കമെന്ന് വ്യക്തമാണ്. എന്നാല്‍ മുന്‍കാലങ്ങളിലെ കാര്യം പരിശോധിച്ചാല്‍ രാഷ്ട്രപതി തെരഞ്ഞെടുപ്പ് അത്ര എളുപ്പമുള്ള കാര്യമല്ലെന്നു കാണാം.

 

അഞ്ച് വര്‍ഷം മുമ്പ് ഭരണകക്ഷിയായ യു.പി.എക്ക് ഉണ്ടായിരുന്നത് 33 ശതമാനം വോട്ട്. പ്രാദേശിക പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കിയാണ് എന്‍.ഡി.എയുടെ സ്ഥാനാര്‍ഥിയായ പി.എ.സങ്മയെ അവര്‍ പരാജയപ്പെടുത്തിയത്. അതുകൊണ്ടുതന്നെ ഇത്തവണയും നിര്‍ണായകമാകുക പ്രാദേശിക പാര്‍ട്ടികളായിരിക്കും.
ഇത്തവണ എന്‍.ഡി.എയ്ക്ക് 47. ശതമാനം വോട്ടുണ്ട്, അതായത് 5.27 ശതമാനം വോട്ട്. യു.പി.എയും ബി.ജെ.പിയെ എതിര്‍ക്കുമെന്ന് പ്രഖ്യാപിച്ചുകഴിഞ്ഞവരുടേയും വോട്ട് ചേര്‍ത്ത് 4.34 ലക്ഷം വോട്ടുമുണ്ട്.

ലോക്സഭയിലേയും രാജ്യസഭയിലേയും സംസ്ഥാന നിയമസഭകളിലേയും അംഗങ്ങളാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍മാര്‍. ഉദാഹരണത്തിന് ഉത്തര്‍പ്രദേശില്‍നിന്നുള്ള എം.എല്‍.എമാര്‍ക്ക് രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ 208 വോട്ടുണ്ട്. അതേസമയം സിക്കിമിന് ഏഴ് വോട്ടുകള്‍ മാത്രമാണുള്ളത്. അടുത്തിടെ അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പ് ഫലത്തെ തുടര്‍ന്ന് വോട്ട് ശതമാനത്തില്‍ കാര്യമായ മാറ്റമുണ്ടായി. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, മണിപ്പൂര്‍, ഗോവ സംസ്ഥാനങ്ങളിലെ ബി.ജെ.പിയുടെ തകര്‍പ്പന്‍ പ്രകടനത്തിലൂടെ എന്‍.ഡി.എയുടെ വോട്ട് 6.5 ശതമാനം ഉയര്‍ന്നു.

ഇതോടെ ഭരണപക്ഷവും പ്രതിപക്ഷവുമായി ഉള്ള വോട്ട് വ്യത്യാസം ഒരു ലക്ഷത്തില്‍ താഴെ വോട്ട് മാത്രമായി. നിഷ്പക്ഷ വോട്ടുകള്‍ 1.19 ലക്ഷത്തിലും അധികം വരും. 5.27 ലക്ഷം വോട്ടുള്ള എന്‍.ഡി.എക്ക് ഇനി 20,390 വോട്ടുകൂടി വേണം സ്വന്തം സ്ഥാനാര്‍ഥിയെ വിജയിപ്പിക്കാന്‍. സ്വതന്ത്രര്‍ വോട്ട് ചെയ്താലും 5000 വോട്ടുകൂടി എന്‍.ഡി.എക്ക് വേണ്ടിവരും. പാര്‍ട്ടി വിപ്പ് ബാധകമല്ലാത്തതിനാല്‍ അത് അവര്‍ക്ക് ബുദ്ധിമുട്ടാകില്ല. ഇതാണ് ഇതുവരെ നിലപാട് വ്യക്തമാക്കാത്ത നിഷ്പക്ഷ പാര്‍ട്ടികളുടെ സാധ്യത വര്‍ധിപ്പിക്കുന്നത്.

തമിഴ്നാട്ടിലെ ഭരണകക്ഷിയായ എ.ഐ.എ.ഡി.എം.കെ., ഒഡിഷയിലെ ബി.ജെ.ഡി., തെലുങ്കാനയിലെ ടി.ആര്‍.എസ്. എന്നീ പാര്‍ട്ടികളുടെ നിലപാടാണ് നിര്‍ണായകമാകുന്നത്. എ.ഐ.എ.ഡി.എം.കെയ്ക്ക് 59,000 വോട്ടും ബി.ജെ.ഡിക്ക് 36,500 വോട്ടും ടി.ആര്‍.എസിന് 23,200 വോട്ടുമുണ്ട്. ഈ മൂന്നു പാര്‍ട്ടികളും മുന്‍കാലങ്ങളില്‍ ഭരണകക്ഷിക്ക് വോട്ടുചെയ്ത ചരിത്രമുള്ളവരാണ്. 47.5 ശതമാനം വോട്ട് എന്‍.ഡി.എക്ക് കൂട്ടിയിട്ടുണ്ടെങ്കിലും സഖ്യകക്ഷിയായ ശിവസേന പിന്തുണക്കില്ലെന്ന് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ ബി.ജെ.പിയുടെ നില പരുങ്ങലിലാക്കും. കഴിഞ്ഞ രണ്ട് രാഷ്ട്രപതി തെരഞ്ഞെടുപ്പുകളിലും അവര്‍ പ്രതിഭാ പാട്ടീലിനും പ്രണബ് മുഖര്‍ജിക്കുമാണ് വോട്ട് ചെയ്തത്. 25,893 വോട്ടാണ്, അതായത് 2.5 ശതമാനം വോട്ടാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ശിവസേനക്കുള്ളത്. ശിവസേനയുടെ ഇല്ലാത്ത സാഹചര്യത്തില്‍ ബി.ജെ.പിക്ക് നേടാനുള്ള വോട്ട് 20,390ല്‍നിന്നും 46,000 ആയി ഉയര്‍ന്നിട്ടുണ്ട്. അതുകൊണ്ടാണ് 5.5 ശതമാനം വോട്ടുള്ള എ.ഐ.എ.ഡി.എം.കെയും 3.5 വോട്ടുള്ള ബി.ജെ.ഡിയും രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ നിര്‍ണായകമാകും