റിയാസ് മൗലവി വധം: കുറ്റപത്രം സമർപ്പിച്ചു

0
169

കാസര്‍ഗോഡ്‌ പഴയ ചൂരിയിലെ മദ്രസാധ്യാപകൻ റിയാസ് മൗലവിയെ കൊന്ന കേസിൽ പ്രത്യേക അന്വേഷണ സംഘം ഇന്ന് രാവിലെ കാസർഗോഡ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. അന്വേഷണ സംഘത്തലവൻ സി.ഐ. പി.കെ സുധാകരനാണ് കുറ്റപത്രം സമർപ്പിച്ചത്. 1000 പേജുള്ള കുറ്റപത്രത്തിൽ 100 സാക്ഷികളുണ്ട്. ഇതിൽ രണ്ട് ദൃക്സാക്ഷികളും പെടും. 50 തൊണ്ടി മുതലുകളും 45 രേഖകളും ശാസ്ത്രീയ തെളിവുകളും ഡി.എൻ.എ പരിശോധനാഫലവും കുറ്റപത്രത്തിൽ ഉൾപ്പെടുന്നു. മാർച്ച് 21ന് അർധരാത്രിയാണ് പഴയ ചൂരി മദ്രസാധ്യാപകനായ കുടക് സ്വദേശി റിയാസ് മൗലവിയെ പള്ളിയിലെ താമസസ്ഥലത്ത് കയറി കൊലപ്പെടുത്തിയത്.

വർഗീയകലാപം സൃഷ്ടിക്കാൻ ആസൂത്രണംചെയ്ത സംഭവവുമായി ബന്ധപ്പെട്ട കേസിൽ ആഭ്യന്തരവകുപ്പിന്റെ പ്രത്യേക അനുമതിയോടെയാണ് കുറ്റപത്രം തയാറാക്കിയത്. സർക്കാർ നിയോഗിച്ച സ്പെഷൽ പ്രോസിക്യൂട്ടർ അഡ്വ. എം. അശോകനുമായി ക്രൈംബ്രാഞ്ച് എസ്.പി ഡോ. എ. ശ്രീനിവാസൻ കൂടിയാലോചന നടത്തിയശേഷമാണ് കുറ്റപത്രത്തിന്റെ അന്തിമരൂപം തയാറാക്കിയത്.  കേളുഗുഡ്ഡെ അയ്യപ്പനഗർ ഭജനമന്ദിരത്തിന് സമീപത്തെ അജേഷ് എന്ന അപ്പു(20), കേളുഗുഡ്ഡെയിലെ നിതിൻ (19), കേളുഗുഡ്ഡെ ഗംഗൈ നഗറിലെ അഖിലേഷ് എന്ന അഖിൽ (25) എന്നിവരാണ് കേസിലെ പ്രതികൾ. 90 ദിവസത്തിനകം കുറ്റപത്രം കോടതിയിൽ സമർപ്പിക്കാൻ പൊലീസിന് സാധിച്ചു എന്നത് അന്വേഷണ സംഘത്തിന്റെ മികവാണ്. അതിനാൽ തന്നെ പ്രതികൾക്ക് 90 ദിവസത്തിനകം ജാമ്യം കിട്ടാവുന്ന നിയമപരിരക്ഷക്ക് സാധ്യതയില്ല. പ്രതികൾക്കെതിരെ 153 എ വകുപ്പ് ചുമത്തിയതിനാൽ ആഭ്യന്തര വകുപ്പിന്റെ പ്രത്യേക അനുമതിയോടെയാണ് കുറ്റപത്രം സമർപ്പിച്ചത്.