ഏഷ്യന്‍ ചാമ്പ്യന്മാരായ ഓസ്ട്രേലിയ ലോകചാമ്പ്യന്മാരായ ജര്‍മനിയെ അടിമുടി വിറപ്പിച്ചു കീഴടങ്ങി. കോൺഫെഡറേഷൻസ് കപ്പിന്റെ ഗ്രൂപ്പ് ബിയിൽ രണ്ട് തവണ ലീഡ് നേടിയ ജർമനി രണ്ടിനെതിരെ മൂന്ന് ഗോളിനാണ് വിയര്‍ത്തു ജയിച്ചത്.
അഞ്ചാം മിനിറ്റിൽ തന്നെ സ്റ്റിൻഡലിന്റെ ഗോളിലാണ് ജർമനി ആദ്യം മുന്നിലെത്തിയത്. എന്നാൽ, 41-ാംമിനിറ്റിൽ റൊജിക് ജർമനിയെ ഞെട്ടിച്ച് ഓസ്ട്രേലിയയെ ഒപ്പമെത്തിച്ചു. എന്നാൽ 44-ാം മിനിറ്റിൽ പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് ജൂലിയന്‍ ഡ്രാക്സ്ലര് ജർമനിയെ വീണ്ടും മുന്നിലെത്തിച്ചു. 48-ാം മിനിവിൽ ഗൊരെറ്റ്സ്ക ജർമനിയുടെ ലീഡ് വീണ്ടും ഉയർത്തി. എന്നാൽ, 56-ാം മിനിറ്റിൽ യൂറിച്ച് ഓസ്ട്രേലിയക്കുവേണ്ടി ഒരു ഗോൾ കൂടി നേടി ലോക ചാമ്പ്യന്മാരെ ഒരിക്കൽക്കൂടി ഞെട്ടിച്ചു. വീഡിയോയുടെ സഹായം കൊണ്ടാണ് ഈ ഗോൾ റഫറി അംഗീകരിച്ചത്.
ഒന്നാം പകുതിയിൽ നിറംമങ്ങിപ്പോയ ഓസ്ട്രേലിയ രണ്ടാം പകുതിയിൽ ഉജ്വലമായി തിരിച്ചുവരുന്നതാണ് കണ്ടത്. നിരവധി മികച്ച നീക്കങ്ങൾ അവരിൽ നിന്നുണ്ടായി. കളി തീരാൻ നാല് മിനിറ്റുള്ളപ്പോൾ ഓസ്ട്രേലിയ പരിചയസമ്പന്നനായ ടിം കാഹിലിനെ ഇറക്കിയെങ്കിലും സമനില നേടാനായില്ല. അവസാന നിമിഷം അവർ കഷ്ടിച്ചാണ് ടിമൊ വെർണറിന്റെ ഒരു ഗോൾശ്രമത്തിൽ നിന്ന് രക്ഷപ്പെട്ടത്.