സഹാറ മേധാവിയുടെ പരോള്‍ നീട്ടി

0
92

സാമ്പത്തിക തട്ടിപ്പ്​ കേസിൽ അറസ്​റ്റിലായ സഹാറാ മേധാവി സുബ്രതാ റോയിയുടെ പരോൾ സുപ്രീംകോടതി നീട്ടി. ജൂലൈ അഞ്ചു വരെയാണ്​ പരോൾ നീട്ടിയിരിക്കുന്നത്​. സ്വത്തുക്കൾ വിറ്റ്​ ഇടപാടുകാർക്ക്​ പണം തിരിച്ചുകൊടുക്കുന്നതുമായി ബന്ധപ്പെട്ട്​  സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ(സെബി)യുമായി നിലനിൽക്കുന്ന കേസ്​ പരിഗണിച്ച കോടതി റോയിക്ക്​ പരോൾ നീട്ടി നൽകുകയായിരുന്നു.

ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി മേയ്​ 18 സുബ്രതാ റോയി സെബി കോടതിയിൽ ഹാജരായിരുന്നില്ല.
സുബ്രതാ റോയിയുടെ  സ്ഥാപനങ്ങളിലെ ഡയറക്​ടർമാരായ രവിശങ്കർ ദുബെ, അശോക്​ റോയ്​ ചൗധരി, വന്ദന ഭാർഗവ എന്നിവർക്കെതിരെയും സെബി കോടതി സാമ്പത്തിക തട്ടിപ്പ്​ കുറ്റങ്ങൾ ചുമത്തിയിരുന്നു.  നിക്ഷേപകരില്‍നിന്ന് പിരിച്ചെടുത്ത 24,000 കോടി രൂപ മടക്കി നല്‍കാത്തതിനെ തുടര്‍ന്ന് സെബി നല്‍കിയ കേസില്‍ 2014-ലാണ് റോയിയെ ജയിലിലടച്ചത്. പിന്നീട്​ പരോളിൽ പുറത്തിറങ്ങുകയായിരുന്നു. ജൂൺ 15 ന്​ മുമ്പ്​ 1500 കോടിയും ജൂലായ് 15-ന് മുമ്പായി 552.22 കോടിയും നിക്ഷേപിച്ചുകൊള്ളാമെന്ന് റോയ് നൽകി ഉറപ്പിലാണ്​ സുപ്രീംകോടതി ജൂൺ 19 വരെ പരോൾ നീട്ടി നൽകിയത്​.