വിശ്വഭദ്രാനന്ദ ശക്തിബോധി
RSS ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഒരു പദമാണ് ഹിന്ദു എന്നത്. ” അഭിമാനത്തോടെ പറയൂ; ഞങ്ങൾ ഹിന്ദുക്കളാണ്” എന്നും ”ഹൈന്ദവസോദരാസർവ്വൈ- എല്ലാ ഹിന്ദുക്കളും സഹോദരങ്ങളാണെന്നും” അവർ മുദ്രാവാക്യമുയർത്തുന്നു. ഈ RSS മുദ്രാവാക്യത്തിന്റെ ഛായ പിൻതുടരുന്നവയാണ് വെളളാപ്പിളളിനടേശനും രാഹൂൽ ഈശ്വറും വരെയുളളവർ ഉയർത്തിയ ” ആദിവാസിമുതൽ അമ്പലവാസിവരെ, നമ്പൂരിമുതൽ നായാടിവരെയുളളവരുടെ ഐക്യം എന്ന മുദ്രാവാക്യങ്ങൾ. ഇതിൽ നിന്നെല്ലാം RSS ഉം അതിന്റെ അനുഭാവികളും പ്രസ്ഥാനങ്ങളും ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നതും ഇഷ്ടപ്പെടുന്നതു,മായ വാക്കാണ് ഹിന്ദു എന്നു തെളിയുന്നു.
നമ്മുടെ സ്വദേശ പാരമ്പര്യത്തേയും അതിന്റെ മതപരവും ഭാഷാപരവുമായ വിവിധ സ്രോതസ്സുകളേയും ഏറ്റവും കൂടുതൽ ബഹുമാനിക്കുന്ന സ്വദേശഭക്തരാണ് ഞങ്ങൾ എന്നത്രേ RSS കാർ അവകാശപ്പെടുന്നത്. ഇങ്ങിനെ അവകാശപ്പെടുന്ന RSS കാരോടു ചോദിക്കട്ടെ ഹിന്ദു എന്ന നിങ്ങൾ ഏറ്റവും ഇഷ്ടപ്പെടുന്ന പദം christanity, Islam, communism തുടങ്ങിയവയെപോലെ തന്നെ വിദേശീയമായ പദമാണ്. സ്വദേശി പാരമ്പര്യത്തെ മുറുകെപ്പിടിക്കുന്നവരെന്നു വീമ്പുപറയുന്ന അല്ലയോ RSS കാരാ നിങ്ങൾക്കും നിങ്ങളുടെ ഗുരുജിയായ ഗോൽവാൽക്കർക്കും പിറന്നനാടിന്റെ സംസ്കൃതിയെ വിശേഷിപ്പിക്കാൻ ഹിന്ദു എന്ന വിദേശിശബ്ദം ഉപയോഗിക്കുന്നതിൽ ലജ്ജ തോന്നാത്തത് എന്തുകൊണ്ടാണ്? സ്വന്തം മണ്ണിലുണ്ടായ തമിഴ്,തെലുങ്ക്,കന്നഡ,മറാത്തി,ഹിന്ദി,ഗുജറാത്തി,ബംഗാളി,സംസ്കൃതം തുടങ്ങിയ ഭാഷകളിലെ ഏതെങ്കിലും ശബ്ദംകൊണ്ടു ഈ മണ്ണിന്റെ സംസ്ക്കാരത്തെ വിശേഷിപ്പിക്കാനുളള സ്വദേശാഭിമാനം നിങ്ങൾക്കില്ലാതെ പോയതിൽ നിങ്ങൾക്ക് ലജ്ജ തോന്നാനാവാത്ത വിധം നിങ്ങൾ ഹിന്ദു എന്ന വിദേശിപദത്തിന് അടിമയായ്പ്പോയതെന്തുകൊണ്ടാണ്?
ഹിന്ദു എന്ന വാക്കിനോടു വിരോധമൊന്നും ഇല്ല. പക്ഷേ അതൊരു വിദേശി വാക്കാണ്. ഇക്കാര്യം ചന്ദ്രവർമ്മ ടാഗൂർഖാൻ എന്ന ആര്യസമാജസ്ഥാപകനും സ്വാമി ആഗമാനന്ദയും ഒക്കെ സയുക്തികം സമർത്ഥിച്ചിട്ടുണ്ട്. ഒരു വിദേശി പദമായതുകൊണ്ട് ഹിന്ദു എന്ന ശബ്ദം ഉപയോഗിക്കരുതെന്നു പറഞ്ഞുകൂടാ. കൂലി,മൊബൈൽ തുടങ്ങിയ ചൈനീസ് ഇംഗ്ലീഷ് വിദേശിശബ്ദങ്ങൾ നാം ഉപയോഗിക്കുന്നുണ്ടല്ലോ. പക്ഷേ ഹിന്ദു എന്ന വിദേശിശബ്ദം സ്വദേശി സംസ്ക്കാരത്തെ വിശേഷിപ്പിക്കാൻ വാശികാണിക്കുന്ന RSS കാർ,ക്രൈസ്തവീയവും ഇസ്ലാമികവും മാർക്സിയനുമായ ശബ്ദങ്ങൾ വിദേശീയമാണെന്നു പറഞ്ഞ് അധിക്ഷേപിക്കുന്നതു പതിവാണെന്നിരിക്കേ സ്വന്തം മാതൃഭൂമിയുടെ പാരമ്പര്യത്തെ വിശേഷിപ്പിക്കാൻ അവർ പാഴ്സി എന്ന വിദേശഭാഷയിലെ ഹിന്ദു എന്ന ശബ്ദം തന്നെ ഉപയോഗിക്കുന്നത് അപഹാസ്യമായ വിരോധാഭാസമാണ്.വലിയ ദേശീയപ്രസ്ഥാനമാണ് RSS എന്നു വമ്പോടെ വീമ്പുപറയുന്നവർക്ക് സ്വദേശസംസ്ക്കാരത്തെ വിശേഷിപ്പിക്കാൻ ഒരു ശുദ്ധ സംസ്കൃതപദം പോലും കണ്ടെത്താനുളള പ്രതിഭ ഉണ്ടാവാതെ പോയതെന്തുകൊണ്ട്?ഹിന്ദു എന്ന വിദേശിശബ്ദം ഉപയോഗിച്ച് സദാ ആക്രോശിക്കുന്ന എല്ലാ RSS കാരും ഈ ചോദ്യത്തിന് ഉത്തരം തേടണം; ജനങ്ങളോടു മറുപടി പറയണം.
ഹിന്ദുരാഷ്ട്രവാദ പ്രത്യയശാസ്ത്രം ഗോഡ്സേയെ പോലെ അംഗീകരിക്കുകയും നാട്ടുകാരോടുമുഴുവൻ ” ഹിന്ദു എന്ന് അഭിമാനത്തോടെ പറയാൻ” ആക്രോശിക്കുകയും ചെയ്യുന്ന RSS കാർ അവരുടെ സംഘടനയുടെ പേരിൽ അഭിമാനത്തോടെ ഹിന്ദു എന്ന വാക്ക് എന്തുകൊണ്ടു ഉൾപ്പെടുത്തിയില്ല? സ്വന്തം സംഘടനയുടെ പേരിൽ ഉൾപ്പെടുത്താത്ത ഹിന്ദു ശബ്ദം നാട്ടാരു മുഴുവനും അഭിമാനത്തോടെ ഏറ്റുപ്പറയണം എന്ന് ആക്രോശിക്കുന്ന സംഘി നിലപാട് ജനവഞ്ചനയല്ലേ? അതിനാൽ ഹിന്ദുത്വാഭിമാനം ശരിക്കും RSS നു ഉണ്ടെങ്കിൽ അവരാദ്യം സ്വന്തം സംഘടനാ നാമം ” ഹിന്ദു രാഷ്ട്രീയ സ്വയം സേവക് സംഘ് ” എന്നാക്കുക; എന്നിട്ട്,നാട്ടാരോടു ഹിന്ദു എന്ന് അഭിമാനത്തോടെ പറയാൻ പറയുക. അങ്ങിനെ ചെയ്യാൻ RSS കാർ തയ്യാറാകാത്തത് അവർക്ക് സ്വന്തം സംഘടനയുടെ പേരിൽ ചേർക്കാൻ അഭിമാനക്കുറവുളള പദമാണ് ഹിന്ദു എന്ന് അവർ കരുതുന്നതിനാലാണോ? RSS കാർ ഈ സന്ദേഹത്തിനു ഉത്തരം നല്കാൻ തയ്യാറുണ്ടെങ്കിൽ മുന്നോട്ടു വരട്ടെ…ബാക്കി അതിനു ശേഷം പറയാം
എപ്പോഴും ഹിന്ദു,ഹിന്ദുരാഷ്ട്രം,ഹിന്ദുസംസ്ക്കാരം എന്നൊക്കെ ആക്രോശിക്കുന്ന RSS കാരോട് ഹിന്ദു എന്നതുകൊണ്ട് ഉദ്ദേശിക്കുന്നതെന്തെന്നു വ്യക്തമാക്കാമോ എന്നു ചോദിച്ചു നോക്കൂ.അപ്പോഴവർ അങ്ങേയറ്റം പറയുക ”ഹിന്ദു എന്നത് അനിർവ്വചനീയമാണ്” എന്നതായിരിക്കും. ഇങ്ങിനെ പറയാൻ കാരണം ഗോൽവാൽക്കർ എന്ന RSS ഗുരുജിയും ഇത്തരം ചോദ്യങ്ങളോടു പ്രതികരിച്ചിട്ടുളളത് ”ഹിന്ദു അനിർവ്വചനീയമാണ്” എന്നുമാത്രമാണ്. ഗോൽവാൽക്കറുടെ വിചാരധാര എന്ന പുസ്തകത്തിൽ ” അനിർവ്വചനീയ ഹിന്ദു” എന്ന തലക്കെട്ടിൽ ഒരു ലേഖനം തന്നെയുണ്ട്. പക്ഷേ അനിർവ്വചനീയതയുടെ ലക്ഷണം എന്നത് അതിരും അളവും ഇല്ലായ്മയാണ്. ഒരേ സമയം അനിർവ്വചനീയമാണു ഹിന്ദു എന്നു പറയുക; അതേസമയം തന്നെ ഹിമാലയവും ഇന്ത്യൻ മഹാസമുദ്രവും അതിരുകളായ ഭൂവിഭാഗത്തു ജീവിച്ചവരുടെ സംസ്ക്കാരമോ മതമോ ആണു ഹിന്ദു എന്നു പറഞ്ഞ് അതിനെ ദേശീയതയുടെ അതിരുളളതാക്കി അവതരിപ്പിക്കുക. ഇതാണ് RSS ചെയ്യുന്നത്. ഈ സമീപനരീതി വിരോധാഭാസപരമാണ്. അനിർവ്വചനീയമായതിന് അതിരില്ല; ഹിന്ദു അനിർവ്വചനീയമാണെങ്കിൽ അതിനു ദേശീയതയുടെ അതിരളവുകളിൽ നിന്നുണ്ടായ സംഭവമാകാനുമാവില്ല.ഈ വൈരുദ്ധ്യം പരിഹരിക്കാൻ ഒന്നുകിൽ RSS ഹിന്ദു അനിർവ്വചനീയം എന്ന വാദം കയ്യൊഴിയണം. അല്ലെങ്കിൽ ഹിന്ദുത്വദേശീയത എന്ന വാദം ഉപേക്ഷിക്കണം. സൂര്യൻ ഇരുട്ടാണ് വെളിച്ചമാണ് എന്നു ഒരേസമയം പറഞ്ഞാലുളളതിനേക്കാൾ അസംബന്ധം ഹിന്ദുദേശീയമാണ്; അനിർവ്വചനീയവുമാണ് എന്നു പറയുന്ന RSS വാദത്തിലും ഉണ്ട്. ഹിന്ദു ദേശീയമാണെന്നതിലാണോ ഹിന്ദു അനിർവ്വചനീയമാണെന്നതിലാണോ അല്ലയോ RSS കാരെ നിങ്ങൾ ഉറച്ചുനിൽക്കുന്നതെന്നു നിങ്ങൾ വെളിപ്പെടുത്താൻ ധൈര്യപ്പെടുമോ? ധൈര്യമുണ്ടെങ്കിൽ മുന്നോട്ടുവരിക…