കോട്ടയം: പന്തളത്ത് വിവാഹത്തട്ടിപ്പിന് അറസ്റ്റിലായ ശാലിനി വിവിധ ജില്ലകളിലായി വിവാഹം കഴിച്ചത് 20 ലധികം പേരെ. ഇതിലൂടെ 200 ലേറെ പവന് സ്വര്‍ണ്ണം അടിച്ചു മാറ്റിയിട്ടുള്ള ഇവര്‍ ബാങ്ക് ജോലി വാഗ്ദാനം ചെയ്ത് കോട്ടയം മോനിപ്പള്ളിയില്‍ വെച്ച് പല യുവാക്കളില്‍ നിന്നുമായി കബളിപ്പിച്ചെടുത്തത് 19 ലക്ഷം രൂപയായിരുന്നു. വിവാഹം കഴിച്ച് രണ്ടോ മൂന്നോ ദിവസം മാത്രം ഭര്‍ത്താവിന്റെ വീട്ടില്‍ കഴിയുന്ന ഇവര്‍ അതിനിടെ എല്ലാം അടിച്ചു മാറ്റി മുങ്ങുകയാണ് രീതി.
ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, തുശൂര്‍ ജില്ലകളില്‍ നിന്നും പത്തിലധികം പരാതികളാണ് ആയൂര്‍ സ്വദേശിനിയായ ഇവര്‍ക്കെതിരേ പോലീസിന് കിട്ടിയിട്ടുള്ളത്. 2014 ല്‍ കോട്ടയം ജില്ലയിലെ ചിങ്ങവനത്ത് മദ്ധ്യവയസ്ക്കനായ ഒരു ഓട്ടോ ഡ്രൈവറെ വിവാഹം ചെയ്തു മുങ്ങിയ ഇവരെ മൂന്നാം ദിവസം പഴനിയില്‍ നിന്നായിരുന്നു പോലീസ് പൊക്കിയത്. ചിങ്ങവനം വെള്ളുത്തുരുത്തി വെള്ളൂപ്പറമ്ബ് സ്വദേശിയായ ഓട്ടോ ഡ്രൈവറെയാണ് കബളിപ്പിച്ചത്. ഹൈക്കോടതി അഭിഭാഷകയെന്ന് പത്രപ്പരസ്യം നല്കി സുഹൃത്തിനെ ഉപയോഗിച്ചായിരുന്നു വിവാഹം ഉറപ്പിച്ചത്.
വരനെക്കൊണ്ട് ആഭരണങ്ങളും ഉടയാടകളും വാങ്ങിപ്പിച്ച് സദ്യയുമൊക്കെ നടത്തിച്ചായിരുന്നു വിവാഹം. പിറ്റേന്ന് ആലപ്പുഴ ബീച്ച് കാണാന്‍ പോയപ്പോള്‍ അവിടെ വെച്ച് മുങ്ങി. അഭിഭാഷകനെ കാണാന്‍ പോകണമെന്ന് പറഞ്ഞ് കാര്‍ പിടിച്ചായിരുന്നു ആലപ്പുഴയിലേക്ക് ഇരുവരും പോയത്. ഓട്ടോ ഡ്രൈവര്‍ ശശീന്ദ്രന് നായര്‍ എന്നയാളെ ബീച്ചില്‍ ഇരുത്തിയ ശേഷം മുങ്ങുകയായിരുന്നു. രാത്രി വൈകിയിട്ടും തിരികെ വരാതിരുന്നതോടെ ഓട്ടോഡ്രൈവര്‍ പോലീസില്‍ പരാതിപ്പെട്ടു.
കല്യാണത്തിന് ഫോട്ടോഗ്രാഫര്‍ വേണ്ടെന്ന് നിലപാടെടുത്തിരുന്ന ശാലിനി ചെലവ് ചുരുക്കല്‍ പറഞ്ഞാണ് ഫോട്ടോയില്‍ നിന്നും ഒഴിവായത്. പിന്നീട് മൊബൈലില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ ഉപയോഗിച്ചായിരുന്നു പോലീസ് അന്വേഷിച്ചത്. ഇവരെ കാവാലം സ്വദേശിയായ മറ്റൊരു മൂന് ഭര്‍ത്താവിനെ ഉപയോഗിച്ചായിരുന്നു പോലീസ് പിടികൂടിയത്. പഴനിയില്‍ വെച്ച് അറസ്റ്റിലാകുമ്ബോള്‍ ഓട്ടോ ഡ്രൈവര്‍ അണിയിച്ച താലി മാലയും 20,000 രൂപയും ഇവരുടെ പക്കലുണ്ടായിരുന്നു. പിന്നീട് കേസ് നഷ്ടപരിഹാരം നല്കി ഒത്തുതീര്‍പ്പാക്കി മാറ്റുകയായിരുന്നു. ചിങ്ങവനം കാരനെ തട്ടിച്ച പ്രശ്നം അവസാനിച്ച് മാസങ്ങള്‍ കഴിയും മുമ്ബ് അടുത്ത വിവാഹത്തട്ടിപ്പിനായി ഇറങ്ങി.
പക്ഷേ ഓട്ടോ ഡ്രൈവര്‍ നല്കിയ മൊബൈല്‍ ഫോട്ടോ പത്രത്തില്‍ വന്നതോടെയാണ് പലര്‍ക്കും തട്ടിപ്പിനിരയായത് ബോദ്ധ്യപ്പെട്ടത്. ആയൂര്‍ സ്വദേശിയാണെങ്കിലും മലപ്പുറം ജില്ലയില്‍ താമസിച്ചു വരികയായിരുന്ന ശാലിനി അഭിഭാഷക, കോടതി ഉദ്യോഗസ്ഥ എന്നൊക്കെ പത്രപ്പരസ്യം നല്‍കിയാണ് വിവാഹത്തട്ടിപ്പ്. ഞായറാഴ്ച 12 മണിക്ക് കുളനട ഉള്ളന്നൂര്‍ വിളയാടിശ്ശേരില്‍ ക്ഷേത്രത്തില്‍ വിവാഹം ചെയ്ത ശാലിനിയെ അവിടെവെച്ച് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയ കബളിക്കലിന് ഇരയായ ഒരാളുടെ സുഹൃത്ത് ശാലിനിയെ തിരിച്ചറിയുകയായിരുന്നു. ഷീബ എന്ന വിളിപ്പേരിലും ഇവര്‍ അറിയപ്പെട്ടിരുന്നു.