ഇന്ത്യക്കെതിരെ ചൈന: നിര്‍മ്മിക്കുന്നത് അണകെട്ട്

0
84

ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കാന്‍ ഗില്‍ജിത്ത്-ബാള്‍ട്ടിസ്ഥാന്‍ മേഖലയില്‍ അണകെട്ട് നിര്‍മ്മിക്കാന്‍ തയ്യാറെടുത്ത് ചൈന. പാകിസ്താനിലെ സിന്ധു നദിയിലെ അണക്കെട്ട് പദ്ധതിയാണ് ഇത്തരത്തില്‍ ചൈന ഏറ്റെടുക്കുന്നത്.

അണക്കെട്ടു നിര്‍മ്മിക്കുന്നതിന് ആവശ്യമായ ഫണ്ട് നല്‍കുന്നതില്‍ നിന്ന് ലോകബാങ്കും ഏഷ്യന്‍ ഡെവലപ്മെന്റ് ബാങ്കും പിന്‍മാറിയിരുന്നു. ചൈന-പാകിസ്താന്‍ സാമ്പത്തിക ഇടനാഴിയുടെ ഭാഗമാക്കി നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന അണക്കെട്ടിന് നേരത്തെ ഇന്ത്യയുടെ എതിര്‍പ്പ് കാരണമാണ് ആഗോള സാമ്പത്തിക ഏജന്‍സികള്‍ ഫണ്ട് നിഷേധിച്ചത്.

രണ്ട് വര്‍ഷം മുന്‍പ് തന്നെ അണ നിര്‍മ്മാണത്തിനായി പാക് സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചിരുന്നുവെങ്കിലും ആവശ്യമായ ഫണ്ട് കണ്ടെത്താന്‍ സാധിക്കാതെ വന്നതോടെയാണ് പദ്ധതി മന്ദഗതിയിലായത്.

ഡാം പദ്ധതിക്ക് ചൈനയില്‍ നിന്ന് സാമ്പത്തിക സഹായം പ്രതീക്ഷിക്കുന്നുണ്ടെന്ന് നേരത്തെ പാകിസ്താന്‍ ആസൂത്രണ മന്ത്രി വ്യക്തമാക്കിയിരുന്നു. നിലവില്‍ ചൈന-പാകിസ്താന്‍ സാമ്പത്തിക ഇടനാഴിയില്‍ ജലവൈദ്യുത പദ്ധതികളൊന്നും ഉള്‍പ്പെടുത്തിയിട്ടില്ലെന്നും ഈ സാഹചര്യത്തിലാണ് സിന്ധു നദിയില്‍ അണക്കെട്ട് നിര്‍മ്മിക്കുന്നതിനെക്കുറിച്ച് സജീവമായി ആലോച്ചിക്കുന്നതെന്നും പാകിസ്താന്‍ ഊര്‍ജകാര്യ ബോര്‍ഡ് അധ്യക്ഷന്‍ മുസാമില്‍ ഹുസൈന്‍ പറയുന്നു.

ഡാമിന്റെ നിര്‍മ്മാണം പൂര്‍ത്തിയായാല്‍ 4500 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാമെന്നും മേഖലയിലെ കാര്‍ഷികാവശ്യങ്ങള്‍ക്കായി ജലം കണ്ടെത്താമെന്നുമാണ് പാകിസ്താന്‍ കണക്കുകൂട്ടുന്നത്.