ഉത്തരകൊറിയന്‍ തടവില്‍ നിന്ന് മോചിതനായ വിദ്യാര്‍ത്ഥി മരിച്ചു

0
76

വാഷിങ്ടണ്‍: ഉത്തരകൊറിയയിലെ തടവിൽനിന്നു മോചിതനായ യു.എസ് വിദ്യാർഥി ഒട്ടോ ഫെഡറിക് വാംബിയർ (22) മരിച്ചു. ഒരു വർഷത്തിലേറെയായി തടവിലായിരുന്ന വാംബിയറിനെ കഴിഞ്ഞ 13നാണ് ഉത്തരകൊറിയ വിട്ടയച്ചത്. ഭക്ഷ്യവിഷബാധക്കുള്ള മരുന്നു കഴിച്ചതിനെത്തുടർന്ന് നാളുകളായി വാംബിയർ അബോധാവസ്ഥയിലായിരുന്നു. ഒഹായോയിൽ വന്നിറങ്ങിയ വിമാനത്തിൽനിന്ന് ഓട്ടൊ വാംബിയറിനെ താങ്ങിയെടുത്തു പുറത്തെത്തിച്ച ശേഷം ആംബുലൻസിൽ സിൻസിനാറ്റി മെഡിക്കൽ സെന്‍ററിലേക്കു കൊണ്ടുപോവുകയായിരുന്നു.

ഉത്തര കൊറിയൻ ഭരണകൂടം മകനെ കൊടിയ പീഡനങ്ങൾക്കിരയാക്കിയെന്ന് വാംബിയറുടെ മാതാപിതാക്കളായ സിൻഡിയും ഫ്രെഡും ആരോപിച്ചിരുന്നു. കഴിഞ്ഞ വർഷം മാർച്ചിൽ വിചാരണക്ക് തൊട്ടുപിന്നാലെ വാംബിയർ അസുഖബാധിതനായെന്നും ഉറക്കഗുളിക കഴിച്ചതിനു ശേഷം അബോധാവസ്ഥയിലായെന്നുമാണ് ഉത്തര കൊറിയൻ അധികൃതർ വിശദീകരിച്ചത്. എന്നാൽ, കസ്റ്റഡിയിൽ യുവാവിനു ക്രൂരമർദനമേറ്റതായി ഇന്‍റലിജൻസ് വിവരം ലഭിച്ചിരുന്നെന്നാണ് യു.എസ് ആരോപണം. വാംബിയർ മോചിതനായതിന് തൊട്ടുപിന്നാലെ ഉത്തര കൊറിയക്കെതിരെ എട്ടുവർഷം പഴക്കമുള്ള സൈബർ ആക്രമണക്കുറ്റം യു.എസ് ആരോപിച്ചിട്ടുണ്ട്.

യൂണിവേഴ്സിറ്റി ഓഫ് വിർജീനിയയിലെ വിദ്യാർഥിയായ വാംബിയർ ടൂറിസ്റ്റായാണ് ഉത്തരകൊറിയയിൽ എത്തിയത്. ഒരു ഹോട്ടലിലെ പ്രചാരണ ബാനർ മോഷ്ടിച്ചെന്ന കേസിൽ കസ്റ്റഡിയിലെടുത്ത വാംബിയറെ കോടതി 15 വർഷം ലേബർ ക്യാമ്പിൽ പണിയെടുക്കാൻ ശിക്ഷിച്ചു.