എവിടെ മാരിയോ ഗോട്‌സെ ??

0
659

എൺപത്തിയെട്ടാം മിനിറ്റില്‍ വിശ്വമേളയുടെ കലാശപോരില്‍  മാറക്കാനയിലെ പുൽത്തകിടിയിലേക്ക് ആ ഇരുപത്തിയൊന്നുകാരനെ ഇറക്കി വിടുമ്പോൾ ജർമ്മൻ പരിശീലകൻ ജോക്കിം ലോ അവൻറെ കാതിൽമന്ത്രിച്ചു…” മെസ്സിയേക്കാൾമികച്ചവനാണ് നീ എന്ന് തെളിയിച്ചു വാ” …എക്‌സ്ട്രാ ടൈമിൽആന്ദ്രെ ശ്രൂലിന്റെ ക്രോസ് അർജന്റീനയുടെ നെഞ്ചിലേക്ക് തന്നെ തൊടുത്തുവിട്ട അവനെ നോക്കി ലോകം ആർത്തു വിളിച്ചു..സൂപ്പർമാരിയോ എന്ന്…കോൺഫഡറേഷൻകപ്പിൽ യുവനിരയുമായി റഷ്യൻമണ്ണിൽ ഇറങ്ങിയ ജർമ്മൻനിരയിൽ ലോകം തിരഞ്ഞതും അവനെ തന്നെയായിരുന്നു…എവിടെ മാരിയോ ഗോട്‌സെ ??

ഓസ്‌ട്രേലിയയ്ക്ക്  മുന്നിൽ വിയർത്തു ജർമനി ജയിച്ചു കയറിയപ്പോളാണ് ടീമിലെ എക്‌സ് ഫാക്റ്റർ ആയിരുന്ന  ഗോട്‌സെ എവിടെ എന്ന് ലോകം എമ്പാടുമുള്ള ആരാധകർ തിരഞ്ഞു തുടങ്ങിയത്. നാലാം ലോകകപ്പ് നേടിത്തന്ന ഗോളിൻറെ ഉടമയുടെ കരിയറിൻറെ ഗതി വിഗതികൾ ജർമൻകാർക്ക് പക്ഷേ വ്യക്തമാണ്. കഴിഞ്ഞ മാർച്ചിൽ ബൊരൂസിയ ഡോർട്ട്മുണ്ടിൻറെ സ്റ്റേഡിയത്തിൽ ജർമനി ഇംഗ്ലണ്ടിനെ നേരിടുമ്പോൾ കാമുകിയുടെ കയ്യും പിടിച്ച് പ്രത്യേക ഗാലറിയിൽ ഇടം പിടിച്ച ഗോട്‌സെ കാണികളെ ആവേശം അണിയിക്കുക അല്ല, മറിച്ച് കണ്ണീരണിയിക്കുക ആണ് ചെയ്തത്. ബയേണിലേക്ക് കൂടുമാറിയപ്പോള്‍ കുപ്പായത്തിനു പിന്നിലെ പേര് വെട്ടി പ്രതിഷേധം അറിയിച്ച ബോരൂസിയന്‍ ആരാധകരും ബോരൂസിയയിലേക്ക് മടങ്ങി പോയപ്പോള്‍ കെറുവിച്ച ബയേണ്‍ ആരാധകരും ഒക്കെ പൊട്ടിക്കരഞ്ഞ നിമിഷം…. മെറ്റബോളിക് ഡിസ്ഓർഡർ എന്നറിയപ്പെടുന്ന ഊർജമില്ലായ്മയുടെ ഇരയായി കളിക്കളത്തിൽ നിന്നും പതുക്കെ പതുക്കെ പിൻവലിയുക ആയിരുന്നു 2014 ലെ ജർമൻ ലോകകപ്പ് ഹീറോ…ഒന്ന് ഓർത്തു നോക്കുക…കളിക്കളത്തിൽ കുതിക്കാനുള്ള ശേഷി മസിലുകൾക്ക് ഇല്ലാതെ താൻ ഏറെ സ്‌നേഹിക്കുന്ന കാൽപന്തു കളി കുമ്മായ വരയ്ക്കു പുറത്തിരുന്നു കാണേണ്ടി വരുന്ന ഒരു ഫുട്‌ബോൾ താരത്തിൻറെ മനസ്..അതും തൻറെ കരിയർ ഏറ്റവും ശോഭയോടെ വിളങ്ങേണ്ട ഇരുപത്തി അഞ്ചാം വയസിൽ.


” ജർമൻ ഫുട്‌ബോൾ സ്വായത്വമാക്കിയ ഏറ്റവും മികച്ച പ്രതിഭ ”ജർമ്മൻ ഫുട്‌ബോൾ അസോസിയേഷൻ ടെക്‌നിക്കൽ ഡയറക്ടർ മത്യാസ് സാമർ ഗോട്‌സെയെ വിലയിരുത്തിയത് ഇങ്ങനെയാണ്…ഗോളടിക്കാൻ മുള്ളറും ഒസീലും ക്രൂസും ഒക്കെ ഉണ്ടെങ്കിലും ടീമിലെ പ്രതിഭ എന്നും നൂറ്റാണ്ടിലെ താരകം എന്നും വണ്ടർ കിഡ് എന്നുമൊക്കെ ലോയും ബെക്കൻ ബോവറും അടക്കമുള്ള വമ്പന്മാർ പ്രതീക്ഷ അർപ്പിച്ച താരം… ഉവെ സീലർ കഴിഞ്ഞാൽ ജർമൻ കുപ്പായം അണിഞ്ഞ ഏറ്റവും പ്രായം കുറഞ്ഞ താരം…ജർമനി വരുന്ന ഒരു പത്തു വർഷത്തേക്ക് കൂടി കരുതിവെച്ച ഗോട്‌സെക്ക് മെറ്റബോളിക് സിൻഡ്രം ബാധിച്ചുവെന്ന് കഴിഞ്ഞ മാർച്ച് ആദ്യ വാരം ആണ് ബോറൂസിയ ഡോർട്ട്മുണ്ട് വെളിവാക്കിയത്. മയോപതി എന്നറിയപ്പെടുന്ന രോഗം ബാധിച്ചാൽ കടുത്ത ക്ഷീണവും അടിക്കടിയുള്ള ഭാരം വർദ്ധിക്കലും ആണ് ഫലം. മസിലുകളുടെ ഫൈബർ വേണ്ടത്ര കരുത്താർജിക്കുകയും ഇല്ല. ഭക്ഷണസാധനങ്ങളുടെ ദഹന പ്രക്രിയയിലൂടെ ശരീരത്തിന് ഊർജം പ്രദാനം ചെയ്യുന്ന പ്രവർത്തനമാണ് മെറ്റബോളിസം. ഇതിലുണ്ടാകുന്ന താളപ്പിഴയാണ് മെറ്റബോളിക് ഡിസോർഡർ. കായിക താരങ്ങൾക്ക് സാധാരണ മനുഷ്യരെക്കാൾ കൂടുതൽ ഊർജം ആവശ്യമാണ്. മാരിയോ ഗോട്‌സെയിൽ ഈ താളപിഴയാണ് ഉണ്ടായിരിക്കുന്നത്.


എന്തായാലും മെറ്റബോളിക് ഡിസോർഡർ ഉൾപ്പെടെയുള്ള ഫിറ്റ്‌നസ് പ്രശ്‌നങ്ങളെ തുടർന്ന് ചികിത്സയിലുള്ള മാരിയോ ഗോട്‌സെ സുഖം പ്രാപിക്കുന്നതായിട്ടാണ് റിപ്പോർട്ട്. ജർമനിയിൽ നിന്നുള്ള റിപ്പോർട്ട്. കഴിഞ്ഞ മൂന്നാഴ്ചയായി മ്യൂണിക്കിലെ ഒരു പ്രത്യേക ക്ലിനിക്കിൽ ഗോട്‌സെ ചികിത്സയിലാണ്. ചികിത്സ ആറാഴ്ച തുടരും. ചികിത്സ ആരംഭിച്ചതിനുശേഷമുള്ള ആദ്യ ചിത്രം കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ആശുപത്രിക്ക് സമീപമുള്ള ഷോപ്പിംഗ് സെന്ററിൽ നിന്ന് ഷോപ്പിംഗ് കഴിഞ്ഞ് ആശുപത്രിയിലേക്ക് മടങ്ങുന്ന ചിത്രമാണ് ഫുട്‌ബോൾ പ്രേമികൾ കണ്ടത്. ഗോട്‌സെ ചിത്രത്തിൽ വളരെ സന്തോഷവാനായിട്ടാണ് കാണപ്പെട്ടിരിക്കുന്നത്. ചികിത്സ ഫലിക്കുന്നതായി ഗോട്‌സെ തന്നെ സുഹൃത്തുക്കളോടും ബന്ധുക്കളോടും വെളിപ്പെടുത്തിയതായിട്ടാണ് റിപ്പോർട്ട്. ജൂലൈ മുതൽ ബോറുസീയ ഡോർട്ട്മുണ്ടിനുവേണ്ടി ഗോട്‌സെ കളിച്ച് തുടങ്ങുമെന്ന് പരിശീലകരും കഴിഞ്ഞ ദിവസം വെളിപ്പെടുത്തി.