കലക്കി, കിടുക്കി, തിമിർത്തു; കോട്ടയം പ്രദീപിന് ട്രിപ്പിൾ സെഞ്ച്വറി

0
425

കലക്കി, കിടുക്കി, തിമിർത്തു. കത്തോലിക്കയുണ്ട്, യാക്കോബായ ഉണ്ട്, സുറിയാനിയുണ്ട്. തുടങ്ങിയ ഡയലോഗുകളിലൂടെ മലയാളികൾക്ക് സുപരിചിതനായ കോട്ടയം പ്രദീപിന് ട്രിപ്പിൾ സെഞ്ച്വറി. 2001ൽ തുടങ്ങിയ അഭിനയ ജീവിതം 15 വർഷം പിന്നിടുമ്പോഴാണ് 300 ചിത്രങ്ങൾ പൂർത്തിയാക്കുന്നത്. പ്രദീപ് സ്‌ക്രീനിൽ വരുമ്പോഴേ പ്രേക്ഷകർ ചിരിച്ച് തുടങ്ങും. സിനിമകളിൽ ചെറിയ ചെറിയ വേഷം ചെയ്ത് വന്ന പ്രദീപിനെ രക്ഷിച്ചത് തമിഴ് സിനിമയാണ്. ഗൗതംമേനോന്റെ വിണ്ണെ താണ്ടിവരുവായയിൽ ‘ കഴിച്ചോ, കഴിച്ചോ, കരിമീനുണ്ട്, ഫിഷുണ്ട്, മട്ടനുണ്ട് ‘ എന്ന ഡയലോഗ് പ്രത്യേക ടോണിൽ പറഞ്ഞതോടെയാണ് ഇയാളാരാ എന്ന് സിനിമാക്കാർ വരെ ശ്രദ്ധിച്ച് തുടങ്ങിയത്.

പ്രദീപ് ടച്ച്

ഇപ്പോ അഭിനയിക്കുന്ന സിനിമകളിലെല്ലാം ഇതേ ശൈലിയിലുള്ള കിടിലൻ ഡയലോഗുകൾ പ്രദീപിന്റെ വക ഉണ്ടാകും. കട്ടപ്പനയിലെ ഋത്വിക് റോഷനിൽ ധർമജന്റെ അച്ഛനായാണ് അഭിനയിച്ചത്. ഇതുവരെ ചെയ്യാത്ത തരം വേഷം. പക്ഷെ, അതിലും തന്റേതായ ഒരു ടച്ച് ഈ കലാകാരൻ വരുത്തി. അതാണ് കലക്കി, കിടുക്കി, തിമിർത്തു. പടം സൂപ്പർഹിറ്റായതോടെ പോസ്റ്ററിലും ഇത് പ്രത്യക്ഷപ്പെട്ടു. അടുത്തിടെ റിലീസായ ആനന്ദം, കട്ടപ്പനയിലെ ഋത്വിക് റോഷൻ, 10 കൽപ്പനകൾ, ഗോദ എന്നീ ചിത്രങ്ങളിൽ പ്രദീപ് കയ്യടി നേടി. ജൂനിയർ ആർടിസ്റ്റായാണ് താരം അഭിനയം തുടങ്ങിയത്. 160തോളം ചിത്രങ്ങളിൽ ജൂനിയർ ആർടിസ്റ്റായി.

തുടക്കം ഐ.വി ശശി ചിത്രത്തിൽ

ഐ.വി ശശിയുടെ ഈ നാട് ഇന്നലെ വരെ എന്ന സിനിമയിലാണ് ആദ്യമായി മുഖം കാണിച്ചത്. പിന്നീട് മമ്മൂട്ടി, മോഹൻലാൽ, ജയറാം, ദിലീപ് തുടങ്ങിയവരുടെ സിനിമകളിൽ ആൾക്കൂട്ടത്തിൽ ഒരാളായി നിന്നു. അത് തന്നെ ഒരുപാട് സഹായിച്ചെന്ന് പ്രദീപി ഓർമിക്കുന്നു. വിണ്ണയ് താണ്ടിവരുവായ ഇറങ്ങിയ ശേഷമാണ് മലയാളത്തിൽ ചെറുതെങ്കിലും നല്ല കഥാപാത്രങ്ങൾ ലഭിച്ചത്. എന്തിന് നയൻതാര അഭിനയിച്ച പരസ്യചിത്രത്തിൽ അച്ഛനായി അഭിനയിച്ചു. ആമേൻ, തട്ടത്തിൽ മറയത്ത്, ആട് ഒരു ഭീകരജീവിയാണ്, ഒരു വടക്കൻ സെൽഫി, ലൈഫ് ഓഫ് ജോസൂട്ടി, എന്നും എപ്പോഴും, ഉട്ടോപ്യയിലെ രാജാവ് അങ്ങനെ നിരവധി ചിത്രങ്ങൾ.
റസിലിംഗ് പഠിക്കാൻ രൺജിപണിക്കരുടെ മടയിൽ

ഗോദ എന്ന ചിത്രത്തിൽ രൺജി പണിക്കരുടെ അടുത്ത് റസിലിംഗ് പഠിക്കാൻ ചെല്ലുന്നയാളുടെ വേഷമാണ് ചെയ്തത്. വളരെ രസകരമായ കഥാപാത്രമാണ്. ചിത്രം വിജയിച്ചതിൽ സന്തോഷമുണ്ട്. ഇതിന് പുറമേ നിരവധി പ്രോജക്ടുകളുമായി തിരക്കിലാണ് താരം. മമ്മൂട്ടിയെ പോലുള്ളവർ തനിക്ക് നൽകുന്ന പ്രോൽസാഹനം മറക്കാനാവില്ലെന്ന് പ്രദീപ് പറഞ്ഞു.