കാലവര്‍ഷം ഉത്തരേന്ത്യയിലേക്ക്, കേരളത്തില്‍ മഴക്കമ്മി

0
131

വെബ് ഡസ്ക്

കാലവർഷം മൂന്നാംവാരത്തിലേക്ക് കടന്നതോടെ പ്രതീക്ഷ മങ്ങിത്തുടങ്ങി. തെക്കുപടിഞ്ഞാറൻ കാലവർഷത്തിൽ കൂടുതൽ മഴ കിട്ടേണ്ട ജൂണിലുണ്ടായ മഴക്കുറവ് നികത്താനാവില്ലെന്ന് വ്യക്തമാകുന്നു. ജൂണിൽ മഴ കുറഞ്ഞാൽ കാലവർഷം താളം തെറ്റുമെന്നാണ് സമീപകാല അനുഭവം. 2016ൽ 34 ഉം 2015ൽ 26 ശതമാനവും മഴ കുറഞ്ഞതുമൂലം കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത വരൾച്ചയിലായി. എന്നാൽ, ഇക്കുറി മഴ ശരാശരിയേക്കാൾ ഉയരുമെന്നായിരുന്നു കാലാവസ്ഥ പ്രവചനം.കേരളത്തിൽ ഒരാഴ്ചയായി മഴ മാറിനിന്നത് മൺസൂൺ ഉത്തരേന്ത്യയിലേക്ക് നീങ്ങുന്നതിന്റെ ഭാഗമായാണെന്ന് കാലാവസ്ഥ വിദഗ്ധർ പറയുന്നത്.

ആന്ധ്രപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിൽ മൺസൂൺ ഉടൻ പ്രവേശിക്കും. ബുധനാഴ്ച കർണാടകയിൽ മൺസൂണെത്തി. അതിനുശേഷം മധ്യേന്ത്യയിലേക്കും ഉത്തരേന്ത്യയിലേക്കുമെത്തും. രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ കേരളത്തിൽ മഴ ലഭിക്കുമെന്ന് കുസാറ്റിലെ പ്രഫസർ മനോജ്കുമാർ പറഞ്ഞു. വലിയ ശക്തിയിൽ ലഭിക്കാൻ സാധ്യത കുറവാണ്. ഏകദേശം ഒരു സെൻറിമീറ്റർ മാത്രമാണ് അടുത്ത പത്ത് ദിവസം ലഭിക്കാൻ സാധ്യത. നേരത്തേ മഴയെത്തിയതും ഇപ്പോഴത്തെ മഴക്കുറവിന് കാരണമായിട്ടുണ്ട്.

കഴിഞ്ഞവർഷം സംസ്ഥാനത്തെ വരൾച്ചയിലേക്ക് നയിച്ച എൽനിനോ പ്രതിഭാസത്തിന് ഇക്കുറി 50 ശതമാനം മാത്രമാണ് സാധ്യത. കൂടുതൽ മഴ ലഭിക്കുന്ന പ്രതിഭാസമായ ലാ നിന ഇക്കുറിയുണ്ടാകില്ല. ഉച്ചക്ക് ശേഷമാകും മഴക്ക് കൂടുതൽ സാധ്യത. ജൂലൈ പകുതിയോടെ മാത്രമേ ജലാശയങ്ങളിലും പുഴകളിലും വെള്ളം നിറയൂ. കാലാവസ്ഥ വ്യതിയാനം മൺസൂണിലെ പ്രവചന സ്വഭാവത്തെ ഇല്ലാതാക്കിയെന്നും പ്രഫ. മനോജ്കുമാർ പറഞ്ഞു. ദിനംപ്രതി മാറുന്ന ആഗോളതാപനം മൺസൂണിനെ പ്രതികൂലമായി ബാധിച്ചു. അതിനാലാണ് ശാസ്ത്രീയമായിട്ടുപോലും പ്രവചനങ്ങൾ തെറ്റുന്നത്. ഇടമുറിയാതെ മഴ പെയ്യുന്ന കർക്കടക മാസത്തിന് ഇക്കുറിയും സാധ്യത കുറവാണെന്നും അദ്ദേഹം പറഞ്ഞു.

ജൂണിൽ സംസ്ഥാനത്ത് ശരാശരി 681 മില്ലിമീറ്റർ മഴയാണ്  കിട്ടേണ്ടി ഇരുന്നത്.. ഇതുവരെ സംസ്ഥാനത്ത് 275 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്. ശരാശരി പെയ്യേണ്ടത് 365 മില്ലിമീറ്ററാണ്. കാലവർഷം രണ്ടാംവാരത്തിലേക്ക് കടന്നപ്പോൾ എല്ലാ ജില്ലയിലും ശരാശരിയേക്കാൾ മഴ കൂടുതലായിരുന്നത് ഇപ്പോൾ മഴക്കമ്മിയായി. ഇത് ആപൽക്കരമായ സൂചനയായാണ് കാലാവസ്ഥ ഗവേഷകർ കാണുന്നത്. ചൊവ്വാഴ്ച രാത്രി ആരംഭിച്ച് രണ്ടാഴ്ച നീളുന്ന തിരുവാതിര ഞാറ്റുവേലയാണ് മഴയ്ക്കുള്ള വലിയ പ്രതീക്ഷയായി പഴമക്കാർ കാണുന്നത്. പാരമ്പര്യമായി ഏറ്റവും മഴ കിട്ടുന്ന സമയം തിരുവാതിര ഞാറ്റുവേലയാണ്. എന്നാൽ, കാലാവസ്ഥ ശാസ്ത്ര പഠനമേഖലയിൽ ഞാറ്റുവേലകൾ കടന്നുവരുന്നില്ല. പരമ്പരാഗത അറിവുകളും അനുഭവങ്ങളും പരിഗണിക്കാറുണ്ടെന്ന് മാത്രം.

ബംഗാൾ ഉൾക്കടലിലും അറബിക്കടലിലും ന്യൂനമർദങ്ങൾ, ന്യൂനമർദപാത്തികൾ, അന്തരീക്ഷ ചുഴലികൾ എന്നിവ രൂപപ്പെടുന്നതനുസരിച്ചേ മഴയുടെ ഗതിവിഗതി നിശ്ചയിക്കാനാകൂവെന്ന് കാലാവസ്ഥ ശാസ്ത്രജ്ഞൻ ഡോ. സി എസ് ഗോപകുമാർ പറഞ്ഞു. ഇതുവരെ രൂപപ്പെട്ട ന്യൂനമർദങ്ങളുടെ ശക്തി ഗതിതിരിഞ്ഞുപോയതാണ് മഴ കുറയാൻ കാരണം. ജൂണിൽ മഴ കുറഞ്ഞാലും പിന്നീടുള്ള മാസങ്ങളിൽ മഴ ശക്തിയാർജിച്ച് നഷ്ടം നികത്തിയ പല വർഷങ്ങളും ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.  ഇതുവരെ വിവിധ ജില്ലകളിലുണ്ടായ മഴക്കമ്മി- ശതമാനത്തിൽ: വയനാട്-54, ഇടുക്കി-49, മലപ്പുറം-39, തിരുവനന്തപുരം-28, പാലക്കാട്-35, കാസർകോട്-16, തൃശൂർ-23, കണ്ണൂർ-9, കൊല്ലം-11, കോട്ടയം-11, പത്തനംതിട്ട-25, എറണാകുളം-6. ആലപ്പുഴ-19.6, കോഴിക്കോട്-13.