കോഹ്ലിയുമായി ഭിന്നത, കുംബ്ലെ പരിശീലക സ്ഥാനം രാജിവെച്ചു

0
158

ഇന്ത്യൻ ടീം പരിശീലക സ്ഥാനത്ത് നിന്ന് അനിൽ കുംബ്ലെ രാജിവെച്ചു. ക്യാപ്റ്റൻ വിരാട് കോഹ്ലിയുമായുള്ള അഭിപ്രായഭിന്നത മുറുകിയതിനെ തുടർന്നാണ് രാജി. വിൻഡീസ് പര്യടനത്തിനായി അനിൽ കുംബ്ലെയില്ലാതെയാണ് ഇന്ത്യൻ ടീം യാത്ര തിരിച്ചത്. ഐ.സി.സിയുടെ വാർഷിക യോഗത്തിൽ പങ്കെടുക്കാനുള്ളതിനാൽ കുംബ്ലെ ലണ്ടനിൽ തന്നെ നിൽക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് രാജി പ്രഖ്യാപിച്ചത്.

ചാമ്പ്യൻസ് ട്രോഫിയോടെ കാലാവധി അവസാനിച്ച കുംബ്ലെക്ക് വിൻഡീസ് പര്യടനം വരെ തുടരാൻ ബി.സി.സി.ഐ അനുമതി നൽകിയിരുന്നു. ജൂൺ 23നാണ് വിൻഡീസിനെതിരായ പരമ്പര തുടങ്ങുന്നത്. ചാമ്പ്യൻസ് ട്രോഫിക്ക് ശേഷം ബി.സി.സി.ഐയുമായും സച്ചിൻ, ഗാംഗുലി, ലക്ഷ്മൺ എന്നിവരടങ്ങുന്ന ഉപദേശക സമിതിയുമായി നടത്തിയ ചർച്ചയിൽ കോഹ്ലി തന്റെ നിലപാടിൽ തന്നെ ഉറച്ചു നിൽക്കുകയായിരുന്നു. കുംബ്ലെയുമായി ഒരു തരത്തിലും ഒത്തുപോകാനാകില്ലെന്നും കുംബ്ലെയുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിച്ചുവെന്നും കോഹ്ലി വ്യക്തമാക്കിയിരുന്നു. വിൻഡീസ് പര്യടനത്തിൽ കുംബ്ലെ പരിശീലകനായി വരുന്നത് അംഗീകരിക്കാനാകില്ലെന്നും കോഹ്ലി നിലപാടെടുത്തിരുന്നു.

ഓസ്‌ട്രേലിയക്കെതിരെ ധർമ്മശാലയിൽ നടന്ന ടെസ്റ്റിന് ശേഷമാണ് കുംബ്ലെയും കോലിയും തമ്മിലുള്ള തർക്കം രൂക്ഷമായത്. പരിക്കേറ്റ കോഹ്ലിക്ക് പകരം കുംബ്ലെയുടെ താത്പര്യത്തിൽ കുൽദീപ് യാദവിനെ അവസാന ഇലവനിൽ ഉൾപ്പെടുത്തുകയായിരുന്നു. എന്നാൽ അവസാന നിമിഷമാണ് കോഹ്ലി ഇക്കാര്യം അറിയുന്നത്. ഇതോടെയാണ് ഇരുവരും തമ്മിലുള്ള ബന്ധം വഷളായത്. തുടർന്ന് കുംബ്ലെയുടെ പരിശീലന രീതിയോട് യോജിച്ചു പോകാനാകില്ലെന്ന് അറിയിച്ച് വിരാട് കോഹ്ലി സുപ്രീം കോടതി നിയമിച്ച ഇടക്കാല ഭരണസമിതിയെ സമീപിക്കുകയായിരുന്നു. കുംബ്ലെയുടെ ഒട്ടും ദയയില്ലാത്ത രീതിയിലുള്ള പരിശീലന രീതിയോട് യോജിച്ചു പോകാനാകില്ലെന്നും പരിക്കേൽക്കുന്ന തരത്തിലുള്ളതാണ് കുംബ്ലെയുടെ പരിശീലന രീതിയെന്നും സീനിയർ താരങ്ങൾ ആരോപിച്ചിരുന്നു.

കളിക്കാരെ കൂടി വിശ്വാസത്തിലെടുക്കുന്ന രവി ശാസ്ത്രിയുടെ പരിശീലന രീതിയോടാണ് തങ്ങൾക്ക് താത്പര്യമെന്നും കോഹ്ലിയടക്കമുള്ള സീനിയർ താരങ്ങൾ ഇടക്കാല ഭരണസമിതിയെ അറിയിച്ചിരുന്നു. ചാമ്പ്യൻസ് ട്രോഫിക്കിടയിൽ കുംബ്ലെ വന്നപ്പോൾ കോഹ്ലി പരിശീലനം നിർത്തി ഇറങ്ങിപ്പോകുകയും ചെയ്തിരുന്നു.കുംബ്ലെയുടെ കാലാവധി നീട്ടാനുദ്ദേശമില്ലെന്ന് വ്യക്തമാക്കിയ ബി.സി.സി.ഐ പുതിയ പരിശീലകനുള്ള അപേക്ഷ ക്ഷണിച്ചിരുന്നു. വീരേന്ദർ സെവാഗ്, മുൻ ടീം മാനേജർ ലാൽചന്ദ് രജ്പുത്, ദോഡാ ഗണേഷ്, ടോം മൂഡി, റിച്ചാർ പെബസ് എന്നിവർ പരിശീലകനാകാൻ ബി.സി.സി.ഐയ്ക്ക് അപേക്ഷ അയിച്ചിട്ടുണ്ട്. ലക്ഷ്മണും സച്ചിനും ഗാംഗുലിയുമടങ്ങുന്ന ഉപദേശക സമിതി അഭിമുഖം നടത്തിയാകും ഇവരിൽ നിന്ന് പുതിയ പരിശീലകനെ തെരഞ്ഞെടുക്കുക.

ജൂലായ് ഒമ്പതിന് വിൻഡീസ് പര്യടനം അവസാനിക്കുമ്പോഴേക്കും പുതിയ പരിശീലകനെ ബി.സി.സി.ഐ പ്രഖ്യാപിക്കാൻ സാധ്യതയുണ്ട്. അഞ്ചു ഏകദിനങ്ങളും ഒരു ടിട്വന്റിയുമാണ് പരമ്പരയിലുള്ളത്. കഴിഞ്ഞ വർഷം ജൂണിലാണ് ഇന്ത്യൻ ടീമിന്റെ പരിശീലകനായി കുംബ്ലെ ചുമതലയേറ്റത്. കുംബ്ലെയുടെ കീഴിൽ 17 ടെസ്റ്റുകൾ കളിച്ച ഇന്ത്യ 12 എണ്ണത്തിൽ വിജയിച്ചപ്പോൾ ഒരെണ്ണത്തിൽ മാത്രമാണ് തോറ്റത്. ബാക്കിയുള്ളവ സമനിലയിലായി.