ക്രിക്കറ്റര്‍മാര്‍ക്ക് വേണ്ടി കൈയ്യടിക്കാതെ ഡോക്ടര്‍മാര്‍ക്കും തൊഴിലാളികള്‍ക്കും വേണ്ടി കയ്യടിക്കൂ-മൊര്‍ത്താസ

0
104

ക്രിക്കറ്റിനെ ദേശീയതയുമായി ബന്ധിപ്പിക്കേണ്ട എന്നും ഞങ്ങള്‍ പണം ഉണ്ടാക്കുക മാത്രമാണ് ചെയ്യുന്നത് എന്നും ബംഗ്ലാദേശ് നായകന്‍ മഷ്റഫീ മൊര്‍ത്താസ. ആളുകൾ ക്രിക്കറ്റിനെ ദേശീയതയുമായി ബന്ധിപ്പിക്കുന്നത് എന്തിനാണെന്ന് തനിക്ക് ഇതുവരെ മനസ്സിലായിട്ടില്ലെന്നും രാജ്യത്തിന്റെ യഥാർത്ഥ നായകൻമാർ ക്രിക്കറ്റ് താരങ്ങളല്ലെന്നും ഡോക്ടർമാരും കർഷകരും തൊഴിലാളികളുമാണെന്നുമാണ് മൊര്‍ത്താസയുടെ കാഴ്ച്ചപ്പാട്. ഫിലോസഫർ ക്യാപ്റ്റൻഎന്ന് വിശേഷിപ്പിച്ച് മൊര്‍ത്താസയുടെ വാക്കുകള്‍ ശശി തരൂര്‍ ട്വീറ്റ് ചെയ്തതോടെ മൊര്‍ത്താസയും അദ്ധേഹത്തിന്റെ കാഴ്ചപാടുകളും വൈറല്‍ ആയി മാറിയിരിക്കുകയാണ്.

”ഞാനൊരു ക്രിക്കറ്റ് താരമാണ്, എനിക്കൊരു ജീവൻ രക്ഷിക്കാനാകുമോ? ഒരു ഡോക്ടർക്ക് അത് കഴിയും. പക്ഷേ രാജ്യത്തെ മികച്ച ഡോക്ടർക്ക് വേണ്ടി ആരും കൈയടിക്കുന്നില്ല. അവരെ കുറിച്ച് നല്ലതു മാത്രം പറയൂ. അവർക്ക് കൂടുതൽ ജീവൻ രക്ഷിക്കാനാകും. അവരാണ് നായകൻമാർ. തൊഴിലാളികളാണ് രാജ്യത്തെ കെട്ടിപ്പടുക്കുന്നത്. ക്രിക്കറ്റ് ഉപയോഗിച്ച് നമ്മൾ എന്തു നിർമ്മിച്ചു? ക്രിക്കറ്റിലൂടെ ഒരു ഇഷ്ടികയെങ്കിലും ഉണ്ടാക്കാൻ കഴിയുമോ? ക്രിക്കറ്റ് മൈതാനത്ത് കൃഷി നടത്താൻ പറ്റുമോ? ഇഷ്ടികയുപയോഗിച്ച് മുറ്റമുണ്ടാക്കുന്നവരും, വ്യവസായശാലകളിൽ സാധനങ്ങൾ
നിർമ്മിക്കുന്നവരും, കൃഷി ചെയ്യുന്നവരുമാണ് യഥാർത്ഥ താരങ്ങൾ” മൊര്‍ത്താസ ചൂണ്ടിക്കാട്ടുന്നു.

ക്രിക്കറ്റ് താരങ്ങൾ കളിക്കുന്നതിന് അവർക്ക് പണം ലഭിക്കുന്നുണ്ടെന്നും അവർ കലാകാരൻമാരെപ്പോലെയാണെന്നും മൊര്‍ത്താസ പറയുന്നു.”ഞങ്ങൾ എന്താണ് ചെയ്യുന്നത്? പരുഷമായി പറയുകയാണെങ്കിൽ ഞങ്ങൾ പണമുണ്ടാക്കുന്നു. ഒരു പാട്ടുകാരനെയോ അതല്ലെങ്കിൽ ഒരു അഭിനേതാവിനെയോ പോലെ. അതിനേക്കാൾ കൂടുതൽ ഒന്നുമില്ല. 1971ലെ വിമോചന പോരാളികൾ വിജയിക്കാനായി പണം വാങ്ങിയിട്ട് ബുള്ളറ്റിനെ അഭിമുഖീകരിച്ചവരല്ല. ആരെ ആരുമായാണ് താരതമ്യം ചെയ്യുന്നത്? ക്രിക്കറ്റിൽ ഹീറോകൾ ഉണ്ടെങ്കിൽ അത് റകീബുൽ ഹസ്സനും അബ്ദുൽ ഹലീം ജുവലിനെപ്പോലെയുള്ള രക്തസാക്ഷികളുമാണ്. 1971ലെ വിമോചനത്തിന് മുമ്പ് ബാറ്റിൽ ജോയ് ബംഗ്ലാ എന്നെഴുതി കളത്തിലിറങ്ങിയ താരമാണ് റക്കീബുൽ ഹസ്സൻ. ക്രിക്കറ്റ് ഉപേക്ഷിച്ചാണ് അബ്ദുൽ ഹലീം വിമോചന പോരാട്ടത്തിന്റെ ഭാഗമായത്. അന്നത്തെ ഗറില്ല യുദ്ധത്തിൽ അദ്ദേഹം പങ്കുചേർന്നു. അതൊക്കെയാണ് യഥാർത്ഥ ധീരത. പെയ്സ് ബൗളിങ്ങിനെ ബാറ്റു കൊണ്ട് നേരിടുന്നത് കാൽപനികവും കർത്തവ്യവുമാണ്. അതിനെ ധീരത എന്നു വിളിക്കാനാകില്ല”

ക്രിക്കറ്റ് ദേശീയ വികാരമാണെന്ന് ആർത്തുവിളിക്കുന്നവരപോട് എനിക്ക് ഒരു കാര്യമാണ് പറയാനുള്ളത്. ഇങ്ങനെ ആർത്തുവിളിക്കുന്നതിന് പകരം ഒരു ദിവസമെങ്കിലും റോഡിൽ പഴത്തൊലി കളയാതിരിക്കുക, അതല്ലെങ്കിൽ തുപ്പാതിരിക്കുക. അതുമല്ലെങ്കിൽ ട്രാഫിക് നിയമങ്ങളെങ്കിലും അനുസരിക്കുക. അതെല്ലാം അനുസരിച്ചാൽ രാജ്യത്തിന്റെ മുഖച്ഛായ തന്നെ മാറും. ക്രിക്കറ്റിന് വേണ്ടി നിങ്ങൾ വെറുതെ ഊർജ്ജം കളയരുത്. ഒരു ദിവസത്തെ ജോലി സത്യസന്ധതയോടെ ചെയ്യുക. അതാണ് യഥാർത്ഥ രാജ്യസ്നേഹം-മൊര്‍ത്താസ വ്യക്തമാക്കി.