ജസ്റ്റിസ് കർണൻ കോയമ്പത്തൂരിൽ അറസ്റ്റിൽ

0
111

കോടതിയലക്ഷ്യ കേസിനെത്തുടർന്ന് സുപ്രിം കോടതി ശിക്ഷിച്ച ജസ്റ്റിസ് കർണ്ണൻ കോയമ്പത്തൂരിൽ അറസ്റ്റിലായി. കൊൽക്കത്ത പൊലീസാണ് കോയമ്പത്തൂരിൽവെച്ച് കർണ്ണനെ അറസ്റ്റ് ചെയ്തത്. സുപ്രീം കോടതി അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ടതിനെ തുടർന്ന് കർണൻ ഒളിവിലായിരുന്നു. അറസ്റ്റ് അദ്ദേഹത്തിന്റെ അഭിഭാഷകൻ പീറ്റർ രമേശ് സ്ഥിരീകരിച്ചു.
കേസിന്റെ ഭാഗമായി കഴിഞ്ഞ ഫെബ്രുവരി എട്ട് മുതൽ കർണനെ നിയമനിർവഹണ ചുമതലകളിൽനിന്നു ചീഫ് ജസ്റ്റീസ് ഒഴിവാക്കിയിരുന്നു. കഴിഞ്ഞ മാസം അവസാനം കർണൻ സർവീസിൽനിന്നു വിരമിക്കുകയും ചെയ്തു. മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റീസിനും വിരമിച്ച ജഡ്ജിമാർക്കുമെതിരേ അഴിമതി ആരോപിച്ചു ചീഫ് ജസ്റ്റീസ്, പ്രധാനമന്ത്രി, പ്രതിപക്ഷനേതാവ് എന്നിവർക്ക് കത്തയച്ചതാണു ജസ്റ്റീസ് കർണനെതിരെ കോടതിയലക്ഷ്യ നടപടികൾ തുടങ്ങാൻ കാരണം. അതിനെത്തുടർന്ന് കോടതിയലക്ഷ്യത്തിനു സുപ്രീം കോടതി ജസ്റ്റീസ് കർണന് ആറു മാസം തടവ് ശിക്ഷ വിധിച്ചിരുന്നു. ഇന്ത്യയിൽ ആദ്യമായാണ് ഒരു ഹൈക്കോടതി ജഡ്ജിക്കെതിരേ സുപ്രീം കോടതി തടവു ശിക്ഷ വിധിക്കുന്നത്.

ചീഫ് ജസ്റ്റീസ് ജെ.എസ്. ഖേഹാർ അധ്യക്ഷനായ ബെഞ്ചാണ് കർണനെതിരായ കോടതിയലക്ഷ്യ കേസ് പരിഗണിച്ചത്. നേരത്തെ, ചീഫ് ജസ്റ്റീസ് ജെ.എസ്. ഖേഹറിനെയും സുപ്രീംകോടതിയിലെ ഏഴു ജഡ്ജിമാരെയും അഞ്ചു വർഷത്തെ കഠിന തടവിനു ജസ്റ്റീസ് കർണൻ ശിക്ഷിച്ചിരുന്നു.