തൊഴില്‍ക്കരം ശമ്പളത്തിനനുസരിച്ച് വര്‍ധിപ്പിക്കണമെന്ന് കേന്ദ്രത്തോട് കേരളം

0
138

തൊഴില്‍ക്കരം ശമ്പളത്തിനനുസരിച്ച് വര്‍ധിപ്പിക്കാന്‍ ഭരണഘടന ഭേദഗതി ചെയ്യണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടാന്‍ കേരളം തീരുമാനിച്ചു. വികേന്ദ്രീകൃത ആസൂത്രണ ഏകോപനസമിതിയുടേതാണ് പുതിയ തീരുമാനം.

നിലവില്‍ 1250 രൂപയാണ് തൊഴില്‍ക്കരമായി ആറുമാസം കൂടുമ്പോള്‍ ഈടാക്കുന്നത്. വര്‍ഷം 2500 രൂപയും. ഈ പരിധി 1988-ല്‍ ഭരണഘടനാ വ്യവസ്ഥയനുസരിച്ച് നിശ്ചയിച്ചതാണ്. ഇത് മാറ്റുന്നതിനു വേണ്ടിയാണ് ഭരണഘടന ഭേദഗതിചെയ്യണംമെന്ന അവശ്യം കേന്ദ്രത്തിനോട് ആവശ്യപ്പെടുന്നത്.

പലതവണ ശമ്പളം കൂട്ടിയിട്ടും പഴയനിരക്ക് തുടരുന്നത് തദ്ദേശസ്ഥാപനങ്ങള്‍ക്ക് കിട്ടേണ്ട വരുമാനം ചോര്‍ത്തിക്കളയുകയാണെന്ന നിലപാടാണ് സര്‍ക്കാരിന്. സര്‍ക്കാര്‍ തലത്തില്‍ മാത്രമല്ല, സ്വകാര്യ മേഖയിലും ഇത്തരത്തില്‍ ശമ്പള വര്‍ധന ഉണ്ടായ സാഹചര്യത്തലാണ് പുതിയ നിലപാട് എടുത്തിരിക്കുന്നത്.

വസ്തുനികുതി കഴിഞ്ഞാല്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ വരുമാനം കിട്ടുന്നത് തൊഴില്‍ക്കരത്തില്‍നിന്നാണെന്ന് നാലാം സംസ്ഥാന ധനകാര്യകമ്മിഷന്റെ അധ്യക്ഷനായിരുന്ന പ്രൊഫ. ബി.എ. പ്രകാശ് പറഞ്ഞു. മതിയായ തോതില്‍ കിട്ടുന്നില്ല. ഗ്രാമപ്പഞ്ചായത്തുകളുടെ സ്വന്തം വരുമാനത്തില്‍ 43 ശതമാനവും തൊഴില്‍ക്കരമാണ്. മുനിസിപ്പാലിറ്റികളില്‍ 25 ശതമാനവും.

കോര്‍പ്പറേഷനുകളില്‍ 31 ശതമാനവും. 2013-14ല്‍ ഗ്രാമപ്പഞ്ചായത്തുകള്‍ 133 കോടിയും മുനിസിപ്പാലിറ്റികള്‍ 68 കോടിയും കോര്‍പ്പറേഷനുകള്‍ 88 കോടിയുമാണ് തൊഴില്‍ക്കരം പിരിച്ചത് -അദ്ദേഹം പറഞ്ഞു.

ദേശീയ ധനകാര്യകമ്മിഷനുകള്‍ പലവട്ടം ഈ പരിധി ഉയര്‍ത്താന്‍ നിര്‍ദേശിച്ചിരുന്നതായി മുന്‍ ചീഫ് സെക്രട്ടറിയും പഞ്ചായത്തിരാജ് മന്ത്രാലയത്തിന്റെ മുന്‍ സെക്രട്ടറിയുമായ എസ്.എം. വിജയാനന്ദ് പറഞ്ഞു. ഉയര്‍ന്നപരിധി 11,500 രൂപവരെയാക്കാമെന്നാണ് ധനകാര്യകമ്മിഷനുകള്‍ നിര്‍ദേശിച്ചത്.

ഭരണഘടനയില്‍നിന്നുമാറ്റി കേന്ദ്രസര്‍ക്കാരിന്റെ വിജ്ഞാപനത്തിലൂടെ തൊഴില്‍ക്കരം പരിഷ്‌കരിക്കണമെന്നും നിര്‍ദേശം ഉയര്‍ന്നിരുന്നു. കേന്ദ്രസര്‍ക്കാര്‍ ഇത് നയപരമായി അംഗീകരിച്ചതാണ്. ഭരണഘടനാഭേദഗതിക്ക് തയ്യാറായില്ലെന്നും അദ്ദേഹം പറഞ്ഞു.