ദുബായ്: മൂന്നുവര്‍ഷം മുമ്ബ് ഫിലിപ്പൈന്‍സ് പൗരനെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട തൃശ്ശൂര്‍ ചാവക്കാട് സ്വദേശിയുടെ ശിക്ഷ അപ്പീല്‍ കോടതി റദ്ദാക്കി. ചാവക്കാട് സ്വദേശി നൗഷാദിന്റെ വധശിക്ഷയാണ് കോടതി പത്തുവര്‍ഷത്തെ തടവാക്കി കുറച്ചത്.
2014-ല്‍ റാസല്‍ഖൈമയില്‍ വെച്ചാണ് എലീസോ സാന്‍ഡിയാഗോ കൊല്ലപ്പെട്ടസംഭവം. റാസല്‍ഖൈമയില്‍ ഡ്രൈവറായിരുന്ന നൗഷാദിനോട് സുഹൃത്തായ എലീസോ പണം ആവശ്യപ്പെടുമായിരുന്നു. കൊടുത്തില്ലെങ്കില്‍ സ്വകാര്യങ്ങള്‍ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്താറുമുണ്ടായിരുന്നുവത്രെ. ഇതിനെ തുടര്‍ന്നാണ് ഇരുവരും തമ്മില്‍ സംഘട്ടനമുണ്ടായത്. കൊല്ലണമെന്ന ഉദ്ദേശ്യത്തോടെയല്ല താന്‍ എലീസോയെ അക്രമിച്ചതെന്ന് നൗഷാദ് പോലീസിനോട് പറഞ്ഞു. എങ്കിലും കൊലപാതകക്കുറ്റം നൗഷാദ് കോടതിയിലും പോലീസിലും സമ്മതിച്ചു. റാസല്‍ഖൈമ കോടതി നൗഷാദിന് വധശിക്ഷയും വിധിച്ചു.
തുടര്‍ന്നാണ് നൗഷാദ് റാസല്‍ഖൈമ അപ്പീല്‍ കോടതില്‍ വധശിക്ഷ റദ്ദാക്കാനായി ഹര്‍ജി സമര്‍പ്പിച്ചത്. എന്നാല്‍ അപ്പീല്‍ കോടതി കീഴ്ക്കോടതിയുടെ വിധി ശരിവെച്ചു. തുടര്‍ന്ന് നൗഷാദിന്റെ ബന്ധുക്കള്‍ അല്‍കബ്ബാന്‍ അസോസിയേറ്റ്സിലെ സീനിയര്‍ ലീഗല്‍ കണ്‍സല്‍ട്ടന്റ് ഷംസുദ്ദീന് കരുനാഗപ്പള്ളിയുമായി ബന്ധപ്പെട്ട് റാസല്‍ഖൈമ സുപ്രീംകോടതിയില്‍ അപ്പീല്‍ ഹരജി ഫയല്‍ ചെയ്തു. ഇരുഭാഗങ്ങളുടെയും വാദം കേട്ടശേഷം സുപ്രീം കോടതി കേസ് വീണ്ടും അപ്പീല്‍ കോടതിയിലേക്ക് തിരിച്ചയച്ചു. തുടര്‍ന്നാണ് ശിക്ഷ പത്തുവര്‍ഷം തടവാക്കി ചുരുക്കിയത്.