നേപ്പാളില്‍ പോയെന്ന് കരുതി, ഒളിയിടം കൊച്ചിയിലും

0
115

ഒന്നരമാസമായി ഒളിവിലായിരുന്ന മുന്‍ കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജ്  കർണൻ ഒളിവിൽ കഴിഞ്ഞതു കേരളത്തിലും. ചെന്നൈയിലും മധുരയിലും എല്ലാം അരിച്ചു പെറുക്കുകയും നേപ്പാളിലേക്ക് നാട് വിട്ടുവെന്ന് അഭ്യൂഹം പരക്കുകയും ചെയ്തപ്പോള്‍ ജസ്റ്റിസ് കര്‍ണന്‍ കൊച്ചിയില്‍ ഒളിവില്‍ കഴിഞ്ഞുവെന്നാണ് വെളിവാകുന്നത്.  കൊച്ചിയിലെ താമസം വ്യാജപ്പേരില്‍ ആയിരുന്നു. ചെന്നൈ സ്വദേശി എ.എന്‍ രാജന്‍ എന്നാ പേരില്‍ മൂന്നു സഹായികള്‍ക്ക് ഒപ്പമായിരുന്നു താമസം.

കൊച്ചി പനങ്ങാടുള്ള ലേക്ക് റിസോർട്ടിലാണു കർണൻ ഒളിവിൽ കഴിഞ്ഞത്. മൂന്നുദിവസം ഇവിടെയുണ്ടായിരുന്നു. സഹായികളോടൊപ്പമാണു കർണൻ ഇവിടെ കഴിഞ്ഞിരുന്നത്. റിസോർട്ടിൽനിന്നു മൂന്നുദിവസം മുമ്പു കോയമ്പത്തൂരിലേക്കു പോയി. മൊബൈൽ ഫോൺ സിഗ്‌നലുകൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണമാണു പൊലീസിനെ കോയമ്പത്തൂരിലെത്തിച്ചത്. കർപ്പകം കോളജിനു സമീപത്തുള്ള റിസോർട്ടിൽ നിന്നാണു കർണനെ പിടികൂടിയതെന്നാണു റിപ്പോർട്ട്. മൂന്നു ദിവസം റിസോർട്ടിൽ താമസിച്ചു നിരീക്ഷണം നടത്തിയ ശേഷമാണു പൊലീസ് നടപടികളിലേക്കു കടന്നത്. ആദ്യം അറസ്റ്റിനെ ചെറുക്കാൻ ശ്രമിച്ച കർണൻ പിന്നീട് സഹകരിക്കുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. അഴിമതിയ്‌ക്കെതിരായ പോരാട്ടം തുടരുമെന്ന് അറസ്റ്റിനുശേഷം കർണൻ മാധ്യമങ്ങളോടു പ്രതികരിച്ചു.

കൊൽക്കത്ത പൊലീസ്, തമിഴ്‌നാട് പൊലീസിന്റെ സഹായത്തോടെയാണു കര്‍ണനെ പിടികൂടിയത്. കർണനെ ചെന്നൈയിൽ എത്തിച്ചശേഷം കൊൽക്കത്തയിലേക്കോ മുംബൈയിലേക്കോ കൊണ്ടുപോകും എന്നാണ് അറിയുന്നത്. മുംബൈ വഴിയുള്ള കൊൽക്കത്ത വിമാനത്തിലാണു കർണനുമായി പൊലീസ് സംഘം തിരിച്ചത്. കൊൽക്കത്ത പ്രസിഡൻസി ജയിലിലേയ്ക്കാകും കർണനെ മാറ്റുക എന്നാണു വിവരം. മെയ് 9നാണ് കോടതിയലക്ഷ്യ കേസിൽ സുപ്രീംകോടതി കർണനെ ആറുമാസത്തെ തടവിനു ശിക്ഷിച്ചത്. മേയ് പത്തിന് ചെന്നൈയിലെത്തിയ കർണൻ ഒളിവിൽ പോവുകയായിരുന്നു. ഇതിനിടെ ജൂൺ 12ന് കർണൻ സർവ്വീസിൽ നിന്നും വിരമിച്ചു. തന്നെ ശിക്ഷിച്ച വിധി പുനഃപരിശോധിക്കണമെന്ന കൊൽക്കത്ത ഹൈക്കോടതി മുൻ ജഡ്ജി സി.എസ്. കർണന്റെ ഹർജി നിലനിൽക്കുന്നതല്ലെന്നു സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു ജസ്റ്റിസ് കർണൻ നൽകിയ ഹർജി സ്വീകരിക്കാനാവില്ലെന്നു സുപ്രീം കോടതി റജിസ്ട്രി വ്യക്തമാക്കി. ഇക്കാര്യം കർണന്റെ അഭിഭാഷകനെ രേഖാമൂലം അറിയിച്ചു.

നേരത്തെ, ജസ്റ്റിസ് കർണന്റെ പുനഃപരിശോധനാ ഹർജി ഉടൻ പരിഗണിക്കണമെന്ന അപേക്ഷ തള്ളിയ സുപ്രീം കോടതി, നിരന്തരം ഈ വിഷയം ഉന്നയിക്കുന്ന അഭിഭാഷകനോട് ഇനിയുമതിനു മുതിർന്നാൽ കടുത്ത നടപടി നേരിടേണ്ടിവരുമെന്നു കർശന മുന്നറിയിപ്പും നൽകി. കോടതിയലക്ഷ്യക്കേസിൽ സുപ്രീംകോടതിയുടെ ഏഴംഗ ഭരണഘടനാ ബെഞ്ചാണു ജസ്റ്റിസ് കർണനെ ആറു മാസത്തെ തടവിനു ശിക്ഷിച്ചത്. അദ്ദേഹത്തെ ഉടൻ അറസ്റ്റ് ചെയ്യാൻ ബംഗാൾ പൊലീസിനോട് നിർദേശിക്കുകയും ചെയ്തു. ഇതിനിടെ ഒളിവിൽപോയ ജസ്റ്റിസ് കർണൻ, കൊൽക്കത്ത ഹൈക്കോടതി ജഡ്ജി സ്ഥാനത്തുനിന്നു വിരമിക്കുകയും ചെയ്തു.