ന്യായീകരിച്ചോളൂ സര്‍ , അത് നുണ പറഞ്ഞു കൊണ്ടാകരുത്

0
239

യതീഷ് ചന്ദ്ര എന്ന ഡി.സി.പി പുതുവൈപ്പിൽ പോയിട്ടില്ലെന്നും സമരക്കാരെ തല്ലുന്നതായി കാട്ടുന്നതു കൊച്ചിയിലെ വിഷ്വലുകൾ അല്ലെന്നുമുള്ള ഡി.ജി.പി ടി.പി സെൻകുമാറിൻറെ ന്യായീകരണം കലക്കി. പ്രധാനമന്ത്രിക്ക് സുരക്ഷാ ഭീക്ഷണി ഉള്ളത് കൊണ്ടാണത്രേ പ്രതിഷേധക്കാരെ കൊച്ചിയിൽ തടഞ്ഞത്. പ്രധാനമന്ത്രിയുടെ യാത്രാ പാതയിൽ വിഘാതം സൃഷ്ടിക്കാൻ നോക്കവേ ആണത്രേ പുതുവൈപ്പ് സമരക്കാരെ പോലീസ് നേരിട്ടത്… അതി മനോഹരം സർ, താങ്കൾ പറഞ്ഞ നുണ..
കഥയൊക്കെ കൊള്ളാം ഡിജിപി സെൻകുമാർ .. പക്ഷേ താങ്കൾക്കു അൽപ്പം പിശകി എന്ന് വിനയപൂർവ്വം ഓർമ്മിപ്പിക്കട്ടെ…പ്രധാനമന്ത്രി നരേന്ദ്ര മോദി മെട്രോ ഉദ്ഘാടനത്തിന് വന്നത് ശനിയാഴ്ച. അതായത് ഈ മാസം പതിനേഴിന്. സമരക്കാരെ ഹൈക്കോടതി കവലയിൽ യതീഷ് ചന്ദ്രയുടെ നേതൃത്വത്തിൽ ഉള്ള പോലീസ് സേന നേരിട്ടത് വെള്ളിയാഴ്ച…അന്ന് പ്രധാനമന്ത്രി കേരളത്തിൽ വന്നിട്ടില്ലല്ലോ സർ, ശനിയാഴ്ച വരുന്ന പ്രധാനമന്ത്രിക്ക് സുരക്ഷ ഒരുക്കാൻ വേണ്ടി വെള്ളിയാഴ്ച കൊച്ചി നഗരം കാവലിൽ ആക്കിയിട്ടും ഉണ്ടായിരുന്നില്ല. കുട്ടികളെ കൈയ്യിൽ ഏന്തി വന്ന പിതാവിനെ യതീഷ് ചന്ദ്ര ലാത്തി പ്രയോഗിച്ചു ഒതുക്കുന്ന വിഷ്വൽ മാധ്യമങ്ങളിൽ വന്നത് വെള്ളിയാഴ്ചത്തെ തന്നെയാണ് സർ. അത് അച്ചടിച്ച് വന്ന പത്രം താങ്കൾ കണ്ടത് ശനിയാഴ്ച ആകുമെന്ന് മാത്രം. അത് കൊണ്ട് വെള്ളിയാഴ്ച നടന്ന ലാത്തിച്ചാർജ് ഇല്ലാതെ ആകില്ലല്ലോ സർ.
ഡി.ജി.പി താങ്കൾ പറഞ്ഞ കാര്യങ്ങളിൽ ഏറ്റവും വലിയ കളവു പുതുവൈപ്പിൽ സമരം നടന്ന ആദ്യ ദിനത്തിൽ അതായത് വെള്ളിയാഴ്ച ഡി.സി.പി യതീഷ് ചന്ദ്ര ലീവ് ആയിരുന്നു എന്നതാണ്. ശനിയാഴ്ചത്തെ കൊച്ചിയിലെ രണ്ടു പ്രമുഖ പത്രങ്ങൾ എടുത്തു നോക്കണം സർ, മാതൃഭൂമി കൃത്യമായി യതീഷ് ചന്ദ്ര സമരക്കാരെ അടിച്ചു ഒതുക്കിയതും സി.ആർ നീലകണ്ടനെ ആരെന്നു പറയാൻ പോലും അനുവദിക്കാതെ തൂക്കിയെടുത്തു ജീപ്പിൽ ഇട്ടതും റിപ്പോർട്ട് ചെയ്യുന്നുണ്ട്. കുട്ടികൾ അടക്കമുള്ളവരെ കസ്റ്റഡിയിൽ എടുത്തത് കൃത്യമായി മനോരമയിലും ഉണ്ട്. പ്രധാനമന്ത്രി വന്ന ദിവസം നഗരത്തിലേക്ക് എത്താനുള്ള സമരക്കാരുടെ തീരുമാനം കൈകാര്യം ചെയ്യുമ്പോൾ സർ, അങ്ങ് പറഞ്ഞ കാര്യക്ഷമത പോലീസ് കാട്ടിയതിൽ തെറ്റില്ല. പ്രധാനമന്ത്രിയുടെ മുന്നിലേക്ക് സമരം എത്തുന്ന ഒരു സാഹചര്യം ഒഴിവാക്കാൻ പോലീസ് ആരെയെങ്കിലും തല്ലി എങ്കിൽ കൂടി തെറ്റ് പറയുന്നില്ല. പക്ഷെ, അന്നാണ് ഒരു യുവാവിൻറെ വൃഷണം താങ്കൾ പറഞ്ഞ ആ സർവഗുണ സമ്പന്നന്റെ നേതൃത്വത്തിൽ ഉള്ള പോലീസ് ഉടച്ചു കളഞ്ഞത്. കുട്ടികളെയും സ്ത്രീകളെയും കസ്റ്റഡിയിൽ എടുത്തതും. പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്ക് ആണെങ്കിൽ കൂടി വൃഷണം ഒക്കെ ഉടക്കാമോ സർ ?
ഇനി യതീഷ് ചന്ദ്ര പുതുവൈപ്പിൽ ക്രൂരമായ ലാത്തിച്ചാർജ് നടന്ന ദിവസം അവിടേക്ക് പോയില്ല എന്ന അങ്ങയുടെ ന്യായം ശരിയാണ് എന്ന് തന്നെ ഇരിക്കട്ടെ. അപ്പോഴും ഡി.സി.പിയുടെ അഭാവത്തിൽ ആണെങ്കിൽ പോലും അന്നത്തെ നരനായാട്ടിനു ഏതെങ്കിലും ഒരു ഉദ്യോഗസ്ഥൻ നേതൃത്വം കൊടുത്തു കാണില്ലേ ? യതീഷ് ചന്ദ്രയ്ക്ക് ഉത്തരവാദിത്വം ഇല്ലെങ്കിൽ അന്ന് നേതൃത്വം നൽകിയ ആ ഉദ്യോഗസ്ഥന് ലാത്തി പ്രയോഗത്തിന്റെയും പോലീസ് നരനായാട്ടിന്റെയും ഉത്തരവാദിത്വം കാണാതെ ഇരിക്കില്ലല്ലോ ? വി.എസും സ്ഥലം എം.എൽ.എ എസ്. ശർമയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും ഒക്കെ യതീഷ് ചന്ദ്രയ്ക്ക് എതിരായി നടപടി വേണമെന്ന് പറഞ്ഞത് അന്ന് ലീവിൽ ആയിരുന്നുവെന്നു അറിഞ്ഞു കൊണ്ടാണോ ? സർ, അങ്ങയുടെ വാക്കുകൾ ശരിയാണ് എങ്കിൽ ഈ മുതിർന്ന നേതാക്കൾ എല്ലാം ജനങ്ങളെ തെറ്റിധരിപ്പിക്കുക ആയിരുന്നില്ലേ ?

മാധ്യമങ്ങളിലൂടെ വന്ന വിഷ്വലുകള്‍ യതീഷ് ചന്ദ്ര ഹൈക്കോടതി കവലയില്‍ പോതുജനങ്ങളെ നേരിട്ടത് തന്നെയാണ് സര്‍..അല്ലാതെ പുതുവൈപ്പ് ദൃശ്യങ്ങള്‍ കാട്ടി പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിച്ചത് അല്ല.