പാക്ക് വിജയം ആഘോഷിച്ച 23 പേർക്കെതിരെ കാസർഗോഡ് കേസ്

0
129

ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് ഫൈനലിൽ ഇന്ത്യയെ പരാജയപ്പെടുത്തിയ പാക്കിസ്ഥാൻ ടീമിനെ അനുകൂലിച്ചു മുദ്രാവാക്യം വിളിക്കുകയും ആഹ്ലാദപ്രകടനം നടത്തി പടക്കം പൊട്ടിക്കുകയും ചെയ്ത സംഭവത്തിൽ 23 പേർക്കെതിരെ പൊലീസ് കേസെടുത്തു. രാത്രിയിൽ പൊതുസ്ഥലത്തു മറ്റുള്ളവരെ ഭീതിയിലാഴ്ത്തുംവിധം പടക്കം പൊട്ടിക്കുക (ഐപിസി 486), മനഃപൂർവം ലഹളയുണ്ടാക്കാൻ ശ്രമിക്കുക (ഐപിസി 153) എന്നീ വകുപ്പുകൾ അനുസരിച്ചാണു കേസെടുത്തത്.കുമ്പടാജെ പഞ്ചായത്ത് മുൻ പ്രസിഡന്റും ബിജെപി നേതാവുമായ രാജേഷ് ഷെട്ടി നൽകിയ പരാതിയെത്തുടർന്നു പൊലീസ് പ്രാഥമിക അന്വേഷണം നടത്തി കേസ് റജിസ്റ്റർ ചെയ്യുകയായിരുന്നു.കുമ്പടാജെ ചക്കുടലിൽ സ്വദേശികളായ റസാഖ്, മസൂദ്, സിറാജ് എന്നിവർക്കും കണ്ടാലറിയാവുന്ന മറ്റ് 20 പേർക്കുമെതിരെയാണു ബദിയടുക്ക പൊലീസ് കേസ് റജിസ്റ്റർ ചെയ്തത്. പാക്കിസ്ഥാൻ ജേതാക്കളായ 18ന് രാത്രി 11ന് കുമ്പടാജെ ചക്കുടലിൽ ഇവരുടെ നേതൃത്വത്തിൽ റോഡിൽ ആഹ്ലാദ പ്രകടനം നടത്തിയെന്നും പാക്കിസ്ഥാൻ അനുകൂല മുദ്രാവാക്യം വിളിച്ചെന്നുമാണു പരാതി. ആഹ്ലാദപ്രകടനത്തിനുശേഷം പടക്കം പൊട്ടിച്ചെന്നും പരാതിയിൽ പറയുന്നു. അതേ സമയം പാക്കിസ്താന് അനുകൂലമായി മുദ്രാവാക്യം വിളിച്ചതിനും കേസെടുക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി പ്രവർത്തകർ മാർപ്പനടുക്കയിൽ പ്രകടനം നടത്തി.