പിടിവാശി മാറ്റി പുതുവൈപ്പ് സമരസമിതി; ചർച്ചക്ക് തയാര്‍

0
103

സർക്കാരുമായി ചർച്ചയ്ക്കു തയാറെന്നു പുതുവൈപ്പ് സമരസമിതി. തിരുവനന്തപുരത്തു ബുധനാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച ചർച്ചയിൽ പങ്കെടുക്കുമെന്നു സമരസമിതി നേതാക്കൾ അറിയിച്ചു. നേരത്തെ, കൊച്ചിയിൽ ചർച്ച നടത്തിയാലേ പങ്കെടുക്കൂവെന്ന് എന്നായിരുന്നു സമരസമിതി പറഞ്ഞിരുന്നത്. തിങ്കളാഴ്ച രാത്രിയോടെയാണു നിലപാടു മാറ്റിയത്.

അതിനിടെ, പുതുവൈപ്പിനിൽ അറസ്റ്റിലായ ജനകീയസമിതി പ്രവർത്തകരെ ഹാജരാക്കിയ ഞാറയ്ക്കൽ കോടതിയിൽ നാടകീയ രംഗങ്ങൾ അരങ്ങേറി. 80 പേർക്കും ജാമ്യം അനുവദിച്ചപ്പോൾ റിമാൻഡ് ചെയ്യണമെന്ന ആവശ്യത്തിൽ സമരക്കാർ ഉറച്ചുനിന്നു. ഒടുവിൽ തിങ്കളാഴ്ച ഉച്ചതിരിഞ്ഞു മൂന്നരയ്ക്ക് വീണ്ടും ചേർന്ന കോടതി പത്തു നിമിഷങ്ങൾക്കകം കോടതി പരിസരത്തുനിന്ന് പിരിഞ്ഞു പോകണമെന്ന് കർശന നിർദേശം നൽകുകയായിരുന്നു.

ഉച്ചയ്ക്ക് ഒന്നരയ്ക്കു രണ്ടു വാഹനങ്ങളിലായി 63 സ്ത്രീകളടങ്ങിയ 80 അംഗ സമരക്കാരെ ഞാറയ്ക്കൽ കോടതിയിൽ എത്തിക്കുകയായിരുന്നു. മുദ്രാവാക്യം വിളികളുമായാണു പ്രവർത്തകർ കോടതിയിലേക്കു പ്രവേശിച്ചത്. രണ്ടു മണിയോടെ കോടതി ചേർന്നു. ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണെന്നും ജാമ്യക്കാരെ ഹാജരാക്കണമെന്നും കോടതി പറഞ്ഞതോടെ തങ്ങൾക്ക് ജാമ്യം വേണ്ടെന്നും റിമാൻഡ് ചെയ്താൽ മതിയെന്നും 80 പേരും ഒരേ സ്വരത്തിൽ ആവശ്യപ്പെട്ടു. പൊലീസ് അതിക്രമത്തെ കുറിച്ചും പ്രവർത്തകർ വിവരിച്ചു. പോലീസ് അതിക്രമത്തെ കുറിച്ചുള്ള പരാതി വിശദമായി എഴുതി നൽകണമെന്നും ഒരു മണിക്കൂറിനുള്ളിൽ കേസ് വീണ്ടും പരിഗണിക്കുമെന്നും മജിസ്‌ട്രേറ്റ് അറിയിച്ചു.

മൂന്നരയോടെ വീണ്ടും ചേർന്ന കോടതി മുഴുവൻ പേരെയും സ്വമേധയാ ജാമ്യത്തിൽ വിട്ടയ്ക്കുന്നതായി അറിയിച്ചു. റിമാൻഡ് ആവശ്യം ആവർത്തിച്ചതോടെ കോടതി സ്വരം കനപ്പിച്ചു. 10 നിമിഷത്തിനുള്ളിൽ കോടതിവളപ്പിൽനിന്ന് എല്ലാവരും പിരിഞ്ഞുപോകണമെന്നും സമൻസ് ലഭിക്കുമ്പോൾ ഹാജരായാൽ മതിയെന്നും കൽപിച്ചു. ഇതോടെ എല്ലാവരും പുറത്തേക്കുപോയി. ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്നു സമരക്കാർ ആവർത്തിച്ചു.