പുതുവൈപ്പ് പദ്ധതി വേണ്ടെന്ന് വെക്കേണ്ടത് കേന്ദ്ര സര്‍ക്കാര്‍-കോടിയേരി

0
137

പുതുവൈപ്പ് പദ്ധതി വേണ്ടെന്ന് വെക്കാനുള്ള അധികാരം സംസ്ഥാന സർക്കാറിനില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കേന്ദ്രസർക്കാറാണ് പദ്ധതിക്ക് അനുമതി നൽകിയത്. പദ്ധതിക്ക് നടത്താനാവശ്യമായ സഹായം നൽകുക എന്നതാണ് സംസ്ഥാന സർക്കാറിന് ചെയ്യാനുള്ളത്. പദ്ധതി നടപ്പിലാക്കാൻ സമ്മതിക്കില്ലെന്ന നിലപാടിൽ നിന്ന് സമര സമതി പിൻമാറണമെന്നും കോടിയേരി ആവശ്യപ്പെട്ടു.
പുതുവെപ്പിൽ സമരത്തിനെതിരായ പൊലീസ് നടപടിയെയും കോടിയേരി ന്യായീകരിച്ചു. മെട്രോ ഉദ്ഘാടന വേദിയിലേക്ക് തള്ളികയറാനാണ് സമരക്കാർ ശ്രമിച്ചത്. ഇത് തടയുക മാത്രമാണ് പൊലീസ് ചെയ്തത്. പ്രധാനമന്ത്രി പെങ്കടുക്കുന്ന ചടങ്ങ് അലേങ്കാലമായാൽ ഈ രീതിയിലാവില്ല ചർച്ച നടക്കുക എന്നും കോടിയേരി പറഞ്ഞു. പൊലീസിനെ നിർവീര്യമാക്കാൻ ആരെയും അനുവദിക്കില്ല. പൊലീസിന് വീഴ്ച പറ്റിയിട്ടുണ്ടെങ്കിൽ സർക്കാർ അത് പരിശോധിക്കുമെന്നും കോടിയേരി അറിയിച്ചു.

പോലീസിനെ ആക്രമിക്കുക, നിർവീര്യമാക്കുക എന്ന നിലപാട് അംഗീകരിക്കാൻ സാധിക്കില്ല. രാജ്യത്ത് അരാജകത്വം സൃഷ്ടിക്കാനുള്ള ചിലരുടെ നീക്കമാണ് ഇതിനുപിന്നിൽ. സംസ്ഥാനത്ത് ഒരുവികസന പ്രവർത്തനവും നടത്താൻ അനുവദിക്കില്ല എന്ന നിലപാടാണ് ചിലർക്കുള്ളത്. ഇത് അംഗീകരിക്കാനാവില്ലെന്നും കോടിയേരി പറഞ്ഞു.യുപിഎ സർക്കാരിന്റെ കാലത്താണ് പ്ലാന്റ് സ്ഥാപിച്ചത്. പിന്നീട് ബിജെപി സർക്കാർ അതിന്റെ പ്രവർത്തനങ്ങൾ തുടർന്നു. പദ്ധതിക്കാവശ്യമായ സഹായം ചെയ്തുകൊടുക്കുക എന്നത് സംസ്ഥാന സർക്കാരിന്റെ ഉത്തരവാദിത്വമാണ്.

പ്രശ്നത്തിൽ മുഖ്യമന്ത്രി ഇടപെടുകയും ബുധനാഴ്ച ചർച്ച നടത്തുന്നതിനുള്ള സന്നദ്ധത അറിയിക്കുകയും ചെയ്തതാണ്. അതുവരെ സമരം നടത്തില്ലെന്നായിരുന്നു മുഖ്യമന്ത്രിക്ക് സമരക്കാർ നൽകിയ ഉറപ്പ്. ഹൈക്കോടതിയിലും സമരം തുടരില്ല എന്ന് സമരക്കാർ ഉറപ്പ് നൽകിയിരുന്നു. എന്നാൽ അത് പാലിക്കപ്പെട്ടില്ല. സമരസമിതി അവരുടെ നിലപാട് പുനപരിശോധിക്കണം- കോടിയേരി ആവശ്യപ്പെട്ടു.പൊലീസ് നടപടിയെ കുറിച്ചുള്ള സി.പി.ഐയുടെയും, സി.പി.എം നേതാക്കളായ എസ്.ശർമ്മയുടെയും, മേഴ്‌സികുട്ടിയമ്മയുടെയും അഭിപ്രായങ്ങൾ ചൂണ്ടിക്കാട്ടിയപ്പോൾ അത് അവരുടെ അഭിപ്രായമാണെന്നായിരുന്നു കോടിയേരിയുടെ മറുപടി.