മാക്രോണിന്റെ പാർടിക്ക് ഭൂരിപക്ഷം

0
74

ഫ്രാൻസിൽ പാർലമെന്റ് തെരഞ്ഞെടുപ്പ് രണ്ടാംഘട്ട വോട്ടെടുപ്പ് പിന്നിട്ടപ്പോൾ പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ പാർടിക്ക് വ്യക്തമായ ഭൂരിപക്ഷം. 577 അംഗ പാർലമെന്റിൽ മാക്രോണിന്റെ പാർടിയായ ലാ റിപ്പബ്‌ളിക് എൻ മാർച്ചെയും സഖ്യകക്ഷിയായ മോ ഡെമും ചേർന്ന് മുന്നൂറിലേറെ സീറ്റു നേടി. ഒരുവർഷം മുമ്പുമാത്രം രൂപീകരിച്ച മാക്രോണിന്റെ പാർടിക്ക് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ശേഷം ലഭിക്കുന്ന മികച്ച മുന്നേറ്റമാണിത്.

കൺസർവേറ്റീവ് പാർടിയും സഖ്യകക്ഷികളുംചേർന്ന് 137 സീറ്റ് നേടി. കഴിഞ്ഞ പാർലമെന്റിൽ ഇവർക്ക് 200 സീറ്റുണ്ടായിരുന്നു. സോഷ്യലിസ്റ്റുകൾ നേടിയത് 49 സീറ്റാണ്. ഇത്തുടർന്ന് സോഷ്യലിസ്റ്റ് നേതാവ് ജീൻ ക്‌ളൌഡ് സ്ഥാനമൊഴിയുന്നതായി പ്രഖ്യാപിച്ചു. നാഷണൽ ഫ്രണ്ട് പാർടി ആകെ ഒമ്പത് സീറ്റുകളാണ് നേടിയത്.
ഫ്രാൻസിന്റെ രാഷ്ട്രീയരംഗത്തെ മാറ്റിമറിക്കുന്നതാണ് പാർലമെന്റ് തെരഞ്ഞെടുപ്പിൽ മാക്രോണിന്റെ പാർടിക്കുണ്ടായ മുന്നേറ്റം. കഴിഞ്ഞവർഷം രൂപീകരിച്ച പാർടിയുടെ സ്ഥാനാർഥികളിൽ പകുതിയും ഒരു രാഷ്ട്രീയ പാരമ്പര്യവുമില്ലാത്ത പുതുമുഖങ്ങളായിരുന്നു.

ആറുമാസം മുമ്പ് ഫ്രാൻസിന്റെ രാഷ്ട്രീയ ചിത്രത്തിലെങ്ങും ഇല്ലാതിരുന്ന മാക്രോൺ ഇപ്പോൾ പാർലമെന്റിലെ പരമ്പരാഗത ശക്തികളായിരുന്ന രാഷ്ട്രീയപാർടികളെയാണ് തറപറ്റിച്ചിരിക്കുന്നത്. നാൽപത് വർഷങ്ങളായി ഫ്രാൻസിനെ അടക്കിഭരിച്ചിരുന്ന പാർടികളെയെല്ലാം പിന്തള്ളി പുതിയ മുഖങ്ങൾ ഫ്രഞ്ച് പാർലമെന്റിൽ ഇടംപിടിച്ചു. ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കാൻ മാക്രോണിന് പാലിക്കാനാകുമോ എന്നാണ് നിരീക്ഷകർ ഉറ്റുനോക്കുന്നത്.