യുഎന്നിന്റെ പുതിയ ഗുഡ്‌വില്‍ അംബാസഡര്‍ ഈ 19 കാരി

0
82

വാഷിങ്ടണ്‍: ഐക്യരാഷ്ട്ര സഭയുടെ കീഴിലുള്ള കുട്ടികള്‍ക്കു വേണ്ടിയുള്ള സംഘടന യൂനിസെഫിന് പുതിയ ഗുഡ്‌വില്‍ അംബാസഡര്‍. 19 കാരിയായ സിറിയന്‍ അഭയാര്‍ത്ഥിയും വിദ്യാഭ്യാസ പ്രവര്‍ത്തകയുമായ മുസൂന്‍ അല്‍മെല്ലാഹാന്‍ ആണ് യുഎന്നിന്റെ പുതിയ ഗുഡ്‌വില്‍ അംബാസഡര്‍. യൂനിസെഫിന്റെ ഏറ്റവും പ്രായം കുറഞ്ഞ ഗുഡ്‌വില്‍ അംബാസഡര്‍ കൂടിയാണ് മുസൂന്‍ അല്‍മെല്ലാഹാന്‍. ഒദ്യോഗിക അഭയാര്‍ത്ഥി പദവിയുള്ള ഒരാള്‍ ആദ്യമായാണ് യുഎന്‍ ഗുഡ്‌വില്‍ അംബാസഡര്‍ ആകുന്നതെന്ന് യൂനിസെഫിന്റെ ഡപ്യൂട്ടി എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ജസ്റ്റിന്‍ ഫോര്‍സിത് പറഞ്ഞു.

ജോര്‍ദാനിലെ അഭയാര്‍ത്ഥി ക്യാമ്പില്‍ കഴിയുമ്പോള്‍ യൂനിസെഫിന്റെ ഭാഗത്തു നിന്നും തനിക്ക് നല്ല പിന്തുണ ലഭിച്ചിട്ടുണ്ടെന്ന് മുസൂന്‍ അല്‍മെല്ലാഹാന്‍ പറഞ്ഞു. യൂനിസെഫിന്റെ മുന്‍ ഗുഡ്‌വില്‍ അംബാസഡറും നടിയുമായ ഓഡ്രി ഹെപ്‌ബേണിന്റെ പിന്‍ഗാമിയായാണ് മുസൂന്‍ സ്ഥാനമേല്‍ക്കുന്നത്.സിറിയയില്‍ നിന്നും പുറപ്പെടുമ്പോള്‍ താന്‍ കയ്യിലെടുത്തത് സ്‌കൂള്‍ പുസ്തകങ്ങള്‍ മാത്രമായിരുന്നെന്ന് മുസൂന്‍ പറയുന്നു. ബാലവേലക്കും ബാലവിവാഹങ്ങള്‍ക്കും കുട്ടികള്‍ നിര്‍ബന്ധിതരായിത്തീരുന്നത് താന്‍ കണ്ടിട്ടുണ്ട്. അവരുടെ ശബ്ദമാകാനും അവര്‍ക്കു വിദ്യാഭ്യാസം നല്‍കാനും യൂനിസെഫിനോടു ചേര്‍ന്നു പ്രവര്‍ത്തിക്കുമെന്നും മുസൂന്‍ വ്യക്തമാക്കി.