രാഷ്ട്രപതിയുടെ വാഹനം തടഞ്ഞ് ആംബുലൻസ് വിട്ടു; പൊലീസുകാരന് അഭിനന്ദനം

0
60

ബെംഗളൂരു∙ ആംബുലൻസിനു കടന്നുപോകാൻ ഇന്ത്യൻ രാഷ്ട്രപതിയുടെ വാഹനവ്യൂഹം തടഞ്ഞ പൊലീസ് ഉദ്യോഗസ്ഥന് അഭിനന്ദന പ്രവാഹം.
സബ്​ ഇൻസ്​പെക്​ടർ എം എൽ നിജലിംഗപ്പയാണ്​ മേലുദ്യോഗസ്ഥരുടെ ഉള്‍പ്പെടെ അഭിനന്ദന പ്രവാഹം ഏറ്റുവാങ്ങുന്നത്. ശനിയാഴ്​ച ബംഗളൂരുവിലെ ട്രിനിറ്റി സർക്കിളിലാണ് സംഭവം. പൊലീസ്​ ആംബുലൻസിന്​ വഴിയൊരുക്കാൻ ബൈപാസിൽ രാഷ്​ട്രപതിയുടെ വാഹനവ്യൂഹത്തെയാണ് ഇദ്ദേഹം തടഞ്ഞു നിർത്തിയത്​.
ബംഗളൂരു മെട്രോ ഉദ്​ഘാടനത്തിനെത്തിയ രാഷ്​ട്രപതി പ്രണബ്​ മുഖർജി രാജ്​ ഭവനിലേക്ക്​ യാത്ര ചെയ്യുന്നതിനിടെയാണ്​ നിജലിംഗപ്പ വാഹനം തടഞ്ഞത്​. രോഗിയെയും വഹിച്ചുകൊണ്ടുള്ള ആംബുലൻസ്​ സമീപത്തെ എച്ച്​.എ.എൽ ആശുപത്രിയിലേക്കാണെന്ന്​ അറിഞ്ഞ ഇദ്ദേഹം വാഹനങ്ങളെല്ലാം തടഞ്ഞുനിർത്തി. തിരക്കേറിയ ബൈപാസിൽ തടസമില്ലാതെ ആംബുലൻസിന്​ കടന്നുപോകാൻ ശരനിമിഷത്തിൽ നിജലിംഗപ്പ അവസരമൊരുക്കുകയായിരുന്നു.
പൂർണ ഉത്തരവാദിത്വത്തോടെയും മനുഷ്യത്വപരമായ സമീപനത്തോടെയും കൃത്യനിർവഹണം നടത്തിയ നിജലിംഗപ്പയെ ബംഗളൂരു ഈസ്​റ്റ്​ ട്രാഫിക്​ ഡിവിഷൻ ഡെപ്യൂട്ടി കമീഷണർ അഭയ്​ ഗോയൽ അഭിനന്ദിച്ചു. നിജലിംഗപ്പയുടെ പ്രവൃത്തി അഭിനന്ദനാർഹമാണെന്ന്​ പൊലീസ്​ കമീഷണർ പ്രവീൺ സൂധും ട്വിറ്ററില്‍ കുറിച്ചു.