രാഷ്ട്രപതി തിരഞ്ഞെടുപ്പ് : ദലിത് സ്ഥാനാർഥിയെ തേടി കോൺഗ്രസ്

0
68

ബിജെപിയുടെ ദളിത്‌   രാഷ്ട്രപതി സ്ഥാനാര്‍ഥിയെ ദളിത്‌ കാര്‍ഡ് ഇറക്കി വെട്ടാന്‍ കോണ്ഗ്രസ് നീക്കം ആരംഭിച്ചു. കൂടുതല്‍ സ്വീകാര്യത ഉള്ള ദളിത്‌ സ്ഥാനാര്‍ഥിയോ മികച്ച പ്രതിച്ഛായയുള്ള സ്ഥാനാർഥിയെയോ കണ്ടെത്തിയില്ലെങ്കില്‍ പ്രതിപക്ഷ വോട്ടുകള്‍ ഭിന്നിക്കും എന്നറിയാവുന്നത് കൊണ്ട് കരുതലോടെ ആകും കോണ്ഗ്രസ് നീക്കം. മുൻ ഗവർണറും മഹാത്മാഗാന്ധിയുടെ കൊച്ചുമകനുമായ ഗോപാൽകൃഷ്ണ ഗാന്ധിയുടെ പേരു നേരത്തെ മുതൽ പരിഗണയിലുണ്ടെങ്കിലും ബിജെപി ദലിത് സ്ഥാനാർഥിയെ പ്രഖ്യാപിച്ചതോടെ അദ്ദേഹത്തിന്റെ സാധ്യത മങ്ങി.

ബദലായി ദലിത് സ്ഥാനാർഥിയെ തന്നെ അവതരിപ്പിക്കാനാണു ധാരണയെങ്കിൽ ഭരണഘടനാ ശിൽപി ബി.ആർ. അംബേദ്കറുടെ കൊച്ചുമകൻ പ്രകാശ് അംബേദ്കർ, മുൻ ലോക്‌സഭാ സ്പീക്കറും ജഗ്ജീവൻ റാമിന്റെ മകളുമായ മീരാകുമാർ എന്നിവർക്കാണു സാധ്യത. ഒപ്പം മുൻ കേന്ദ്രമന്ത്രി സുശീൽകുമാർ ഷിൻഡെയുടെ പേരും പറഞ്ഞു കേൾക്കുന്നുണ്ട്. ദലിത് വിഭാഗക്കാരനും മറാഠിയുമായ സുശീൽകുമാറിനെ ശിവസേന പിന്തുണയ്ക്കുമെന്ന പ്രതീക്ഷയും പ്രതിപക്ഷത്തിനുണ്ട്.

മറ്റു പാർട്ടികളോടുംകൂടി ചർച്ച ചെയ്തതിനുശേഷം മാത്രമേ ഇക്കാര്യത്തിൽ തീരുമാനമെടുക്കൂ. ദലിത് സ്ഥാനാർഥിയില്ലെങ്കിൽ ബിജെപിയെ പിന്തുണയ്ക്കുമെന്ന് ബിഎസ്പി നേതാവ് മായാവതി വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ എസ്പി (മുലായം), ബിജു ജനതാദൾ എന്നീ പാർട്ടികളും റാം നാഥ് കോവിന്ദിനെ പിന്തുണയ്ക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഉത്തർപ്രദേശിൽനിന്നുള്ള ദലിത് സ്ഥാനാർഥിയെ പിന്തുണയ്ക്കാതിരിക്കാൻ യുപി നേതാക്കൾക്കും സാധിച്ചേക്കില്ല.