ലാലുവിനു 175 കോടിയുടെ ബിനാമി സ്വത്തെന്ന് ഇന്‍കംടാക്‌സ്

0
81

ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയും ആര്‍.ജെ.ഡി നേതാവുമായ ലാലുപ്രസാദ് യാദവിന്റെ അനധികൃത സ്വത്തുവകകളുടെ പട്ടിക പുറത്തു വിട്ട് ആദായനികുതി വകുപ്പ്. കുടുംബത്തിന്റെ 12 ഇടങ്ങളിലുള്ള സ്വത്തിന്റെ വിവരങ്ങളാണ് ഇത്. 175 കോടി രൂപയാണ് ഈ വസ്തുവകകളുടെ മൊത്തം വിപണിവില. എന്നാല്‍ 9.32 കോടി മാത്രമായാണ് രേഖകളില്‍ കാണിച്ചിരിക്കുന്നത്.

പട്‌ന, ഡല്‍ഹി എന്നിവിടങ്ങളിലുള്ള വസ്തുക്കളുടെ വിവരങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. ലാലുപ്രസാദിന്റെ കുടുംബാംഗങ്ങളാണ് ഇവയുടെ യഥാര്‍ഥ ഉടമകളെങ്കിലും സ്വത്തുവകകളെല്ലാം ബിനാമികളുടെ പേരിലാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. വിജ്വസാനിള്ള ഫാംഹൗസ്, ന്യൂ ഫ്രണ്ട്സ് കോളനിയിലെ ബംഗ്ലാവ് തുടങ്ങിയവയെല്ലാം പട്ടികയിലുണ്ട്.

മിഷേല്‍ പാക്കേഴ്സ് ആന്‍ഡ് പ്രിന്റേഴ്സ് എന്ന കമ്പനിയുടെ പേരിലാണ് വിജ്വസാനിള്ള ഫാംഹൗസ് എങ്കിലും ഇതിന്റെ യഥാര്‍ഥ ഉടമകള്‍ ലാലുവിന്റെ മകള്‍ മിഷ ഭാരതിയും ഭര്‍ത്താവ് ശൈലേഷ് കുമാറുമാണ്. ബംഗ്ലാവ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് എ.ബി എക്സ്പോര്‍ട്ടേഴ്സ് എന്ന കമ്പനിയുടെ പേരിലാണ്. ഇതിന്റെ യഥാര്‍ഥ ഉടമ ലാലുവിന്റെ മക്കളായ തേജസ്വി യാദവ്, ചന്ദ യാദവ്, രാഗിണി യാദവ് എന്നിവരാണ്.

അതേസമയം തന്റെ കുടുംബത്തെ കരിവാരിത്തേക്കുന്നതിനുള്ള രാഷ്ട്രീയ ഗൂഢാലോചനയാണ് നടക്കുന്നതെന്നും ആദായനികുതി വകുപ്പിന്റെ ഭാഗത്തുനിന്ന് ഇത്തരത്തില്‍ ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നും ലാലുവിന്റെ മകനും ബിഹാര്‍ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ് പറഞ്ഞു.