ശിവസേനയുടെ പിന്തുണ കോവിന്ദിന്

0
109

എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർഥി റാംനാഥ്കോവിന്ദിനെ പിന്തുണയ്ക്കുമെന്നു ശിവസേന. ഉന്നതതല യോഗത്തിനു ശേഷം പാർട്ടി അധ്യക്ഷൻ ഉദ്ധവ് താക്കറെയാണ് ഇക്കാര്യം അറിയിച്ചത്. ദലിത് വിരുദ്ധ പ്രതിഛായ ഉണ്ടാകാതിരിക്കാനാണു കോവിന്ദിനെ പിന്തുണയ്ക്കാൻ ശിവസേന തീരുമാനമെടുത്തത്.

വോട്ട് ബാങ്ക് രാഷ്ട്രീയത്തിനായി ആരെങ്കിലും ദലിത് വിഭാഗത്തിൽ നിന്നുള്ളയാളെ രാഷ്ട്രപതിയാക്കിയാൽ തങ്ങൾ അവർക്കൊപ്പമുണ്ടാകില്ലെന്നു ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറെ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. അത് ഒരു രാഷ്ട്രീയ പാർട്ടിക്കു മാത്രമേ ഗുണം ചെയ്യുകയുള്ളൂ. രാജ്യത്തെ പിന്നോട്ടടിക്കും. അതേസമയം, രാജ്യത്തിന്റെ വികസനം ലക്ഷ്യമിട്ടാണ് അതെങ്കിൽ പിന്തുണയ്ക്കും എന്നായിരുന്നു ഉദ്ധവിന്റെ വാക്കുകൾ. രാഷ്ട്രപതി തിരഞ്ഞെടുപ്പിലെ നിലപാട് തീരുമാനിക്കാൻ ഇന്നുചേർന്ന പാർട്ടി ഉന്നതതല യോഗത്തിലാണു നേരത്തെ പറഞ്ഞ വാക്കുകൾ പാർട്ടി മയപ്പെടുത്തിയത്.

റാംനാഥ് കോവിന്ദിനെ സ്ഥാനാർഥിയായി നിശ്ചയിച്ച ശേഷമാണ് ഉദ്ധവിനെ ബിജെപി അധ്യക്ഷൻ അമിത് ഷാ ഇക്കാര്യം അറിയിച്ചതെന്നു മുതിർന്ന ശിവസേനാ നേതാവും രാജ്യസഭാംഗവുമായ സഞ്ജയ് റാവുത്ത് പറഞ്ഞിരുന്നു. പിന്തുണ തേടി അമിത് ഷാ ഞായറാഴ്ച ഉദ്ധവിനെ ബാന്ദ്രയിലെ വസതിയിൽ പോയി കണ്ടിരുന്നു. സ്ഥാനാർഥിയെ അറിഞ്ഞശേഷം തീരുമാനം അറിയിക്കാമെന്നായിരുന്നു മറുപടി. പിറ്റേന്നു സൂചനപോലും നൽകാതെ സ്ഥാനാർഥിയെ പ്രഖ്യാപിച്ചതിലുള്ള നീരസം പാർട്ടി പ്രകടിപ്പിച്ചിരുന്നു.

എൻഡിഎയിലെ രണ്ടാമത്തെ വലിയ കക്ഷിയായ ശിവസേനയ്ക്കു മഹാരാഷ്ട്രയിൽ 63 എംഎൽഎമാരും 18 ലോക്‌സഭാ എംപിമാരും മൂന്നു രാജ്യസഭാംഗങ്ങളുമാണുള്ളത്. കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പുകളിൽ യുപിഎ സ്ഥാനാർഥികളായ പ്രതിഭ പാട്ടീലിനെയും പ്രണബ് മുഖർജിയെയുമാണു സേന പിന്തുണച്ചത്.